• Latest News

  ആനയെ അറിയാന്‍ 500 ആനക്കാര്യങ്ങള്‍

  ഡോ. പി വി മോഹനന്‍
  ആകാരം കൊണ്ടും ജീവിത രീതി കൊണ്ടും മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ആന മനുഷ്യനെ എന്നും വിസ്മയിപ്പിക്കുന്നു. ആനയെക്കുറിച്ച് അറിയേണ്ടതെല്ലാം സമഗ്രമായി ഈ കൃതിയില്‍ പ്രതിപാദിക്കപ്പെടുന്നു. വായനക്കാര്‍ക്കും ആനപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നു ഈ പുസ്തകം.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  ആന പിടിത്തത്തിന്റെ ചരിത്രം എന്താണ്?
  5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിന്ധുനദീതട നിവാസികള്‍ ആനയെ ഇണക്കി വളര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആനകളെ രാത്രിയില്‍ തീവെട്ടി, പന്തം എന്നിവ ഉപയോഗിച്ച് ഭയപ്പെടുത്തിയോടിച്ച് കുഴിയില്‍ വീഴ്ത്തി പിടിച്ചിരുന്നതായി രാമായണത്തിലുണ്ട്. ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയും രാജ്യതന്ത്രജ്ഞനുമായിരുന്ന കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ എട്ട് ഗജവനങ്ങളെക്കുറിച്ചും ആന പിടുത്തം, പരിശീലനം, പരിപാലനം, ആനകളുടെ തരംതിരിവ്, യുദ്ധത്തില്‍ ഉപയോഗപ്പെടുത്തല്‍ എന്നിവയെ സംബന്ധിച്ച് പരാമര്‍ശമുണ്ട്.
  പാലക്യ മഹര്‍ഷിയുടെ ഹസ്ത്യായുര്‍വേദം എന്ന ഗജശാസ്ത്രഗ്രന്ധത്തില്‍ അംഗരാജ്യം ഭരിച്ചിരുന്ന ചെമ്പാപുരിയിലെ രാജാവ് ആനകളെ പിടിച്ചു മെരുക്കി നാട്ടാനകളാക്കിയതായി രേഖകളുണ്ട്. രാജ്യത്തുള്ള കൃഷിനാശം വരുത്തിയ ആനകളെയായിരുന്നു പ്രജകളുടെ ആവശ്യപ്രകാരം പിടിച്ചിരുന്നത്.
  ക്രിസ്താബ്ദം നാലാം ശതകത്തില്‍ മഗധയിലെ നന്ദരാജാവ് സൈന്യത്തിലേക്കായി ധാരാളം ആനകളെ പിടിക്കുകയുണ്ടായി. നന്ദാസൈന്യത്തില്‍ 6000 ആനകള്‍ ഉണ്ടായിരുന്നുവത്രെ. വടക്കെ ഇന്ത്യയിലെ ഖൈദ്ദ സമ്പ്രദായത്തിലുള്ള ആന പിടുത്തത്തെപ്പറ്റി മെഗസ്തനീസും രേഖപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്ക മിഷനറിയായിരുന്ന ജോര്‍ഡാനൂസ് 1321-ലും 1324-ലും കേരളം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹവും ആന പിടുത്തത്തെ സംബന്ധിച്ച് വിവരിക്കുന്നുണ്ട്. പരിചയം സിദ്ധിച്ച പെണ്ണാനകളെ കാട്ടില്‍വിട്ട് കൊമ്പനാനകളെ ആകര്‍ഷിച്ച് കെണിയില്‍ വീഴ്ത്തി പിടിച്ചു മെരുക്കി പാപ്പാന്‍മാരുടെ ആജ്ഞാനുവര്‍ത്തികളാക്കി മാറ്റുന്നതിനെക്കുറിച്ച് എ ഡി 1662, 1663 വര്‍ഷങ്ങളില്‍ ഫ്രാന്‍സില്‍ നിന്നെത്തിയ ടാവണിയര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഘ സാഹിത്യത്തിലെ കുറുഞ്ചിപാട്ടുകളില്‍ കാട്ടാനകളെ വാരിക്കുഴികളില്‍ വീഴിച്ച് അവയെ കുറവന്‍മാര്‍ ചട്ടം പഠിപ്പിച്ചിരുന്നതായി പ്രതിപാദിച്ചിട്ടുണ്ട്. മൈസൂര്‍ രാജാവായിരുന്ന ഹൈദരാലി 7-ാം നൂറ്റാണ്ടില്‍ ഖെദ്ദ സമ്പ്രദായത്തില്‍ ആനകളെ പിടിച്ചിരുന്നു. മൈസൂരില്‍ 1875-ല്‍ കാട്ടാനകളെ ഈ സമ്പ്രദായത്തില്‍ പിടിച്ചിരുന്നതായി ഇംഗ്ലണ്ടുകാരനായ ജി പി സാന്‍ഡേര്‍സണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
  കറുപ്പ് മുതലായ മയക്കുമരുന്നുകള്‍ ഭക്ഷണത്തില്‍ വച്ചു നല്‍കി മയക്കിയും പിടിയാനകളില്‍ കൊമ്പനാനകളെ ആകൃഷ്ടരാക്കി കൊണ്ടുവന്ന് കുരുക്കിട്ട് പിടിക്കുന്ന സമ്പ്രദായവും പുരാതന കാലത്തുണ്ടായിരുന്നു. ഖെദ്ദ, വാരിക്കുഴി, മേളശിക്കാര്‍ എന്നീ സമ്പ്രദായത്തിലൂടെയായിരുന്നു ആനകളെ പിടിച്ചിരുന്നത്.
  കുഴിയില്‍ വീഴ്ത്തിയുള്ള ആനപിടുത്തം 1810-ല്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നതായി രേഖകളുണ്ട്. പെരുകിക്കൊണ്ടിരിക്കുന്ന ആനകള്‍ കൃഷി നശിപ്പിക്കുന്നതിനാല്‍ അവയെ കുഴിയില്‍ വീഴ്ത്തിപ്പിടിച്ച് നാട്ടാനകളാക്കുന്നതിന് പാരിതോഷികം നല്‍കിയിരുന്നു.
  1810-ല്‍ കോന്നിയിലെ കല്ലാറിന്റെ തീരത്തുള്ള മുണ്ടവന്‍ മൂഴിയിലും നടവത്തുമൂഴി റെയ്ഞ്ചിലെ അച്ചന്‍കോവിലാറിന്റെ തീരത്തുള്ള തുറ, മണ്ണാരപ്പാറ എന്നീ സ്ഥലങ്ങളിലും വാരിക്കുഴിയില്‍ വീഴ്ത്തി ആനകളെ പിടിച്ചിരുന്നു. സ്വകാര്യവ്യക്തികളെയും ആനകളെ പിടിച്ച് സ്വന്തമാക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കുഴി ഒന്നിന് നേരായ നികുതി സര്‍ക്കാരില്‍ നല്‍കിയാല്‍ മതിയായിരുന്നു.
  • Blogger Comments
  • Facebook Comments
  Item Reviewed: ആനയെ അറിയാന്‍ 500 ആനക്കാര്യങ്ങള്‍ Rating: 5 Reviewed By: Unknown
  Scroll to Top