• Latest News

  അറിയപ്പെടാത്ത ഇ എം എസ്

  പുസ്തക പരിചയം- അറിയപ്പെടാത്ത ഇ എം എസ്
  അപ്പുക്കുട്ടൻ വള്ളിക്കുന്നെഴുതിയ പുസ്തകത്തിന്റെ നാലാം പതിപ്പ്, കൈരളി ബുക്സ് പ്രസിദ്ധീകരിച്ചത്.
  എം എൻ വിജയൻ എഴുതിയ ആമുഖം 
  ഇതൊരു പുതിയ പുസ്തകമല്ല. പുതിയ കാലത്തിന്റെ വായനയും പഴയ കാലത്തിന്റെ വെല്ലുവിളിയുമാണ്. പി ജിയുടെ അവതാരികയോടു കൂടി “അറിയപ്പെടാത്ത ഇ എം എസ്” പുറത്തുവന്നതിന് ശേഷം ലോകത്തില്‍ ഒരു തലമുറകൂടി ജനിച്ചു വളര്‍ന്നിരിക്കുന്നു. അന്ന് ഒരു പോരാളിയും വഴികാട്ടിയും ആയിരുന്ന ഇ എം എസ് ഇന്ന് നമ്മുടെ അലസതയെ അസ്വസ്ഥമാക്കുന്ന ഓര്‍മ്മ മാത്രമാണ്. ജീവിതം കൊണ്ട് എന്തു ചെയ്യണം എന്ന ചോദ്യത്തിന് നവോത്ഥാനപ്പുലരിയില്‍ കിട്ടിയിരുന്ന ഉത്തരങ്ങളല്ല ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. നിങ്ങളുടെ ജീവചരിത്രങ്ങള്‍ ഇപ്പോള്‍ ചരിത്രമായി രൂപപ്പെടുന്നില്ല. വിശപ്പും കൂരിരുട്ടും നല്ല നാളെ എന്ന സ്വപ്‌നത്തിന് പിറവി കൊടുക്കുന്നില്ല. വെളിച്ചത്തിലേക്ക് തുറക്കുന്ന ഒരു വാതിലായി മാറിയ കഴിഞ്ഞ കാലത്തിന്റെ ചിത്രമാണ് അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന്റെ ഈ രേഖ.
  നിയമങ്ങള്‍ ലംഘിക്കാനുള്ളതാണെന്നും നേട്ടങ്ങളെല്ലാം കൊടുക്കുന്നതിലാണെന്നും കരുതുന്ന മറ്റു മൂല്യങ്ങളുടെ പരിചയം ഈ ഭൂപടത്തില്‍ നിന്നു ലഭിക്കും. ചോദ്യങ്ങളില്‍ നിന്നും സംശയങ്ങളില്‍ നിന്നും രൂപപ്പെടുന്ന സ്വത്വങ്ങള്‍. പ്രവര്‍ത്തിച്ചുകൊണ്ടും പ്രതികരിച്ചുകൊണ്ടും മുന്നേറുന്നതാണ് വിശ്രമം എന്നു കരുതുന്നവരുടെ കാലം. ‘ചരിത്രം അപ്പോള്‍ കടലുപോലെയാണ്, കായലുപോലെയല്ല.’
  ജീവിതത്തിന്റെ ഈ അപാര പാഠമാണ് അപ്പുക്കുട്ടന്റെ പുസ്തകം തന്നുകൊണ്ടിരിക്കുന്നത്.
  ഇതിലെ സംഭവങ്ങളും വാക്യങ്ങളും നമ്മുടെ ജീവിതത്തെ പരിഹസിക്കുന്നു. അനുഭവത്തിന്റെ ഘനമാനങ്ങള്‍ നാം പരിചയിക്കുന്നതിലും എത്ര വലുതാണ് എന്നു ബോധ്യപ്പെടുത്തുന്നു. നാം ഒരു കൊടുങ്കാറ്റും സൃഷ്ടിക്കുന്നില്ല. ഇളംകാറ്റില്‍ പാറിപ്പറക്കുക മാത്രമേ ചെയ്യുന്നൂള്ളൂ എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  ഭ്രഷ്ടന്‍
  ജയിലില്‍ പോയതിന്റെ പേരില്‍ ‘ഭ്രഷ്ട്’ ഇല്ലത്ത് ആരും കാണിച്ചില്ല. പ്രായ്ശ്ചിത്തം വേണമെന്ന ആവശ്യവും ഉയര്‍ന്നില്ല. കുറൂരും മോഴിക്കുന്നവും ജയിലില്‍ പോയപ്പോള്‍ ‘ഭ്രഷ്ട്’ എന്ന പിശാച് അവരുടെ ഇല്ലങ്ങളെ മാത്രമല്ല ചവിട്ടിക്കുലുക്കിയത്. സമുദായത്തിലാകെ ആ സംഭവം വലിയ വിവാദമായിരുന്നു.
  പ്രായ്ശ്ചിത്തം ചെയ്താല്‍ത്തന്നെ ‘ഭ്രഷ്ട്’ നീങ്ങി ശുദ്ധം തിരിച്ചുകിട്ടില്ലെന്ന തര്‍ക്കം കുറൂരിന്റെയും മോഴിക്കുന്നത്തിന്റെയും കാര്യത്തിലുണ്ടായിരുന്നു. ആ വാദത്തിന്റെ ഇരുതലയ്ക്കലുമാണ് പുരോഗമന-പിന്തിരിപ്പന്‍ ശക്തികള്‍ അന്നു ചേരിതിരിഞ്ഞു നിന്നത്.
  ജയിലില്‍ നിന്നു വന്ന ഇ എം എസും കുറൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാടും പ്രായ്ശ്ചിത്തം ചെയ്യാനേ പോയില്ല. എന്നിട്ടും സമുദായം ഇളകി മറിഞ്ഞില്ല. 1921-ലും 1933-നും ഇടയ്ക്ക് ഒഴുകിപ്പോയ വര്‍ഷങ്ങളിലൂടെ സമുദായത്തില്‍ വന്ന പരിവര്‍ത്തനത്തിന്റെ സൂചികയായിരുന്നു അത്.
  മാത്രവുമല്ല, പ്രായ്ശ്ചിത്തം ചെയ്യില്ലെന്ന ദൃഢനിശ്ചയവുമായാണ് ജയിലില്‍ നിന്ന് ഇ എം എസ് ഇല്ലത്തേക്ക് മടങ്ങിവരുന്നത്. ജയില്‍ ജീവിതം യാദൃശ്ചിക സംഭവമല്ല. ജീവിതം രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉഴിഞ്ഞുവെച്ചു കഴിഞ്ഞു. രാജ്യത്തിന്റെ മോചനത്തിനുള്ള ഒരു പോരാളിയുടെ ജീവിതം സ്വയം തെരഞ്ഞെടുത്തതാണ്, ബോധപൂര്‍വ്വം. ഇല്ലവും കുടുംബജീവിതവും നല്‍കുന്ന ശീതളച്ഛായയിലും മുന്നില്‍ സ്വാതന്ത്ര്യസമരത്തിന്റെ പോര്‍ക്കളമാണ്. ലാത്തിയും തോക്കും തിളങ്ങുന്ന ബയണറ്റുമുനകളുമാണ് തുറിച്ചുനോക്കുന്നത്. കൈച്ചങ്ങലകളുടെയും കാല്‍ച്ചങ്ങലകളുടെയും കിലുക്കമാണ് ചെവിയില്‍. ജയിലറകളുടെ ഇരുട്ടും അതിനുമപ്പുറം കഴുമരത്തിന്റെ ചിത്രവുേേമ പ്രതീക്ഷിക്കാനുള്ളൂ.
  ജീവിതത്തിന്റെ ഭാഗം മാത്രമാണ് ജയില്‍. പ്രഫ. എം പി പോള്‍ കോളേജ് മാസികയില്‍ എഴുതിയതുപോലെ ചക്രവര്‍ത്തി ‘തിരുമനസ്സിന്റെ അതിഥി’യായി എത്രയോ തവണ ഇനിയും ജയിലില്‍ പോകേണ്ടിവരും.
  അതുകൊണ്ട് വെല്ലൂര്‍ ജയിലില്‍ വെച്ചുതന്നെ ഉറപ്പിച്ചു.
  ഇല്ല, പ്രായ്ശ്ചിത്തം ചെയ്യില്ല. എന്തുവന്നാലും.
  തറവാട്ടില്‍ കാരണവസ്ഥാനം വഹിക്കുന്ന രാമേട്ടന്‍ പഴയ മാമൂലുകളുടെ കൂടെയാണ്. പക്ഷെ, ആ വല്യേട്ടന്‍ പോലും കുഞ്ചു പ്രായ്ശ്ചിത്ത്ം ചെയയ്ണമെന്നാവശ്യപ്പെടാന്‍ എന്തോ മുതിര്‍ന്നില്ല. വാത്സല്യത്തിന്റെ സ്വാധീനം വെച്ച് അമ്മ പോലും പറഞ്ഞില്ല. തിരുമാന്ധാംകുന്നിലേക്കും മറ്റു ക്ഷേത്രങ്ങളിലേക്കും വഴിപാട് കഴിച്ചും ഇല്ലത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേകം പൂജയും പ്രാര്‍ത്ഥനയും നടത്തിച്ചും അമ്മ മനസ്സില്‍ പ്രായ്ശ്ചിത്തം കണ്ടു തൃപ്തിപ്പെട്ടു.
  അതുകൊണ്ട് എല്ലാവരും ചേര്‍ന്നാണ് വന്ന അന്നുതന്നെ തിരുവോണം കൊണ്ടോടിയത്. തുടര്‍ന്നുള്ള ദിവസങ്ങളും പ്രത്യേകതയൊന്നുമില്ലാതെ കടന്നുപോയി. കുടുംബത്തുള്ളവരും അയല്‍ക്കാരുമൊക്കെ ഇടപഴകിയതും പെരുമാറിയതും പഴയമട്ടില്‍. കുടുംബക്കാരുടെയും ബന്ധുക്കളുടെയും മനസ്സില്‍ നിന്ന് ‘ഭ്രഷ്ടി’ന്റെ കയ്പ്പ് പോയന്നല്ല, പറഞ്ഞാല്‍ നടക്കില്ല. ഇ എം എസ് വകവയക്കുകയില്ല എന്ന ധാരണ കൊണ്ട് എതിര്‍പ്പും വെറുപ്പും മനസ്സില്‍ തളച്ചിടുകയായിരുന്നു ചിലര്‍.
  ഇതിന്റെ പ്രകടനം ക്രമേണ ഉണ്ടായി. അവിഞ്ഞിക്കാട് മനയ്ക്കല്‍ ഒരു പിറന്നാളാഘോഷം. ഇ എം എസിനെയും ക്ഷണിച്ചു. കയറിച്ചെന്നപ്പോള്‍ ഇല്ലത്തുനിന്ന് ഒരു അപ്ഫന്‍ നമ്പൂതിരി ഇറങ്ങിപ്പോയി. ‘ഭ്രഷ്ടന്‍ വരുമ്പോഴ് അവിടെ നില്‍ക്കുന്നതെങ്ങനെ? അദ്ദേഹത്തിന് സഹിച്ചില്ല.
  ചെറുപ്പക്കാര്‍ ക്ഷണിച്ചതായിരുന്നു. ഇ എം എസ് ചെന്നുകയറിയപ്പോള്‍ ചെറുപ്പക്കാരെല്ലാം ചേര്‍ന്ന് ആവേശകരമായി സ്വീകരിക്കുകയും ചെയ്തു. പക്ഷെ, അതിനിടയ്ക്ക് ഇല്ലത്തെ കാരണവരും പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. അക്കാര്യം ഇ എം എസ് അറിയുന്നതു തന്നെ ചടങ്ങെല്ലാം കഴിഞ്ഞ് മടങ്ങിപ്പോന്ന ശേഷമാണ്.
  • Blogger Comments
  • Facebook Comments
  Item Reviewed: അറിയപ്പെടാത്ത ഇ എം എസ് Rating: 5 Reviewed By: Unknown
  Scroll to Top