• Latest News

  ദൈവമരത്തിലെ ഇല

  പുസ്തക പരിചയം
  ദൈവമരത്തിലെ ഇല – രാജീവ് ശിവശങ്കർ
  ജിസാ ജോസ് എഴുതുന്നു
  കഥ കേവലം ജീവിതാവിഷ്‌കാരം മാത്രമല്ല, ജീവിതത്തിലെ അസാധാരണത്വങ്ങളെ അന്വേഷിക്കലും കണ്ടെത്തലും കൂടിയാണ്‌. ജൈവികവും തീവ്രസംവേദനക്ഷമവുമായ ചെറുകഥയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി, നവീനമായ അഭിരുചികളോടും ജീവിതത്തോടും കൃത്യമായും സൂക്ഷ്‌മമായും സംവദിക്കുന്ന കഥകളാണ്‌ രാജീവ്‌ ശിവശങ്കറിന്റെ ‘ദൈവമരത്തിലെ ഇല’ എന്ന സമാഹാരത്തിലുള്ളത്‌. ജീവിതത്തെ നിരന്തരം ഓര്‍മിപ്പിക്കുന്ന, ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുന്നത്‌ എന്നു തോന്നിപ്പിക്കുന്ന സവിശേഷ സന്ദര്‍ഭങ്ങളെ കൊത്തിയെടുത്തു മുമ്പിലവതരിപ്പിക്കുകയാണു കഥാകാരന്‍. അനായാസമായി, സ്വച്‌ഛമായി. അവിടെ സ്വത്വനഷ്‌ടത്തിന്റെ വേവലാതികളുണ്ട്‌. അപഹരണങ്ങളും അധിനിവേശങ്ങളുമുണ്ട്‌, മധ്യവര്‍ഗ ജീവിതത്തിന്റെ കപട സദാചാരനാട്യങ്ങളുണ്ട്‌, കാമവും രതിയും അധികാരതൃഷ്‌ണകളമുണ്ട്‌- ജീവിതത്തെ ജീവിതമാക്കുന്ന എല്ലാത്തിനെയും സൂക്ഷ്‌മമായി നിരീക്ഷിക്കാനും ഉപയോഗപ്പെടുത്താനും കഴിയുന്നുവെന്നതാണ്‌ ഈ കഥകളുടെ വ്യതിരിക്‌തത.
  താന്‍ ജീവിക്കുന്ന കാലഘട്ടത്തിലെ അറിവും അനുഭവങ്ങളുമാണ്‌ എഴുത്തുകാരന്റെ അസംസ്‌കൃത വസ്‌തുക്കള്‍. അനുഭവങ്ങളും അവയെ സ്വീകരിക്കുന്ന രീതിയും മാറിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തില്‍ കാലത്തിന്റെ/അനുഭവത്തിന്റെ നിരന്തര പുന:സൃഷ്‌ടികളാണ്‌ ഓരോ കഥയും പുതിയ ജീവിതാനുഭവങ്ങളുടെ തീവ്രത, അവയുടെ ആദര്‍ശവല്‍ക്കരിക്കപ്പെടാത്ത യഥാര്‍ത്ഥാവസ്‌ഥയില്‍ പകര്‍ത്തുന്നവയാണ്‌ രാജീവിന്റെ കഥകള്‍. സവിശേഷാനുഭവ മേഖലകളെ ആര്‍ഭാടങ്ങളില്ലാതെ ആഖ്യാനം ചെയ്‌തിരിക്കുന്നു. ജീവിത വ്യവഹാരങ്ങളിലെ പ്രകടമായ വ്യതിയാനങ്ങളെ തുറന്നു കാട്ടുന്ന കഥയാണു ബത്‌ലഹേമിലെ കാഴ്‌ചകള്‍ ലൈംഗികതയിലെ സനാതനമായ സാംസ്‌കാരിക സ്വത്വങ്ങളിലുള്ള ശൈഥില്യം പുതിയ സാമൂഹിക നിര്‍മ്മിതികകളുടെ നിര്‍മ്മമത്വവും മൂല്യരാഹിത്യവും എന്നിവ കഥയിലെ സൂചകങ്ങളാണ്‌. മകന്റെ കിടപ്പറക്കു പുറത്തുനിന്ന്‌ തുറന്നു കിടക്കുന്ന ജനലിലൂടെ മൊബൈല്‍ ഫോണില്‍ പടം പിടിക്കുന്ന മകന്‍ തന്നെ കണ്ടിരിക്കുമോ എന്നുപേടിക്കുന്ന മത്തായി മാഷ്‌, പുറത്ത്‌ ആരോ ഉണ്ടായിരുന്നു എന്നറിയുമ്പോള്‍ , അവന്റെ കൈയ്യില്‍ ഫോണോ ക്യാമറയോ ഉണ്ടെങ്കില്‍, നാളെ ഈ ചിത്രങ്ങള്‍ അവന്‍ യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്‌താല്‍, ഗള്‍ഫിലുള്ള ഭാര്യയോ വീട്ടുകാരോ ഇതുകണ്ടാല്‍ എന്നെല്ലാമോര്‍ത്തു ഭയചകിതനാവുന്ന റോയി. ഭാര്യയെ കൂട്ടാതെ ഒറ്റയ്‌ക്കു ഗള്‍ഫില്‍ നിന്നു വന്ന റോയിയുടെ കൂടെയുള്ളത്‌, ബത്‌ലഹേമിലെ അമ്മച്ചിക്കു സുഖമില്ലാത്തതുകൊണ്ട്‌ കൂട്ടുകിടക്കാന്‍ വന്ന സ്വന്തം ഭാര്യ ആലീസാണോ എന്നോര്‍ത്തു നടുങ്ങുന്ന കള്ളന്‍- മൂവരുടെയും ഭയാശങ്കകളില്‍ വര്‍ത്തമാനകാല ജീവിതത്തിന്റെ ധാര്‍മ്മിക പ്രതിസന്ധികളുടെ അടയാളപ്പെടുത്തലുകളുണ്ട്‌.
  ആഖ്യാനത്തിലെ പരസ്‌പരബന്ധിതമായ സങ്കീര്‍ണ്ണതകളും കുരുക്കുകളുമാണ്‌ ഈ സമാഹാരത്തിലെ മിക്കകഥകളുടെയും സവിശേഷത. അഴിക്കുംതോറും കൂടുതല്‍ മുറുകുന്നവ. വിശദാംശങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ടുള്ള വാചാലമായ ആഖ്യാനത്തിന്റെ അയവിനെ അനായാസം മറികടക്കുന്ന മുറുക്കം പ്രമേയതലത്തില്‍ കൊണ്ടുവരാന്‍ സാധിച്ചിരിക്കുന്നു. ഒരേസമയം വിരുദ്ധവും പരസ്‌പരപൂരകവുമായിരിക്കുന്ന ഈ സങ്കീര്‍ണ്ണതകളാണ്‌ കഥകളെ വിടവുകളില്ലാത്ത യുക്‌തി ഭദ്രമായ സമഗ്രതയിലേക്ക്‌ നയിക്കുന്നത്‌. ദൈവവിചാരം പോലുള്ള കഥകളില്‍ ഈ ശില്‍പ കൗശലം അപൂര്‍വസുന്ദരമായ വിതാനങ്ങളിലേക്കുയരുന്നു. സിനിമയുടെ ദൃശ്യാനുവര്‍ത്തനങ്ങളുടെ ശ്രേണിയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്ന കഥയാണ്‌ കൈലാസനാഥന്‍ ദൃശ്യബിംബങ്ങളെ സര്‍ഗാത്മകമായി കഥയിലേക്കു വിളക്കിച്ചേര്‍ക്കുന്ന പരീക്ഷണ സ്വഭാവമുള്ള ആഖ്യാനമാണു കൈലാസനാഥനെ വ്യത്യസ്‌തമാക്കുന്നത്‌. അപ്പന്റെ നിതാന്ത ശത്രുവിന്റെ മകനെ പ്രേമിച്ച്‌ അവനൊപ്പം ഒളിച്ചോടുന്ന സൂസന്‍. കൈലാസനാഥനൊപ്പം പോകുന്നെന്നു സന്ദേശമയച്ചിട്ടാണ്‌ അവളുടെ യാത്ര. പുരാണമാണെങ്കിലും മൊത്തം പ്രേമവും ഒളിച്ചോട്ടവും അമ്മായിയച്‌ഛനുമായിട്ടുള്ള യുദ്ധവുമൊക്കെയുള്ള കൈലാസനാഥന്‍ പരമ്പരയും നായകനായ സിക്‌സ് പാക്ക്‌ സുന്ദരന്‍ ശിവനും 90 വയസുള്ള അമ്മച്ചിയെയും കോളജുകുമാരിയായ സൂസനെയും ഒരുപോലെ വശീകരിക്കുന്നു. ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന ഈ കഥ ദൃശ്യങ്ങളുടെ അധീശത്വത്തെക്കുറിച്ചുള്ള ചിന്തകളുമുയര്‍ത്തുന്നു. ഭയാശങ്കകളില്‍ നിന്നുള്ള പ്രതിരോധമായി രൂപപ്പെടുത്തിയെടുക്കുന്ന ഇരുണ്ട ഹാസ്യത്തിന്റെ സ്‌പര്‍ശവും ക്രൂരഫലിതങ്ങളും കഥകളെ അതി വൈകാരിതയില്‍ നിന്നു വിമുക്‌തമാക്കുന്നു.
  സദാ പരിണാമിയായ അനുഭവ പരിസരങ്ങളോടുള്ള ഏറ്റവും സര്‍ണ്മാത്മകമായ പ്രതികരണങ്ങളാണു രാജീവ്‌ ശിവശങ്കറിന്റെ കഥകള്‍. വൈവിധ്യമാര്‍ന്ന ആഖ്യനങ്ങളിലൂടെ, ദൃശ്യരചനകളിലൂടെ, ചടുല സന്നിവേശങ്ങളിലൂടെ സമകാല ജീവിതസങ്കീര്‍ണ്ണതകളെ പിന്തുടരുന്നു അവ.

  പുസ്തകത്തിലെ ഒരു കഥ 
  ദൈവ വിചാരം
  ഉഷഃപൂജ കഴിഞ്ഞ് നടയടച്ചപ്പോള്‍, ദൈവം പതിവുപോലെ ക്ഷേത്രത്തിനെതിരെയുള്ള സിറ്റി ലോഡ്ജിന്റെ റിസപ്ഷനിലെ ടി വിക്കു മുന്നില്‍ പോയിരുന്നു. ടി വിയില്‍ അപ്പോള്‍ മോഹന്‍ലാല്‍ മുണ്ടക്കല്‍ ശേഖരന്റെ ആശുപത്രി തല്ലിത്തകര്‍ക്കുകയായിരുന്നു. ‘അയ്യോ, പടം തുടങ്ങിയല്ലോ’ എന്നു ദൈവം സങ്കടപ്പെട്ടു. സിനിമ ഏതാണെന്നു മനസ്സിലായില്ല. പരസ്യം വരുമ്പോള്‍ എഴുതിക്കാണിക്കും എന്നു സമാധാനിച്ച് ഓര്‍ത്തു മെനക്കെടാനും പോയില്ല. അഞ്ചിതളുള്ള ഫാനിനു കീഴിലേക്കു കുറച്ചു കൂടി നീങ്ങിയിരുന്ന്, കാലെടുത്ത് സോഫയിലേക്കു മടക്കിവെച്ച് ദൈവം സിനിമയില്‍ രസം പിടിച്ചു.
  തൊട്ടപ്പുറത്തുള്ള സ്വാമീസ് ഹോട്ടലിന്റെ കാഷ് കൗണ്ടറിനരികില്‍, ചുമരിലെ എപ്പോഴും തിളങ്ങുന്ന ചുവന്ന ബള്‍ബുകളുള്ള ചില്ലുകൂടിനു താഴത്തെ കസേരയായിരുന്നു മുമ്പ് ദൈവത്തിന്റെ പതിവു സങ്കേതം. സ്വാമീസ് ഹോട്ടല്‍ പിന്നീട് ഇംപാലാ ഹോട്ടല്‍ ആവുകയും അടുക്കളയില്‍ നിന്ന് തൈരുസാദത്തിന്റെയും മൊരിയുന്ന നെയ്‌റോസ്റ്റിന്റെയും സാത്വിക ഗന്ധത്തിനു പകരം പോത്തും കോഴിയും വരട്ടുന്ന ഓക്കാനിപ്പിക്കുന്ന ദുര്‍ഗന്ധം വരികയും ചെയ്തതോടെ സിറ്റി ലോഡ്ജിലേക്ക് ഇരിപ്പിടം മാറ്റുകയായിരുന്നു. ഇംപാലാ ഹോട്ടലിലെ പഴഞ്ചന്‍ ടി വിക്കു പകരം സിറ്റി ലോഡ്ജില്‍ വലിയ സ്‌ക്രീനുള്ള ഒന്നാംതരം എല്‍ ഇ ഡി ടിവിയായിരുന്നു എന്നതും ഈ മാറ്റത്തിനു കാരണമായി എന്നതു രഹസ്യം.
  ഹോട്ടലിലെപ്പോലെ ഇവിടെ തിരക്കില്ല; സിനിമാ ഡയലോഗിനു മുകളില്‍ ‘പത്തു പൊറോട്ടേം രണ്ടു ചിക്കനും പാഴ്‌സല്‍’ തുടങ്ങിയ വിളിച്ചുപറയലുമില്ല. റിസപ്ഷനിലിരിക്കുന്ന മാര്‍ട്ടിന്‍ പത്രത്തിലും, റൂം ബോയ് എന്നതിനേക്കാള്‍ സര്‍വ്വാധികാരിയുടെ ഭാവത്തില്‍ നടക്കുന്ന ഗംഗാധരന്‍ ടി വിയിലും പുലര്‍ച്ച മുതലേ സ്വയം സമര്‍പ്പിക്കുന്നതിനാല്‍ അന്തരീക്ഷം തികച്ചും ശാന്തം. ‘സര്‍ക്കാരു മിക്കവാറും വീഴുന്ന മട്ടാണല്ലോ’ എന്ന്, ‘ദേശാഭിമാനി’ വായിച്ചു മടക്കി ‘വീക്ഷണ’ത്തിലേക്കു കയറും മുമ്പ് മാര്‍ട്ടിനോ, ‘അയ്യോ മമ്മൂട്ടിയെ ആ റാസ്‌കല്‍ പറ്റിക്കുകയായിരുന്നു’ എന്ന് ടിവിയില്‍ നിന്നു കണ്ണെടുക്കാതെ ഗംഗാധരനോ ഇടയ്ക്ക് വല്ലപ്പോഴുമൊരിക്കല്‍, പരസ്പരമെന്നതിനേക്കാള്‍, സ്വയം പുലമ്പുന്നതുമാത്രമായിരുന്നു ഇതിന് അപവാദം. ആ പറച്ചിലുകളാകട്ടെ, ദൈവത്തിനിഷ്ടവുമായിരുന്നു.
  ക്ഷേത്രത്തില്‍ തൊഴാന്‍ വേണ്ടി ദൂരെ നിന്നെത്തുന്ന കുടുംബങ്ങളായിരുന്നു മിക്കവാറും ലോഡ്ജിലെ താമസക്കാര്‍. ചുറ്റുവട്ടത്തെ പല ലോഡ്ജുകളിലും ഇടക്കിടെ കമിതാക്കള്‍ തൂങ്ങിമരിക്കുന്ന ദുരനുഭവങ്ങളുണ്ടാകുമ്പോഴും ഇന്നുവരെ സിറ്റി ലോഡ്ജില്‍ അതുണ്ടാകാത്തത്, മുറിയെടുക്കാന്‍ വരുന്നവരെ ഒറ്റ നോട്ടത്തില്‍ തന്നെ അടിമുടി മനസ്സിലാക്കാനുള്ള മാര്‍ട്ടിന്റെ പ്രത്യേക പ്രാവീണ്യമൊന്നു കൊണ്ടു മാത്രമാണെന്നതിനാല്‍ അയാളോട് ദൈവത്തിന് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. എങ്കിലും സിനിമാ കണ്ടു രസിച്ചിരിക്കുന്നതിനിടെ വാര്‍ത്തയ്ക്കായി ടി വി ചാനല്‍ മാറ്റുന്ന സ്വഭാവം ഉള്ളതു കൊണ്ടു മാത്രം അയാളുടെ കുഞ്ഞുകുഞ്ഞു പ്രാര്‍ത്ഥനകള്‍ ദൈവം ചെവികൊള്ളാന്‍ മടിച്ചിരുന്നു. അങ്ങനെ ചാനല്‍ മാറ്റുന്ന സന്ദര്‍ഭങ്ങളിലെല്ലാം തനിക്കു പറയാനുള്ള കടുത്ത വാക്കുകള്‍ ഗംഗാധരന്റെ വായിലൂടെ പ്രക്ഷേപണം ചെയ്യാനും റിമോട്ട് കണ്‍ട്രോള്‍ അയാളുടെ കൈയിലേക്കു തിരിച്ചെത്തിക്കാനും ദൈവം മറന്നിരുന്നില്ല. ഇപ്പോഴും അതുപോലെ, ചാനല്‍ മാറ്റാനുള്ള മാര്‍ട്ടിന്റെ ശ്രമം ഗംഗാധരനിലൂടെ പരാജയപ്പെടുത്തി സിനിമയിലേക്കു തിരിച്ചു വന്നപ്പോഴാണ് പുറത്തൊരു കാര്‍ വന്നു നിന്നതും മാര്‍ട്ടിന്‍ പെട്ടെന്ന് ജാഗരൂകനായതും.
  അച്ഛന്‍ മോഹന്‍ലാലും മകന്‍ മോഹന്‍ലാലും തമ്മില്‍ മുഖത്തോടു മുഖം നോക്കി ഡയലോഗ് പറയുന്ന അത്ഭുതത്തിന്റെ കണ്‍വിടര്‍ച്ചയില്‍ മാര്‍ട്ടിന്റെ ഉള്ളില്‍ സംശയത്തിന്റെ ഒരു നിഴല്‍ തെളിഞ്ഞതോ, കയറിവന്നവരുമായി ഗംഗാധരന്‍ മുകളിലെ നിലയിലേക്കു കയറിപ്പോയതോ ദൈവം അറിഞ്ഞതേയില്ല. അവരെ മുറിയില്‍ക്കൊണ്ടാക്കിയ ശേഷം ചൂടുവെള്ളമെടുക്കാന്‍ പാത്രവുമായി താഴെയെത്തിയ ഗംഗാധരനോട് മാര്‍ട്ടിന്‍ അടക്കം പറഞ്ഞു. ‘എന്തോ ഒരു വശപ്പെശകില്ലേ?’
  ‘അത് നിങ്ങടെ എക്‌സ്‌റേക്കണ്ണീക്കൂടെ നോക്കീട്ടാ…’ ഗംഗാധരന്‍ ക്ഷോഭിച്ചു. ‘ആ അമ്മച്ചിയേക്കണ്ടാല്‍ നരസിംഹത്തിലെ മോഹന്‍ലാലിന്റെ അമ്മയേപ്പോലിരിക്കുന്നു… എന്തൊരൈശ്വര്യം! അമ്പലത്തില്‍ തൊഴാന്‍ വന്നവരെക്കുറിച്ച് അപവാദം പറഞ്ഞാ ദൈവം പൊറുക്കുകേല കേട്ടോ.’
  തന്നെപ്പറ്റി പറയുന്നതു കേട്ടപ്പോള്‍ ദൈവം ടിവിയില്‍ നിന്നു കണ്ണെടുത്തു തലതിരിച്ചു നോക്കി.
  മാര്‍ട്ടിന്‍ റിസപ്ഷനിലെ ചുറ്റുമേശയ്ക്കു പുറത്തിറങ്ങി, ഗംഗാധരന്‍ ചുമലില്‍ കൈവച്ചു.
  ‘അവരു നല്ലവരല്ലെന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. അങ്ങനാന്നേ മുറി കൊടുക്കത്തില്ലാരുന്നല്ലോ. പക്ഷെ, ഒരു കള്ളത്തരത്തിന്റെ മണം… അവരു ഭാര്യേം ഭര്‍ത്താവുമാണോന്നൊരു സംശയം…’
  ‘പത്തറുപതു വയസ്സൊള്ളവരല്യോ അച്ചായാ. സംശയിക്കുമ്പോ പ്രായത്തെയെങ്കിലും ബഹുമാനിക്കണം. കഷ്ടമാണ് കേട്ടോ’. എന്നു പറഞ്ഞ് ഗംഗാധരന്‍ ചൂടുവെള്ളത്തിനായി പുറത്തേക്കു പോയി.
  • Blogger Comments
  • Facebook Comments
  Item Reviewed: ദൈവമരത്തിലെ ഇല Rating: 5 Reviewed By: Unknown
  Scroll to Top