• Latest News

  ഒളിഞ്ഞുനോട്ടം

  പുസ്തക പരിചയം 
  ഒളിഞ്ഞുനോട്ടം – അനുശ്രീ എ
  ഞാന്‍ കളിപ്പാട്ടങ്ങള്‍ വാങ്ങിയത്
  കളിക്കാന്‍ വേണ്ടിയാണ്
  പക്ഷെ, നീ കളിപ്പാട്ടം വാങ്ങിയത്
  ചില്ലുകൂട്ടില്‍ വെക്കാനാണല്ലേ?
  തീര്‍ത്തും നിഷ്‌കളങ്കമായ ഭാഷയില്‍ അത്രയൊന്നും നിഷ്‌കളങ്കമല്ലാത്ത ഈ ചോദ്യ കവിത അനുശ്രീ എന്ന ഒമ്പതാം ക്ലാസ്സുകാരിയുടേതാണ്. കളിപ്പാട്ടം എന്നൊരു തലക്കെട്ടുകൂടിയായപ്പോള്‍ ചോദ്യം പൂര്‍ണ്ണം. അനുശ്രീയുടെ കവിതകളിലുടനീളം ഇതേ നിഷ്‌കളങ്കത നിറഞ്ഞു നില്‍ക്കുന്നു. പലപ്പോഴും അത് വ്യവസ്ഥിതിക്കും നിസ്സംഗതക്കുമെതിരെ വിമര്‍ശനമോ പരിഹാസമോ ഒക്കെയായി മാറുന്നുമുണ്ട്.
  ഒളിഞ്ഞുനോട്ടം എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു കവിത നോക്കൂ..
  ഞാന്‍ നിന്നോട്
  ഇഷ്ടമാണോയെന്ന്്
  ചോദിച്ചപ്പോള്‍
  ഇഷ്ടമല്ലെന്നോതിയിട്ട്
  പിന്നെന്തിനാണെന്നെ നീ
  ഇടയ്ക്കിടെ, ആരും കാണാതെ
  ഒളിഞ്ഞു നോക്കുന്നത്?
  നിഷ്‌കളങ്കത വല്ലപ്പോഴുമെങ്കിലും പൊള്ളിക്കാറുണ്ടെന്ന് ‘ഒളിഞ്ഞുനോട്ടം’ ഓര്‍മ്മപ്പെടുത്തുന്നു.
  മനസ്സിന്റെ ചില്ലുകൂട്ടില്‍ നിധിപോലെ സൂക്ഷിക്കേണ്ടുന്ന കുഞ്ഞു ശരീരങ്ങള്‍ ചില്ലുകുപ്പികളിലെ ദ്രാവകത്തില്‍ മുങ്ങിക്കിടക്കുന്നത് കാണുമ്പോള്‍ ശാസ്ത്രകൗതുകത്തിനപ്പുറം നീറുന്ന ഒരു മനസ്സ് സയന്‍സ് എക്‌സിബിഷന്‍ എന്ന കവിതയില്‍ കാണാം.
  ഒരു പതിനാലു വയസ്സുകാരിയുടെ ജീവിതവീക്ഷണങ്ങള്‍ക്കപ്പുറം കടന്നു ചെല്ലുന്ന കവിതയാണ് ‘കലണ്ടര്‍’. ഉപയോഗശൂന്യമായ ചവറുകള്‍ക്കിടയില്‍ എന്തൊക്കെയെന്ന് തിരയേണ്ടി വരുന്ന കാലാതീതമായ അക്ഷരത്തെറ്റുകള്‍ എഴുത്തുകാരി ഇതില്‍ കണ്ടെടുക്കുന്നു.
  വെളിച്ചത്തില്‍ തപ്പിത്തടഞ്ഞ് വീഴാനായുന്ന ‘ഇരുട്ടിനും വെളിച്ചത്തിനുമിടയിലൂടെ’, ഓരോ ചരമദിനത്തിലും ആകാശത്തുനിന്നും കേള്‍ക്കുന്ന വിലാപത്തെ ചൊല്ലിയുള്ള ‘അടയാളം’, പിച്ചിച്ചീന്തിയെറിയപ്പെടുന്ന പെണ്ണുടലുകള്‍ക്കായി എഴുതപ്പെട്ട ‘നീതി’… സമാഹാരത്തിലെ ശ്രദ്ധേയമായ രചനകള്‍ നീളുന്നു.
  രക്തം വാര്‍ന്നു പോയി വിളറിക്കിടക്കുന്ന ഭൂമിയെ വരച്ചുകാട്ടുന്ന ‘ജല’വും, കണ്ണീരുപോലുള്ള ജലത്തെ ഓര്‍ത്തെടുക്കുന്ന ‘പുഴ’യും പാരിസ്ഥിതികാവബോധത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്.
  ക്ഷേത്രപ്രവേശനം, സ്ത്രീ സംവരണം, തുല്യത എന്നിങ്ങനെ നീളുന്ന വര്‍ത്തമാന കാല മുറവിളികള്‍ക്കിടയില്‍ തീര്‍ത്തും അരക്ഷികതമായിപ്പോവുന്ന പെണ്ണിടങ്ങളെച്ചൊല്ലിയുള്ള ആകുലതയാണ് നീതിയെന്ന കവിതയില്‍ കാണാന്‍ കഴിയുക. ഒരു ജിഷയില്‍ മാത്രമൊതുങ്ങാതെ ഇരകളുടെ കണ്ണികള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത് അനുശ്രീ ഈ കവിതയില്‍ എഴുതിച്ചേര്‍ക്കുന്നത് ആത്മരോഷത്തില്‍ മുക്കിയ മഷി കൊണ്ടാണ്. കാലിക പ്രാധാന്യം കൊണ്ടും അവതരണരീതി കൊണ്ടും ശ്രദ്ധേയമായ രചനയാണ് ‘നീതി’.
  എഴുതി വെക്കപ്പെടുന്നതൊക്കെയും പ്രായഭേദമന്യേ അച്ചടിമഷി പുരണ്ടുകാണാന്‍ ഏറെ സാധ്യതകളുള്ള കാലത്ത് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കവിതാപുസ്തകം അത്ഭുതമോ സംഭവമോഅല്ലാതെ പോകുമ്പോഴും, പ്രായത്തിനതീതമായ കാഴ്ചപ്പാടുകളും വ്യത്യസ്തമായ അവതരണരീതിയും അനുശ്രീയെ വേറിട്ടു നിര്‍ത്തുന്നു. കണ്‍മുന്നില്‍ കാണുന്നതും നടവഴിയില്‍ ഒപ്പം വരുന്നതും സ്‌കൂള്‍ ബാഗിനൊപ്പം ചേര്‍ത്തു പിടിക്കുകയും നിശബ്ദമായ ഒരു പ്രാര്‍ത്ഥന പോലെ അവയൊക്കെയും കടലാസിലേക്ക് ചെറുതായി ചൊരിഞ്ഞുടുകയും ചെയ്തുകൊണ്ട് സ്വയം വെട്ടിത്തുറന്ന കവിതയുടെ വഴിയില്‍ അനുശ്രീ തനിച്ച് സഞ്ചരിക്കുന്നു. ഈ ഒറ്റനടത്തങ്ങള്‍ക്കിടയിലേക്ക് ഇലമഴപോലെ ചിലതൊക്കെ വീഴുന്നുണ്ട്. കിളിയും പൂവും പൂമ്പാറ്റയും പുഴയും കുന്നും മരങ്ങളും സഞ്ചാരിയെ തഴുകി കടന്നുപോവുന്നുണ്ട്. അവയൊക്കെയും പക്ഷെ, കവിതയുടെ ധ്യാനനിമിഷങ്ങളില്‍ മറ്റെന്തൊക്കെയോ ആയി പരിണമിക്കുന്നുമുണ്ട്.
  മലയാള കവിതയുടെ അനന്തമായ ആകാശത്ത് അനുശ്രീ എന്ന എഴുത്തുകാരി ഇനിയും വരയ്ക്കാനുണ്ട് മേഘശകലങ്ങളെ. വൃഥയും, വിരഹവും, പ്രതീക്ഷയും, പ്രതിഷേഴും ചാലിച്ചെഴുതിയ, കാലത്തിന് നേര്‍ക്ക് ചൂണ്ടുന്ന ചോദ്യകവിതകളെ.
  പുസ്തകത്തിലെ കവിതകള്‍
  ഇല്ലായ്മകള്‍
  എനിക്ക് മണ്ണില്‍ ഓടിച്ചാടി നടക്കണം.
  കാലുകള്‍ വെള്ളത്തിലിട്ടടിക്കണം.
  പക്ഷെ, അതിനിവിടെ മണ്ണും പുഴയുമില്ലല്ലോ!
  എനിക്ക് പൂവുകളെ തലോടണം.
  തൂലിക പിടിച്ചെഴുതണം.
  പക്ഷെ, അതിനെനിക്ക് കയ്യില്ലല്ലോ!
  എനിക്ക് പൂന്തേന്‍ നുകരണം.
  മാനത്തൂടെ പാറിപ്പറക്കണം.
  പക്ഷെ, അതിനെനിക്ക് ചിറകുകളില്ലല്ലോ!
  എനിക്ക് മനസ്സു തുറന്ന് കരയണം.
  മനസ്സു തുറന്ന് ചിരിക്കണം.
  പക്ഷെ, അതിനെനിക്ക് ഹൃദയമില്ലല്ലോ!

  മരണത്തിന്റെ മഴമേളം
  ഇടവമാസത്തിലന്നെന്നാണെന്നറിയില്ല
  ഇടറുന്ന മനവുമായ് ഞാനിരുന്നു.
  ഈറന്‍ ശീലക്കുടകളവിടെ
  ഇല്ലത്തെ മുറ്റം നിറച്ചിരുന്നു.
  കറുപ്പിലിതാര്‍ദ്രമായ് മാറി മുറ്റം
  കരയുന്ന മുഖവുമായ് ഞാനിരുന്നു.
  കയറുന്നു, പറയുന്നു, ചിലര്‍ പടിവാതില്‍ നില്‍ക്കുന്നു
  പരിതപിച്ചവിടെ ഇരിക്കുന്നു.
  കറുപ്പിന്റെ നിറം അതില്‍ വെളുപ്പിന്റെ
  ശീലയില്‍ കിടക്കുന്നു എന്നാരോ ഒരാള്‍.
  അറിയില്ല, കണ്ടില്ല, നോക്കിയില്ല.
  മഴതന്‍ മദ്ദളം തുടികൊട്ടിയാടുന്നു.
  എന്റെ ഹൃദയം അതിലുരുകുന്നു.
  ഈറനണിയുന്ന കണ്ണുകളില്‍,
  വിതുമ്പിയുയരുന്ന ചുണ്ടുകളില്‍,
  ഉരുകിത്തീരുന്ന ഹൃദയങ്ങളില്‍,
  മഴ തന്റെ നൃത്തം ചവിട്ടുന്നു.
  എന്തിനോ വേണ്ടി ജീവിച്ച ജന്‍മം
  ആര്‍ക്കോ വേണ്ടി മരിക്കുന്നുവോ?
  മഴയെന്‍ വാതില്‍ക്കല്‍ നിന്നട്ടഹസിക്കുമ്പോള്‍
  കൂട്ടിനവരും പോയെന്ന് തോന്നുന്നു.
  വെള്ളശീലത്തുണി മാറ്റുമ്പോള്‍ കണ്ടു
  ഞാനാമുഖം ഒന്നുകൂടി.
  പരിചയമുണ്ടെന്നാലും അറിയില്ല
  എവിടെയോ കണ്ടൊരു ഓര്‍മ മാത്രം.
  സ്വപ്‌നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നപോല്‍
  ഓര്‍ത്തു ആ മുഖം ഒന്നുകൂടി.
  താങ്ങുവാനാകാതിരുന്നു പോയി
  താങ്ങാതെ വയ്യെന്നൊര്‍ത്തു പോയി.
  മഴയുടെ കിങ്ങിണി കാലൊച്ചകള്‍
  കേട്ടു, ഞാനറിയാതുറക്കമായി.
  ഉണരുന്നു വീണ്ടും ഞാന്‍ ഏതോ
  ഉറക്കത്തില്‍ നിന്നുണരാതുണരുന്നുവെന്നു തോന്നി.
  അറിയുന്നു ഞാനാ ഉണരാത്ത മുഖത്തെ
  എല്ലാം മറന്നുകൊണ്ടിരിക്കുന്നു.
  നഷ്ടപ്പെട്ടുപോയെങ്കിലും കഷ്ടത
  ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവോ?
  ആ കണ്ണീരു തോര്‍ന്നില്ലയെങ്കിലും
  ആ മഴയന്നു തന്നെ തോര്‍ന്നുപോയി
  ഇടവമാസത്തിലന്നെന്നാണെന്നറിയില്ല
  ഇടറുന്ന മനവുമായ് ഞാനിരുന്നു.
  • Blogger Comments
  • Facebook Comments
  Item Reviewed: ഒളിഞ്ഞുനോട്ടം Rating: 5 Reviewed By: Unknown
  Scroll to Top