• Latest News

  ഓത്തുപള്ളി ഓർമ്മയിലെ തേൻ തുള്ളി

  മാധവി മൂത്തമ്മ- രഞ്ജിത് ആലച്ചേരി 
  ഒരു ഉച്ച സമയത്താണ് മാധവി ഓടി എന്റെ അടുത്തു വന്നു പറഞ്ഞു..’ ത്രേസ്യ കൊച്ചേ, ഇന്ന് രാവിലെ നോക്കുമ്പോള് എന്റെ പാവാടയുടെ പിറകില് ചോര ഉണങ്ങി കറുത്ത നിറത്തില്‍ കട്ടപിടിച്ചിരിക്കുന്നു. എന്നിട്ട് നീ എന്നാ ചെയ്തു…? ഞാന് വേറെ പാവാട എടുത്തിട്ട്. ദേ പിന്നെയും കുറച്ചു കഴിഞ്ഞു അതേപോലെ തന്നെ.. എനിക്ക് പേടിയാ. ത്രേസ്യേ, ഇതെന്തോ വലിയ രോഗമാണ്. ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു, നീ പേടിക്കണ്ട, ഞാന്‍ ശകലം തുണി തരാം. നീ ചോര വരുന്നിടത്ത് വെക്ക്. ആ തുണിയും വാങ്ങി ഓടുമ്പോള്‍ അവള്‍ വിളിച്ചു പറഞ്ഞു.’ എന്റെ അസുഖം മാറാന്‍ നീ കുരിശു പള്ളിയില്‍ മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കണം കേട്ടോ മലം കുറി മുത്തിക്ക് അവിലും മലരും നേദിച്ച് ഞാനും പ്രാര്‍ത്ഥിക്കാം. ‘പ്രാര്‍ത്ഥനക്ക് ഫലമുണ്ടായി. അവളുടെ അസുഖം ഏഴാം നാള്‍ നിന്നു. പക്ഷെ പിന്നത്തെ മാസം പിന്നെയും വന്നു. ഒരുപക്ഷെ അവിലും മലരും മുത്തിക്ക് ഇഷ്ടമായി കാണുമെന്നവള്‍ക്ക് തോന്നി. ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. മാധവി വയസ്സറിയിച്ചു, പിന്നെയും വളര്‍ന്നു. നെടു നീളനെ, കറുത്ത കാരിരുമ്പിന്റെ ശക്തി കയ്യിലും മെയ്യിലും ആവാഹിച്ചു.
  മൂന്നാറിലെ മുതിരപുഴയുടെ തീരത്തും പിന്നെ മലബാറിലെ പാലകരയിലെ അമ്മപുഴയുടെ തീരത്തും. പുഴയ്ക്കും മഴക്കും വലിയ പ്രാധാന്യമുള്ള കഥയുടെ കുത്തൊഴുക്കാണ് രഞ്ജിത്തിന്റെ മാധവി മൂത്തമ്മയില്‍. മാധവി മൂത്തമ്മയുടെ ആദ്യതാള്‍ മുതല്‍ രഞ്ജിത്ത് നമ്മെ കൂട്ടികൊണ്ട് പോവുകയാണ് ചരിത്രത്തിലേക്ക്. തൊണ്ണൂറ്റി ഒമ്പതിലെ, തുമ്പിക്കൈ വണ്ണത്തില്‍ പെയ്ത പേമാരിയിലേക്ക്. സര്‍വ്വതും തകര്‍ത്ത് തച്ചുടച്ചു ഒരു ഭൂപ്രദേശത്തിന്റെ രൂപവും ഭാവവും ഇല്ലാതാക്കിയ, അനേകം ജീവനുകളെ കാര്‍ന്നുതിന്ന വെള്ളപ്പൊക്കത്തിലേക്ക്. സര്‍വ്വതും വിഴുങ്ങി സംഹാരരൂപം പൂണ്ടു പ്രകൃതി ചമച്ച മഹാപ്രളയത്തിലേക്ക്…ചരിത്രമാണ് രഞ്ജിത്ത് ഒരു സ്ത്രീയുടെ ജീവിതത്തിലൂടെ അനാവരണം ചെയ്യുന്നത്. തൊണ്ണൂറ്റി ഒമ്പതിലെ വെള്ളപൊക്കം പഴയവര്‍ക്ക് ഓര്‍മ്മ കാണും. അത് തിരുവിതാംകൂറില്‍ മാത്രമല്ല കേരളത്തിന്റെ പഴയ പ്രതാപപ്രദേശങ്ങളായ കൊച്ചിയിലും മലബാറിലും ഭൂമിയെ നനച്ചു കുതിര്‍ത്തു. സര്‍വ്വതും നഷ്ടപെട്ട കുടുംബങ്ങള്‍ പ്രകൃതിയുടെ താണ്ഡവം കണ്ടു നനയുന്ന മഴയില്‍ കണ്ണീര്‍ ചാലിച്ച് ചലനം നഷ്ടപ്പെട്ട് നിന്നു. മൂന്നാറില്‍ ഭൂപ്രദേശങ്ങള്‍ അപ്രത്യക്ഷമായി. റെയില്‍വെ ലൈനുകള്‍ ഉണ്ടായിരുന്ന ഇടത്ത് വെറും ചാലുകള്‍ മാത്രമായി. കുന്നുകള്‍ അലിഞ്ഞില്ലാതെയായി. മരവും മലയും പുഴയില്‍ ഒലിച്ചില്ലാതെയായി. ജീവിതം ബാക്കി വന്ന നിരാലംബ ജന്മങ്ങള്‍ നടന്നും കാളവണ്ടി കയറിയും ജീവിതം തേടി മലബാറില്‍ അഭയം പ്രാപിച്ചു. മതഭേദമന്യേ മലബാര്‍ തിരുവിതാംകൂറുക്കാര്‍ക്ക് ശരണമെകി. അതില്‍ വീടിനും നാടിനുമോപ്പം പിതാവും പ്രതിശ്രുതവരനും നഷ്ടമായ മാധവിയുമുണ്ടായിരുന്നു. ഉടുതുണി മാത്രം കൈ മുതലായുള്ള മാധവി. മലബാറിലെ മണ്ണുപോലെ തന്നെ വിശാലവും ഉര്‍വരതയുമുള്ള മലബാറികള്‍, ഉടുതുണിമായി വന്നവരെ സ്വീകരിച്ചു. പണികൊടുത്തു. കിടക്കാന്‍ ഇടം കൊടുത്തു. കഠിനാദ്ധ്വാനികളായ തിരുവിതാംകൂറുകാര്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി മണ്ണ് വിണ്ണാക്കി. കപ്പയും റബ്ബറിനോടൊപ്പം മണ്ണിനെ സ്‌നേഹിച്ചവരെല്ലാം വളര്‍ന്നു വലുതായി. അവര്‍ വിവാഹം കഴിച്ചു, കുട്ടികളായി.
  പാലകരയില്‍ കടകളും ബാങ്കും വണ്ടിയും വീതിയുള്ള പാതയും വന്നു വികസിച്ചു. മാധവി മാറില്ല. ഒറ്റതടിയായി തന്നെ ജീവിതം കഴിച്ചു കൂട്ടി.അച്ഛന്‍ മണിയാശാനും വിവാഹം നിശ്ചയിച്ചിരുന്ന ഗോപാലനും ഒരു നാള്‍ വരുമെന്ന പ്രതീക്ഷയില്‍ അവര്‍ ജീവിതം മുന്നോട്ടു കൊണ്ട് പോയി. ഒന്നും സമ്പാദിച്ചില്ല. സ്ഥലമോ വീടോ ഒന്നും. ആകെയുള്ളത് സ്വന്തം പേരിലല്ലാത്ത പത്തു സെന്റിലെ ഓലമേഞ്ഞ വീടും, മുറ്റത്തു നട്ടുപിടിപ്പിച്ച അച്ഛന് പ്ലാവും ചെമ്പന് നായും കുറച്ചു ആടുകളും. മാധവിയുടെ ജീവിതം ഇവരോടൊപ്പമായി. തനിയെ ജീവിച്ച മാധവി തന്നോട് തന്നെ സംസാരിച്ചു. ഒറ്റയ്ക്ക് വര്‍ത്തമാനം പറയുന്ന മാധവിക്കു ഇച്ചിരി നൊസ്സായെന്നു ജനം പറഞ്ഞു. മാധവി നിരസിച്ചില്ല. പ്രായം മാധവിയില്പതിയെ അടയാളങ്ങള് പടര്ത്തിയപ്പോള് എല്ലാവരും അവര്‍ക്കൊരു വിശേഷണം ചാര്‍ത്തികൊടുത്തു ‘ മൂത്തമ്മ’. അങ്ങിനെ കന്യകയായ മാധവി അമ്മയെന്ന കടമ്പ എടുത്തു ചാടി നേരെ മൂത്തമ്മയായി. പാലകരയിലെ എല്ലാവരുടെയും മൂത്തമ്മ.മഴയും വെയിലും മഞ്ഞുമായി കാലം കടന്നു. അച്ഛന് പ്ലാവ് മുറിച്ചു വീട് ഓടിടാന്‍ ശ്രമവുമായി വന്നവരെ മാധവി തടഞ്ഞു. പ്രകൃതിയെ മുറിച്ചു തനിക്കു തണല്‍ വേണ്ടായെന്നു പറഞ്ഞു. പലര്‍ക്കും കുറെ നാളത്തെ ഭക്ഷണമാണ് പ്ലാവ്. തന്റെ ആടുകള്‍ക്കും. അതില്ലാതാക്കിയിട്ടു വീട് വേണ്ടെന്നു പ്രകൃതിസ്‌നേഹിയായ ആ കര്ഷക തുറന്നടിച്ചു. പകപ്രകൃതി ഒരുക്കിയത് മറ്റൊന്നായിരുന്നു. ഒരു മഴകാലത്തെ കാറ്റില് കൊമ്പൊടിഞ്ഞു വീടിനു മേല് വീണു മാധവിയെ പ്ലാവ് വഴിയാധാരമാക്കി.അഗതിമന്ദിരത്തിലേക്ക് മാധവിക്കു ചെക്കേറേണ്ടി വന്നു. അവിടെ വെച്ച് ഹൃദയസ്തംഭനം മൂലം മരിച്ചു. സ്വന്തമായി സ്ഥലമില്ലാത്ത അവര്‍ക്ക് ആറടി മണ്ണ് നല്‍കാന്‍ ആരും തയ്യാറായില്ല. അവരെ മുമ്പ് വസൂരി വന്നു മരിച്ചവരെ സംസ്‌ക്കരിച്ച ഇടത്ത് കുഴിച്ചിടേണ്ടി വന്നു. ജീവിതത്തില്‍ ഒന്നും നേടാതെ, ഒന്നും സ്വന്തമാക്കാതെ,ഒറ്റത്തടിയായി ജീവിച്ച അവര്‍, ആര്‍ക്കും വേണ്ടാതെ വേവലാതിയോടെ പാതിജീവനില് തന്നെ കുഴിച്ചിട്ടവരുടെ കൂടെ മണ്ണില്‍ ലയിച്ചു ചേര്‍ന്നു…
  രണ്ടു കാലഘട്ടങ്ങളുടെ കഥ പറയുകയാണ് രഞ്ജിത്ത്, അല്‍പം ചരിത്ര സംഭവ പശ്ചാത്തലത്തിലൂടെ. 99 ലെ വെള്ളപൊക്കം വരുമ്പോള്‍ നാട് ബ്രിട്ടീഷ് ഭരണത്തിലാണ്. മൂന്നാറിലാണ് കഥ തുടങ്ങുന്നത്. അവസാനിക്കുന്നത് തലശ്ശേരിയിലെ പാലകരയിലും. മൂന്നാറില്‍ ഇന്നത്തെപോലെ അന്നും കൃഷി തേയില തന്നെ. പക്ഷെ ലാഭം കൊണ്ട് പോവുന്നത് ഇംഗ്ലീഷ്കരാണെന്ന് മാത്രം. വിപ്ലവവീര്യം ജന്മനാല്‍ കിട്ടിയ മാധവിസായിപ്പിനെതിരെ തിരിഞ്ഞാണ് സംസാരം. അച്ഛനായ മണിയാശാന്‍ നേരെ തിരിച്ചും. പേമാരിയില്‍ അച്ഛനെ നഷ്ടപ്പെടുന്നു.കൊച്ചി വരെ ഒപ്പമുണ്ടായിരുന്ന പ്രതിശ്രുതവരന്‍ അവിടെ വെച്ച് നഷ്ടമാവുന്നു. പിന്നെ മലബാറില്‍ വീണ്ടും തളിര്‍ക്കുന്നു, മാധവിയോടൊപ്പം കുറെ നിരാശജന്മങ്ങളും. അവിടെ മറ്റൊരു സംസ്‌ക്കാരം ഉടലെടുക്കുന്നു. മലയാളിയെന്നും ഓരോ ഇടത്താണ്. സ്വന്തം ഭൂമിയില്‍ ഉറച്ചുനില്‍ക്കാന്‍ അവനു പണ്ടു മുതലേ ഭാഗ്യമില്ല. മികച്ച ജീവിതം തേടി അല്ലെങ്കില്‍ നിലനില്‍പ്പിനായി അവന്‍ ജനിച്ച മണ്ണും ദേശവും വിട്ടു മറ്റൊരിടത്ത് അവിടുത്തെ സംസ്‌ക്കാരവുമായിഇണങ്ങി ചേരുന്നു.മാധവി മൂത്തമ്മ വായിക്കുമ്പോള്‍ അക്ഷരങ്ങളിലൂടെ കനത്ത മഴയും ചെളിയും നനഞ്ഞുലഞ്ഞു നില്‍ക്കുന്ന മരങ്ങളും, കരയെ വലിച്ചിഴച്ചു അലറി പാഞ്ഞു പോകുന്ന പുഴയിലൂടെ ഒഴുകുന്ന ജന്തു ജാലങ്ങളും, ഭീതിയും ശൂന്യതയും നിറഞ്ഞുമുഖങ്ങളും നമ്മള് ചുറ്റും കാണും. ഒരു തണുപ്പ് അറിയാതെ ശരീരത്തില് പടരുന്നത് നമ്മള്‍ തൊട്ടറിയും. ലഘുവായപദങ്ങളാല്‍ വരച്ചിട്ടിരിക്കുന്ന ഭൂപ്രദേശവും അവിടുത്തെ ജനതതിയും നമ്മുടെ മുന്നില്‍ ചലച്ചിത്രത്തിലെന്നപോലെ തെളിഞ്ഞു വരും. വായനക്കാരന്‍ അവരോടൊപ്പം തണുത്തു വിറക്കും, ഭാവിയെ ഓര്‍ത്ത് സങ്കടപ്പെടും, ചെറിയ സന്തോഷങ്ങളില്‍ ചിരിക്കും, നഷ്ടപെടലുകളില്‍ കരയും. നമ്മള്‍ അവരോടൊപ്പം നടക്കുകയാണ്, കാളവണ്ടിയില്‍ കുലുങ്ങിയും ചിതറിയും പോവുകയാണ്. ചൂളം വിളിക്കുന്ന കല്‍ക്കരിവണ്ടിയില്‍ തിക്കിതിരക്കി ഇരിക്കുകയാണ് വിശന്ന വയറും ഒഴിഞ്ഞ മനസുമായി.
  മാധവി മൂത്തമ്മയെ നിങ്ങള്‍ മനസ്സില്‍ കുടിയിരുത്തും. പത്തു താളുകള്‍ കഴിയുമ്പോഴേക്കും. അവര്‍, വെളുത്ത പുള്ളിയുള്ള കറുത്ത ബ്ലൗസിട്ടു, മുടി നെറുകിലേക്ക് കെട്ടി വെച്ച്, നഷ്ടങ്ങളുടെ ഇരുണ്ട വനരൂപമായി, വെളുത്ത പല്ലുകള്‍ കാട്ടി ചിരിച്ചു നിങ്ങളെ തൊട്ടു നില്ക്കും.രഞ്ജിത്തിന്റെ ആദ്യ നോവലാണ് മാധവി മൂത്തമ്മ. ചെറിയ പുസ്തകമാണ്. പെട്ടെന്നു ആസ്വദിച്ച് വായിക്കാവുന്നതും. പ്രകൃതിയെയും മാനസിക വ്യാപാരങ്ങളെയും മനം കവരുന്ന രീതിയില്‍ വര്‍ണ്ണിക്കാന്‍ രഞ്ജിത്തിന് സാധിച്ചിട്ടുണ്ട്. ഭാഷക്കും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തിരുവിതാം കൂറിലെയും മലബാറിലെയും ഭാഷകള്‍ തന്മയത്തോടെ പ്രാദേശികമായ വ്യത്യാസത്തോടെ കഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നരന്‍, പുറപ്പാട് എന്നീ സിനിമകള്‍ ഇത് വായിക്കുമ്പോള്‍ എന്നില്‍ മിന്നായം പോലെ വന്നതു എഴുത്തിന്റെ ഔന്നത്യമായി ഞാന്‍ കാണുന്നു.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  ആകാശം ഇരുണ്ട് കൂടിയിരിക്കുന്നു , ഇടയ്ക്ക് ആകാശത്തിന്റെ മാറില്‍ ഇടിമിന്നലുകള്‍ കീറിമുറിച്ച് മിന്നുന്നു , ദൂരെ കാണുന്ന റബര്‍ തോട്ടങ്ങള്‍ ആകാശം മുട്ടി നില്‍ക്കുന്നത് പോലെ തോന്നി .. !!
  വേനലില്‍ ഇങ്ങനെ ഒരു മഴ ആദ്യമായാണ് , അറബിക്കടലിലെ ന്യൂനമര്‍ദ്ദമാണ് കാരണം എന്ന് റേഡിയോ വാര്‍ത്തകള്‍ പറഞ്ഞു, ഇന്നലെ പതിവില്ലാതെ പാലകരയില്‍ മഴപെയ്യ്തു.. !! വേനലില്‍ വരണ്ടുണങ്ങിയ ഭൂമിയില്‍ മഴത്തുള്ളികള്‍ കുളിരായി വന്നിറങ്ങി
  വറ്റിവരണ്ടു കിടന്ന പാലകരപുഴ ഇന്ന് കലങ്ങിമറിഞ്ഞ് ഒഴുകുന്നു , പുഴയ്ക്കു വല്ലാത്ത ഒരു ഭീകര രൂപം കൈവന്നിരിക്കുന്നു ,
  ഉണങ്ങിയ മണ്ണില്‍ പുതുമഴ പെയ്യാത്തപ്പോള്‍ ഭൂമിയുടെ രൂപം മാറി ,നിനച്ചിരിക്കാത്ത നേരത്ത് വിരുന്ന് വന്ന മഴത്തുള്ളികള്‍ വേനലില്‍ പൊള്ളിയമണ്ണില്‍ ഉമ്മവെച്ചു , മണ്ണിന്റെ മത്ത്പ്പിടിക്കുന്ന മണം അവിടമാകെ പരന്നു .. !!
  മലബാറിലെ ഒരു കുടിയേറ്റ ഗ്രാമമാണ് പാലകര , നാല് ചുറ്റും കുന്നുകളാല്‍ ചുറ്റപ്പെട്ട ഗ്രാമം , വാസുനമ്പ്യാര്‍ എന്ന അധികാരിയുടെ കൈയില്‍ നിന്നും തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ ആളുകള്‍ നിസാര തുകക്ക് സ്വന്തമാക്കിയതാണ് പാലകരയിലെ മിക്ക സ്ഥലങ്ങളും
  ഇന്ന് പാലകരയുടെ രൂപം ഒരുപാട് മാറിയിരിക്കുന്നു , കെട്ടിലും മട്ടിലും പാലകര ആധുനികത കൈവരിച്ചിരിക്കുന്നു .. !!
  പാലകര ഗ്രാമം അവസാനിക്കുന്നത് ഒരു കുരിശ്പള്ളിയുടെ മുന്നിലാണ് , അവിടെ വരെയേ പഞ്ചായത്ത് റോഡ്‌ ഉള്ളൂ .
  ആ കുരിശ്പ്പളിയുടെ അരികിലായി ഒരു അഗതിമന്ദിരമുണ്ട് , !!
  കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ മലബാറില്‍ വന്ന നസ്രാണികള്‍ ഞയറാഴ്ച കുര്‍ബാനക്ക് ഒത്തുകൂടിയത് ഇവിടെയായിരുന്നു , മുളയും വൈക്കോല്‍ത്തുറുവും കൊണ്ട് പള്ളിയുടെ രൂപമുണ്ടാക്കി ,
  അന്നത്തെ കാലത്ത് പണിക്ക് ആളെ കിട്ടില്ലായിരുന്നു , ഓരോ ആഴ്ചകളിലും ഓരോ ആളുകളുടെ പറമ്പില്‍ എല്ലാരും കൂട്ടമായി പണിക്ക് പോകും , പിന്നെ അടുത്ത ആഴ്ച, അടുത്ത ആളിന്റെ പറമ്പില്‍ , ആരുടെ പറമ്പില്‍ ആണ് അടുത്ത ആഴ്ചയിലെ പണി എന്ന് തീരുമാനിച്ചിരുന്നത് ഞായറാഴ്ച കുര്‍ബാനക്ക് ശേഷം ഈ പള്ളിയുടെ മുന്നില്‍ വെച്ചായിരുന്നു, .. !!
  പിന്നീട് പാലകരയില്‍ വലിയൊരു പള്ളി പണിതപ്പോള്‍ മുളയും വൈക്കോല്‍ത്തുറുവും കൊണ്ട് ഉണ്ടാക്കിയ പള്ളിയില്‍ ആളുകള്‍ വരാതെയായി , അങ്ങനെ ആ പള്ളി പൊളിച്ച് ഇവിടൊരു കുരിശ് പള്ളി പണിതു ,പഴമക്കാര്‍ ഇപ്പോളും മുടങ്ങാതെ ഈ കുരിശ് പള്ളിയില്‍ വരും , സംസാരിച്ച് ഇരിക്കും , ഓര്‍മ്മകള്‍ അയവിറക്കും .. !!
  കുരിശു പള്ളിയോട് ചേര്‍ന്നാണ് ഒരു അഗതിമന്ദിരം , പാലകര പള്ളിവകയാണ് അഗതിമന്ദിരവും അതിരിക്കുന്ന സ്ഥലവും , മതത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ, ഉറ്റവരും ഉടയവരും ഉപേക്ഷിച്ച ആളുകള്‍ അവിടെ ഒരുമിച്ച് താമസിക്കുന്നു ,
  ആതുരസേവന താല്‍പരനായ കൊമ്പനാക്കൊല്ലി വര്‍ഗീസാണ് സ്നേഹഭവന്‍ എന്ന പേരില്‍ അഗതിമന്ദിരം തുടങ്ങിയത് ,
  വര്‍ഗീസ് ഒരു ദിവസം തലശ്ശേരിയില്‍ പോയി മടങ്ങുമ്പോള്‍ കടവരാന്തയില്‍ കാലുകളിലെ വ്രണത്തില്‍ പുഴുക്കളരിച്ച് അവശാനായി കിടക്കുന്ന ഒരു വൃദ്ധനെ കണ്ടു,പ്രായം തളര്‍ത്തിയ അദേഹത്തെ മക്കള്‍ ഉപേക്ഷിച്ചതായിരുന്നു , വര്‍ഗീസ്‌ അദ്ധേഹത്തെകൂട്ടി വീട്ടിലേക്ക് വന്നൂ,റബര്‍ ടാപ്പിഗ് തൊഴിലാളിയായ വര്‍ഗീസും അങ്കണവാടിയിലെ സഹായിയായ ഭാര്യ മേരിയും , ഭക്ഷണത്തില്‍ ഒരു പങ്ക് വീതിച്ചുകൊടുത്തും മുറിവ് കഴുകി വൃത്തിയാക്കിയും അയാളെ പരിചരിച്ചു , .. !!
  ആതുരസേവനത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ച് വര്‍ഗീസും മേരിയും കാലക്രമേണ കൂടുതല്‍ ആളുകളെ സ്വന്തം വീട്ടില്‍ സംരക്ഷിക്കാന്‍ തുടങ്ങി , ആളുകളുടെ എണ്ണം കൂടി വന്നുകൊണ്ടേയിരുന്നു , ഭാഷയും മതവും വിലങ്ങുതടിയാവാതെ ആരോരുമില്ലാത്തവര്‍ക്ക് അഭയകേന്ദ്രമായി വര്‍ഗീസിന്റെ ആ ചെറിയ വീട് ,
  വീടിനോട് ചേര്‍ന്ന് വര്‍ഗീസ്‌ ചെറിയൊരു മുറികൂട്ടിയെടുത്തു , എന്നാല്‍ അതുകൊണ്ട് ഒന്നും കാര്യമുണ്ടായില്ല ആളുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടേയിരുന്നു ,സ്ഥലസൗകര്യം നിമിത്തം വര്‍ഗീസ്‌ ബുദ്ധിമുട്ടുന്നത് മനസിലാക്കിയ പാലകര ഇടവക ഒടുവില്‍ ഒരു തീരുമാനത്തിലെത്തി ,
  പഴയ കുരിശുപ്പള്ളി ഇരിക്കുന്ന സ്ഥലത്ത് ഒരു അഗതിമന്ദിരം നിര്‍മ്മിക്കുക
  ആദ്യം വളരെ ചെറിയ രീതിയില്‍ തുടങ്ങിയ സ്ഥാപനം പിന്നീടു വളരുവാന്‍ തുടങ്ങി , വര്‍ഗീസ്‌ തന്നെ അഗതിമന്ദിരത്തിന് പേരും ഇട്ടു , “സ്നേഹഭവന്‍” , യാതൊരുവിധ ലാഭേച്ഛകൂടാതെ വര്‍ഗീസ്‌ സ്നേഹഭവനില്‍, സ്നേഹം വിളമ്പി സ്വന്തക്കാര്‍ ഇല്ലാത്തവര്‍ക്കും, സ്വന്തക്കാര്‍ക്ക് വേണ്ടാത്തവര്ക്കും അഭയമേകി .. !!
  ഇന്ന് രണ്ട് കോണ്‍ഗ്രീറ്റ് സമുച്ചയത്തില്‍ ചുറ്റപ്പെട്ടു കിടക്കുന്നു സ്നേഹഭവന്‍ , ഒരു ബില്‍ഡിങ്ങില്‍ സ്ത്രീകളും മറ്റൊന്നില്‍ പുരുഷന്മാരും .. !!
  പള്ളി ഇടവകയുടെ സ്ഥലത്താണ് സ്നേഹഭവന്‍ പ്രവര്‍ത്തിക്കുന്നത് , എല്ലാ മേല്‍നോട്ടത്തിനും വര്‍ഗീസും ഭാര്യയും മക്കളുമുണ്ട് .. !!
  ഇന്ന് ആ അഗതിമന്ദിരത്തിന്‍റെ മുന്നില്‍ ഒരാള്‍ക്കൂട്ടമുണ്ട് , പുറത്ത് പെയ്യുന്ന മഴയെ വകവെക്കാതെ അവിടെ ചര്‍ച്ചയും തര്‍ക്കവും നടക്കുന്നു , തര്‍ക്കം മറ്റൊന്നിനും വേണ്ടിയല്ല മണ്ണിന് വേണ്ടി …. !!
  മണ്ണ് എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ പലതും ചിന്തിച്ച് കൂട്ടിക്കാണും അല്ലെ .. ?
  എന്നാല്‍ നിങ്ങള്‍ ചിന്തിച്ചപ്പോലെ അല്ല കാര്യങ്ങള്‍ , ഇത് വെറും ആറടി മണ്ണിന് വേണ്ടിയുള്ള തര്‍ക്കമാണ് …………………….. !!
  പാലകരയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ മാധവി മൂത്തമ്മ മരിച്ചിരിക്കുന്നു …. !!
  വാര്‍ത്ത അറിഞ്ഞ ഉടനെ പലരും അഗതിമന്ദിരത്തിലേക്ക് ഓടി
  അഗതിമന്ദിരത്തിലെ ചെറിയ ക്ലിനിക്കില്‍ നിലത്ത് വിരിച്ച തഴപ്പായയില്‍ മൂത്തമ്മയുടെ ചേതനയറ്റ ശരീരം കിടത്തിയിരിക്കുന്നു .. !!
  പാതി അടഞ്ഞ കണ്ണുകള്‍ , എന്തോ പറയുവാന്‍ വിതുമ്പി നില്‍ക്കുന്ന ചുണ്ടുകള്‍ , ഒന്ന് രണ്ട് ഈച്ചകള്‍ മുഖത്തിന്റെ ചുറ്റും പാറി നടക്കുന്നു , കവിളുകള്‍ ഒട്ടിയിരിക്കുന്ന മൂത്തമ്മയുടെ മുഖത്ത് എന്നുമുള്ള പ്രസരിപ്പ് അതേപടിയുണ്ട് , മരിച്ച് കിടക്കുന്നു എന്ന് ആര് കണ്ടാലും പറയില്ല , ഉറക്കം അങ്ങനെയേ കരുതൂ
  അല്ലങ്കിലും മരണം ഒരു ഉറക്കം തന്നെയാല്ലോ , ഒരിക്കലും ഉണരാന്‍ കഴിയത്ത സ്വപങ്ങള്‍ ഇല്ലാത്ത ഉറക്കം .. !!
  ക്ലിനിക്കിന്റെ മുന്നിലെ വലിയ മാവില്‍ നിന്നും പച്ചയും പഴുത്തതുമായ ഇലകള്‍ നിലത്ത് വീണ് കിടക്കുന്നു ,
  നേരം പുലര്‍ന്ന് വരുന്നതെ ഉള്ളൂ , ഇന്നലെ രാത്രിയാണ് ആ വാര്‍ത്ത നാട്ടില്‍ എത്തിയത്
  ചിലര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഇന്നലെ വരെ ഒരു അസുഖവും ഇല്ലാതെ ചിരിച്ച് കളിച്ച് നടന്ന മൂത്തമ്മ ഇത്ര പെട്ടന്ന് .. !!
  ദുഃഖം വാക്കുകളില്‍ രേഖപ്പെടുത്തിയ പലരും രാത്രിയില്‍ തന്നെ മടങ്ങി ,
  അവശേഷിക്കുന്നവര്‍ ചര്‍ച്ചയിലാണ് … !!
  സ്വന്തമായി ആറടി മണ്ണ് പോലുമില്ല , ഈ ശവത്തിനെ എവിടെ കുഴിച്ചിടും .. !!
  ചര്‍ച്ചയും തര്‍ക്കവും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു ,
  പൊതുശ്മശാനത്തിലേക്ക് ശവം എടുക്കുവാന്‍ വിപ്ലവം തലയ്ക്ക് പിടിച്ച ചിലര്‍ സമ്മതിക്കുന്നില്ല .. !!
  പട്ടിയും പൂച്ചയും ചത്താല്‍ ചെയ്യുപോലെ മൂത്തമ്മയെ സംസ്കരിക്കാന്‍ അനുവദിക്കില്ല ,വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കെട്ട് പുകയിലയും ഒരു വെള്ള മുണ്ടും നാട്ടിലെ അധികാരിക്ക്‌ നല്‍കി മൂത്തമ്മ സ്വന്തമാക്കിയതാണ് വീടിരിക്കുന്ന പത്തു സെന്റെ സ്ഥലം , ഇത്ര വര്‍ഷത്തെ കുടി കിടപ്പ് അവകാശം പ്രകാരം ശവം അവിടെ തന്നെ സംസ്കാരിക്കും .. !!
  ചിലര്‍ ഉച്ചത്തില്‍ പ്രഖ്യാപിച്ചു .. !!
  രേഖകളില്‍ സ്ഥലം അവറാച്ചന്‍ മുതലാളിക്ക് അവകാശപ്പെട്ടത്താണ് എന്ന കാരണം കാണിച്ച് , മൂത്തമ്മയുടെ പത്തു സെന്റെ സ്ഥലം ഇപ്പോള്‍ അവറാച്ചന്‍ മുതലാളി കൈവശപ്പെടുത്തിയിരിക്കുകയാണ് , കൈവശാവകാശം ഇല്ലെങ്കിലും ഇത്ര കാലം മാധവി മൂത്തമ്മ അവിടെ താമസിച്ചു
  കുടിയേറ്റത്തിന്റെ ആദ്യ നാളുകളില്‍ മലബാറിലെത്തിയ നസ്രാണിമ്മാര്‍ ഒരുപാട് സ്ഥലങ്ങള്‍ വെട്ടിപ്പിടിച്ചു അങ്ങനെ അവറാച്ചന്‍ മുതലാളിയുടെ അപ്പച്ചന്‍ ശ്രീമാന്‍ അന്തോണിച്ചന്‍ നേടിയത്താണ് പാലകരയിലെ റബര്‍ എസ്റ്റേറ്റ് …!!
  പാലകരക്കാര്‍ക്ക് സുപരിചിതമായ മുഖമാണ് മാധവിമൂത്തമ്മയുടെ, അധ്വാനം സമ്മാനിച്ച ആരോഗ്യമുള്ള കറുത്ത ശരീരം , കൈയില്‍ എപ്പോളും കാണും നിറം മങ്ങിയ ഒരു പഴയ സഞ്ചി , പാലകരയുടെ മുക്കിലും മൂലയിലും ആ സഞ്ചിയുമായി മാധവിമൂത്തമ്മ സഞ്ചരിക്കും, ചില വീട്ടുക്കാര്‍ അരിയും പച്ചക്കറികളും കൊടുക്കും , ചിലര്‍ ഭക്ഷണവും ,.. !!
  അവറാച്ചന്‍ മുതലാളിയുടെ റബര്‍ എസ്റ്റേറ്റിന്റെ ഓരത്താണ് മൂത്തമ്മയുടെ പത്ത് സെന്റ്‌ സ്ഥലം , പുഴക്കരയോട് ചേര്‍ന്ന് കിടക്കുന്ന നിരപ്പ് സ്ഥലം , ആ പത്തു സെന്റിന്റെ ഒത്തനടുവില്‍ ഓലമേഞ്ഞ ഒരു ചെറിയ വീട് , വീടിന്റെ അരികില്‍ നീളത്തില്‍ ഒരു ആട്ടിന്‍ കൂട് വലത് വശത്ത്‌ ഭീമാകാരമായ ഒരു പ്ലാവും വീട്നിറെ മുറ്റത്ത്‌ ഒരുപാട് ശിഖിരങ്ങള്‍ ഉള്ള ഒരു മൂവാണ്ടന്‍ മാവും
  മൂത്തമ്മ അതികം ആരോടും സംസാരിക്കില്ല , .. !!
  മൂത്തമ്മയുടെ ലോകം ആടും അതിന്റെ മക്കളും പിന്നെ എണ്ണിയാലൊടുങ്ങാത്ത പൂച്ചകളും അതിന്റെ കുഞ്ഞുങ്ങളും വരിക്കപ്ലാവും പിന്നെ വളര്‍ന്ന് പന്തലിച്ച ഒരു മൂവാണ്ടന്‍മാവും മാത്രമാണ് , സങ്കടവും സന്തോഷവും എല്ലാം മൂത്തമ്മ പങ്കുവയ്ക്കുന്നത് അവരോടായിരുന്നു, ചാണകം മെഴുകിയ വരാന്തയില്‍ ഇരുന്നാല്‍ പാലകര പുഴ ഒഴുകുന്നത്‌ കാണാം , പുഴയുടെ ഒഴുക്കിന് കാതോര്‍ത്ത് വരാന്തയില്‍ മാധവിമൂത്തമ്മ അങ്ങനെ ഇരിക്കും .. !!
  പാലകര സ്കൂള്‍ പൊളിച്ച് കോണ്‍ഗ്രീറ്റ് കെട്ടിടം പണിതപ്പോള്‍ , നാട്ടുക്കാര്‍ ഒരു തീരുമാനം എടുത്തു ,
  സ്കൂള്‍ പൊളിച്ചപ്പോള്‍ ബാക്കിവന്ന ഓട് മുഴുവന്‍ , വെറുതെ കിടക്കുവ ഈ കര്‍ക്കിടക മാസത്തില്‍ എന്തായാലും മാധവിമൂത്തമ്മയുടെ വീട് പൊളിഞ്ഞ് വീഴും , അതിന് മുമ്പ്, ആ വീട് ഒന്ന് പുതുക്കിപ്പണിതു കൊടുക്കാം.. !!
  നാട്ടുകാരും പൌരപ്രമുഖരും മൂത്തമ്മയുടെ വീട്ടിലെത്തി ,
  മൂത്തമ്മേ, ഇങ്ങളുടെ വീട് ഞമ്മള്‍ പൊളിച്ച് ഓട് മേയ്യാന്‍ തീരുമാനിച്ചു , ഉസ്കൂള്‍ പൊളിച്ചപ്പോള്‍ ബാക്കി വന്ന ഓട് ഓര്‍ തരാന്ന് പറഞ്ഞിനെനു , ഇനി കഴുക്കോലും പട്ടികയും പണികൂലിയും എല്ലാം വേണം, ഈടെ ഇള്ള ഈ പ്ലാവ് ഞമ്മടെ ഉമ്മറിന് കൊടുത്താല്‍ അയിനും ഒരു തീരുമാനം ആവും … !!
  മാധവിമൂത്തമ്മ എല്ലാവരെയും രൂക്ഷമായി മാറിമാറി നോക്കി ,
  പ്ലാവ് മുറിച്ചിട്ട് എനിക്ക് വീട് ഉണ്ടാക്കേണ്ട , ഇവിടെ കിടന്നു ചത്താലും സാരമില്ല , എന്റെ പ്ലാവ് മുറിക്കാന്‍ ഞാന്‍ സമ്മതിക്കില്ല .. !!
  മൂത്തമ്മയും പ്ലാവും തമ്മില്‍ വല്ലാത്ത ആത്മബന്ധമായിരുന്നു …. !!
  ചക്ക കാലം ആയാല്‍ പ്ലാവിന്റെ പരിസരത്ത് ആളുകള്‍ കൂടും , ചെറുതും വലുതുമായ ചക്കകള്‍ പറിച്ച് നാട്ടുക്കാര്‍ കൊണ്ടുപോകും .. !!
  ചക്ക പറിക്കാന്‍ വരുന്നവരോട് ഒരു പരാതിയും പരിഭവവും പറയാതെ പ്ലാവിന്റെ ചുവട്ടില്‍ മൂത്തമ്മ ഉണ്ടാകും …!!!
  ആളും ആരവവും ഒഴിഞ്ഞാല്‍ മൂത്തമ്മ പ്ലവിനോട് പറയും
  നീ വിഷമിക്കേണ്ട പ്ലാവേ നിനക്ക് ഞാന്‍ ഇല്ലേ , അടുത്ത കൊല്ലം ചക്ക ഉണ്ടാകും . നിന്റെ ചക്ക അല്ലെ കൊണ്ടോകാന്‍ കഴിയൂ .. ഇന്നേ ഞാന്‍ ആര്‍ക്കും വിട്ട് കൊടുക്കില്ല … !!
  മരങ്ങളെയും പുഴയെയും മൃഗങ്ങളെയും മാധവി മൂത്തമ്മ സ്നേഹിച്ചു ,
  കര്‍ക്കിടകത്തിലെ മഴയത്ത് , ഓലയുടെ വിടവിലൂടെ മഴത്തുള്ളികള്‍ ചാണകതറയില്‍ വീഴും , മഴത്തുള്ളികളെ നോക്കി മൂത്തമ്മ പറയും
  ഇത് എമ്മാതിരി മഴയാണ് പെയ്യുന്നെ , എന്റെ മഴേ ഈ കൊല്ലവും ഓല മാറ്റി ഓട് മെയ്യാന്‍ എന്നെക്കൊണ്ട് പറ്റില്ല , നീ ഇങ്ങനെ വെറുതെ മഴ പെയ്യ്ത് എന്നെ പേടിപ്പിക്കേണ്ട .
  ഇന്നലെയും മഴ പെയ്തു , മാധവി മൂത്തമ്മയുടെ ഓല മേഞ്ഞ വീട്ടില്‍ മഴത്തുള്ളികള്‍ എത്തിനോക്കിയിട്ടുണ്ടാകും , മഴത്തുള്ളികളോട് പരാതി പറയാന്‍ ഇന്ന് മാധവി മൂത്തമ്മ ജീവനോടില്ല .. !!
  നാട്ടിലെ പൌരപ്രമുഖര്‍ എല്ലാവരുമുണ്ട് ക്ലിനിക്കിന്‍റെ മുന്നില്‍ നാല്‍ക്കവലയില്‍ മുറുക്കാന്‍കട നടത്തുന്ന മീശ വര്‍ക്കിചേട്ടന്‍ , യു പി സ്കൂളിലെ അദ്ധ്യാപകനായ ഹരി മാഷ് , ത്രേസ്യാമ്മചേട്ടത്തി , സഖാവ് കരുണേട്ടന്‍ , പഞ്ചായത്ത് മെമ്പറായ നേതാവ്ഉമ്മറിക്ക , പിന്നെ നാട്ടിലെ മറ്റ് ചിലരും
  അല്ലങ്കിലും മരിച്ചു എന്ന് അറിഞ്ഞാല്‍ ആളുകള്‍ കൂടും , നമ്മള്‍ മനുഷ്യര്‍ ആകെ ഭയക്കുന്നത് മരണത്തെ മാത്രമാണ് , എത്ര ഭയമില്ല എന്ന് പറഞ്ഞാലും , നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ മരണത്തെ ഭയക്കുന്നു മരണം നഷ്ടപെടലാണ് നഷ്ട്ടപെടുത്തലാണ് , ഇന്നല്ലെങ്കിൽ നാളെ മരണം നമ്മളെയും വിഴുങ്ങും എന്ന യാഥാര്‍ത്ഥ്യത്തെ കുറിച്ച് നമ്മള്‍ ചിന്തിക്കുന്നതും നമുക്ക് വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോള്‍ ആണ് .
  ക്ലിനിക്കിന് മുന്നില്‍ നിന്ന് ചര്‍ച്ച തുടങ്ങിയിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു , ഇപ്പോള്‍ ഉച്ചത്തില്‍ മുഴങ്ങുന്നത് സഖാവ് കരുണേട്ടന്റെ ശബ്ദമാണ് .മെലിഞ്ഞ് കറുത്ത പൊക്കമുള്ള സഖാവ് കരുണേട്ടന്റെ കറപ്പിടിച്ച് പൊങ്ങിയ പല്ലുകള്‍ നാട്ടില്‍ ചര്‍ച്ചാവിഷയമാണ് , കടുപ്പിച്ച വാക്കുകള്‍ ഒരു പ്രത്യേക താളത്തില്‍ പറയുന്ന കരുണേട്ടനെ തുപ്പല്‍ സഖാവ് എന്നൊരു വിളിപേര് കൂടെ ഉണ്ട് ,
  തുപ്പല്‍ സഖാവിന്റെ പ്രസംഗ വേദികളില്‍ കറപ്പിടിച്ച് പൊങ്ങിയ പല്ലിന്റെ ഇടയിലൂടെ ഉള്ള തുപ്പല്‍ മഴയെ ഭയന്ന് ആരും മുന്‍നിരയില്‍ ഇരിക്കാറില്ല തുപ്പല്‍ സഖാവ് സംസാരിക്കുന്നത് കൊണ്ട് ആണോ എന്ന് അറിയില്ല സഖാവിന്റെ ഒരു നിശ്ചിത ദൂരത്ത്‌ മുന്നിലായി ആരും നിന്നിട്ടില്ല സഖാവ് കരുണേട്ടന്‍ തുടര്‍ന്നു .
  മൂത്തമ്മ ഒരു തോട്ടം തൊഴിലാളിയായിരുന്നു ,അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പ്രതീകം മാത്രമല്ല ഉറ്റവരും ഉടയവരും ഇല്ലാത്ത ഒരു വയോധികയായിരുന്നു , അതുകൊണ്ട് അവറാച്ചന്‍ മുതലാളിയുടെ ഉമ്മാക്കിയുടെ മുന്നില്‍ ഞങ്ങള്‍ തളരില്ല ,…
  വയോധികയുടെ അര്‍ഥം അത്രക്ക് അങ്ങ് മനസിലായില്ല എങ്കിലും മറുപടി പറഞ്ഞത് ഉമ്മറിക്കയാണ് , ഉമ്മറിക്കയുടെ ബാപ്പ മമ്മാലിക്ക് പണ്ട് ഉണക്കമീന്‍ കച്ചവടമായിരുന്നു , തലശ്ശേരിയിലെ മീന്‍ മാര്‍ക്കറ്റില്‍ നിന്ന് കാളവണ്ടിയില്‍ ഉണക്കമീന്‍ കൊണ്ട് വന്ന് പാലകരയിലും പരിസരപ്രദേശങ്ങളിലും വില്‍ക്കും, ആ പാരമ്പര്യത്തിന്റെ പിന്നാലെ എന്തായാലും ഉമ്മറിക്കപോയില്ല നാട്ടില്‍ തന്നെ സ്ഥല കച്ചവടവും മരക്കച്ചവടവുമായി നടക്കുന്നു നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആണ് ഉമ്മറിക്ക ,ഖദര്‍മുണ്ടിന്റെ തുമ്പ് ഒരു കൈക്കൊണ്ട് ഉയര്‍ത്തിപ്പിടിച്ചിട്ടാണ് ഉമ്മറിക്കയുടെ സംസാരം….
  സഖാവേ ഇങ്ങള്‍ പറഞ്ഞതില്‍ കാര്യം ഉണ്ട് , ഈ മയ്യത്ത് ഇങ്ങനെ ഈടെ വെക്കുന്നത് ശരിയല്ല , സ്വന്തം സ്ഥലം ഇല്ലാത്ത സ്ഥിതിക്ക് മൂത്തമ്മ ഇത്ര കാലം പണി എടുത്ത തോട്ടത്തില്‍ തന്നെ അടക്കണം അതിനുള്ള സ്ഥലം അവറാച്ചന്‍ മുതലാളി തരുക തന്നെ വേണം …
  കുറെനേരമായി ഒന്നും മിണ്ടാതെ നില്‍ക്കുകയിരുന്നു മീശ വര്‍ക്കി , തോളില്‍ കിടന്ന തോര്‍ത്ത്‌ ഒന്ന് എടുത്ത് കുടഞ്ഞിട്ട് മീശ വര്‍ക്കി പറഞ്ഞത് ..
  ഈ ഒരു കാര്യത്തില്‍ എങ്കിലും സഖാവും നേതാവും ഒന്നിച്ചല്ലോ അത് തന്നെ മഹാഭാഗ്യം … !! , പിന്നെ സ്വന്തമായി സ്ഥലമില്ല എന്നൊന്നും നിങ്ങള്‍ പറയരുത് , ആ പത്തു സെന്റ്‌ മാധവിയുടെ ആണ്
  ഈ മീശ വര്‍ക്കിയും മാധവിമൂത്തമ്മയും എല്ലാം ഒരുമിച്ച് മലബാറിലെക്ക് കുടിയേറിയ ആളുകളാണ് ,,,
  വലിയൊരു ചുണ്ടന്‍വള്ളത്തെ അനുസ്മരിപ്പിക്കുന്ന കൊമ്പന്‍മീശയാണ് വര്‍ക്കിക്ക് ആ ഗ്രാമത്തിലെ നാല്‍ക്കവലയില്‍ ചെറിയൊരു മുറുക്കാന്‍കട നടത്തുന്നു വര്‍ക്കി ചേട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍
  ചുമ്മാ വീട്ടില്‍ ചൊറിയും കുത്തിയിരിക്കെണ്ടല്ലോ , അന്നാമ്മ കൂടെ അങ്ങ് പോയേപ്പിന്നെ എനിക്ക് സമയം പോകാന്‍ വല്ല തൊഴിലും വേണ്ടായോ, അതോണ്ട് ഈ കടയും തുറന്ന് അങ്ങ് ഇരിക്കും കാശിന് വേണ്ടിയല്ല സമയം പോകാന്‍ മാത്രം ..
  സമയം പോകാന്‍ വേണ്ടി എന്നൊക്കെ വര്‍ക്കി ചേട്ടന്‍ വീമ്പുപറഞ്ഞു എങ്കിലും , മുറുക്കാന്‍കടയുടെ മറവില്‍ ബ്രാണ്ടി കച്ചവടവും അത്യാവശ്യം പലിശക്കൊടുപ്പും തരികിടകളുമായി നല്ല കാശ് ഉണ്ടാക്കുന്നുണ്ട് , മക്കള്‍ എല്ലാം അമേരിക്കയിലുള്ള മീശ വര്‍ക്കി ഇപ്പോളും പിശുക്കിയും പട്ടിണി കിടന്നും എന്തിന് പണം ഉണ്ടാക്കുന്നു എന്നൊരു ചോദ്യം നാട്ടുക്കാരുടെ ഇടയിലുണ്ട് …!!
  മാധവി മൂത്തമ്മക്ക് പാലക്കരയില്‍ അടുപ്പമുള്ള ചുരുക്കം ചിലരില്‍ ഒരാളാണ് ത്രേസ്യാമ്മചേട്ടത്തി , ത്രേസ്യാമ്മചേട്ടത്തിയെ കണ്ടാല്‍ മാധവി ഒരുപാട് സമയം സംസാരിച്ച് നില്‍ക്കും , ഇന്നലെ മുതല്‍ കരയുവാന്‍ തുടങ്ങിയതാണ് ത്രേസ്യാമ്മചേട്ടത്തി, മാധവിമൂത്തമ്മ മരിച്ചു എന്ന യാഥാര്‍ഥ്യം വിശ്വസിക്കാന്‍ കഴിയുന്നില്ല ത്രേസ്യാമ്മചേട്ടത്തിക്ക്
  ക്ലിനിക്കില്‍ തഴപ്പായില്‍ കിടത്തിയ മാധവിമൂത്തമ്മയെ കുറെ തവണ കുലുക്കിവിളിച്ചു
  ഡീ മാധവ്യെ കണ്ണ് തുറക്കടീ നീ ,……….. !!
  ത്രേസ്യാമ്മചേട്ടത്തിയുടെ മുഖത്തെ ഭാവവും കണ്ണുനീര്‍ത്തുള്ളികളും പറഞ്ഞത് നിസഹായതയുടെ കഥകള്‍ മാത്രമായിരുന്നു , നാല് പെണ്‍കുട്ടികള്‍ ആയിരുന്നു ത്രേസ്യാമ്മചേട്ടത്തിക്ക് അവരെ കെട്ടിച്ചുവിട്ടൂ , ഭര്‍ത്താവ് മരിച്ചതിന് ശേഷം പെണ്മക്കളുടെ വീടുകളില്‍ മാറി മാറി താമസിക്കുന്നു .
  ചുക്കിച്ചുളിഞ്ഞ ശരീരവും ഒട്ടിയ കവിളും പ്രായാധിക്യം വിളിച്ചോതുന്ന മുഖവും കരഞ്ഞ് കലങ്ങിയ കണ്ണുകളും ത്രേസ്യാമ്മചേട്ടത്തിക്ക് കൂടുതല്‍ ദയനീയഭാവം ചാര്‍ത്തിക്കൊടുത്തു .. !!
  എന്നയോക്കെ ആയാലും ഇവള്‍ക്ക് ഈ ഗതി വന്നല്ലോ ഇങ്ങനെ ഒന്നും കിടക്കേണ്ടവള്‍ അല്ല ഇവള്‍, വലിയൊരു തേയിലത്തോട്ടത്തിന്റെ നടത്തിപ്പുക്കാരന്‍റെ ഒറ്റമോള്‍ , ഇന്ന് ആര്‍ക്കും വേണ്ടാതെ അനാഥ ശവമായി കിടക്കുന്നെ , മിശിഹാ തമ്പുരാനേ ഇതൊന്നും കാണിക്കാതെ എന്നെ നിനക്ക് നേരത്തെ അങ്ങ് വിളിച്ച് കൂടാരുന്നോ
  ത്രേസ്യാമ്മചേട്ടത്തിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി ,ഒരു കൈ കൊണ്ട് കണ്ണുനീര്‍ തുടച്ച് ക്ലിനിക്കിന്റെ വരാന്തയില്‍ വന്നിരുന്നു … !!
  അവറാച്ചന്‍ മുതലാളിയുടെ റബര്‍ തോട്ടത്തില്‍ തിരുവിതാംകൂറില്‍ നിന്നും പണിക്ക് വന്ന ആളുകളുടെ കൂട്ടത്തില്‍ പാലകരയില്‍ എത്തിയ ആളാണ് ത്രേസ്യാമ്മചേട്ടത്തിയും ഭര്‍ത്താവ് കുട്ടിച്ചായനും , അവറാച്ചന്‍ മുതലാളിയുടെ അച്ഛന്‍ അന്തോണിമുതലാളി ആണ് തോട്ടം വെച്ചുപിടിപ്പിച്ചത് ,
  പാലക്കരയിലെ അധികാരിയായിരുന്ന വാസുനമ്പ്യാരുടെ കാര്യസ്ഥനായിരുന്നു, കുഞ്ഞികിട്ടനാണ് അന്തോണിച്ചനെ പാലകരയില്‍ എത്തിച്ചത്
  കൂര്‍മ്മബുദ്ധിയില്‍ അഗ്രകണ്യനായ കുഞ്ഞികിട്ടന്‍ ഒരിക്കല്‍ കോഴിക്കോട് പോയപ്പോള്‍ അവിടെ വെച്ച് പരിചയപ്പെട്ടതാണ് അന്തോണിച്ചനെ.
  മലബാറില്‍ സ്ഥലം വെട്ടിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ കുറുപ്പന്തറയിലുള്ള കുടുംബ വസ്തു വിറ്റ് കാശുമായി കോഴിക്കോട് തീവണ്ടിയിറങ്ങിയ അതോണിമാപ്പിള കുഞ്ഞികിട്ടനെ പരിചയപ്പെട്ടൂ, ഏക്കര്‍ ഒന്നിന് അഞ്ച് രൂപ നിരക്കില്‍ പാലക്കരയില്‍ സ്ഥലം പതിച്ച് തരാം എന്ന ഉറപ്പില്‍ അന്തോണിമാപ്പിളയെ പാലക്കരയിലേക്ക് കൂട്ടി .. !!
  കുറുപ്പന്തറയിലെ സ്ഥലം വിറ്റ തുക മുടക്കി പാലക്കര ദേശാധികാരിയായിരുന്ന വാസുനമ്പ്യാരുടെ കൈയില്‍ നിന്നും അമ്പത് ഏക്കര്‍ വനഭൂമി അന്തോണിമാപ്പിള എഴുതി വാങ്ങി ,
  തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിന്‍റെ കെടുതികളില്‍ ജീവനും കൊണ്ട് പലായനം ചെയ്തു പലരും മലബാറിലേക്ക് കുടിയേറി, ആ കൂട്ടത്തില്‍ അതോണിമാപ്പിളയുടെ അമ്പത് ഏക്കര്‍ വനഭൂമിയില്‍ തിരുവിതാംകൂറില്‍ നിന്ന് പണിക്ക് വന്നതാണ് മാധവി മൂത്തമ്മയും മീശ വര്‍ക്കിയും ത്രേസ്യാമ്മ ചേട്ടത്തിയും
  ക്ലിനിക്കിന്റെ മുറ്റത്ത്‌ അങ്ങിങ്ങായി മഴവെള്ളം കെട്ടിനില്‍ക്കുന്നു,
  ഇപ്പോളും മഴപെയ്യുനുണ്ട് ,
  ചേട്ടത്തി …. !!
  ത്രേസ്യാമ്മചേട്ടത്തി തിരിഞ്ഞ് നോക്കി . ഹരി മാഷ്‌ ആണ് വരാന്തയുടെ അരികില്‍ ത്രേസ്യാമ്മചേട്ടത്തിയോട് ചേര്‍ന്ന് ഇരുന്നിട്ട് ഹരി മാഷ് പറഞ്ഞു ..
  എനിക്ക് മൂത്തമ്മയെ കുറിച്ച് ഒന്നും അറിയില്ല , എല്ലാവരും മൂത്തമ്മ എന്ന് വിളിക്കുന്നു ഞാനും .. !!
  കണ്ണട ഒരു കൈകൊണ്ട് ഊരിയെടുത്തു മുണ്ടിന്റെ തുമ്പ്ക്കൊണ്ട് തുടച്ചിട്ട് ഹരി മാഷ്‌ തുടര്‍ന്നു .
  മൂത്തമ്മക്ക് ബന്ധുക്കള്‍ ആരും ഉള്ളതായി എനിക്ക് അറിയില്ല എണ്ണിയാല്‍ തീരാത്ത പൂച്ചകളും തേന്‍ ചക്കചുള തരുന്ന വരിക്കപ്ലാവും ആയിരുന്നു എന്റെ അറിവില്‍ മൂത്തമ്മയുടെ ഉറ്റവരും ഉടയവരും , അവറാച്ചന്‍ മുതലാളിയുടെ റബര്‍ തോട്ടത്തിന്റെ അരികിലായി മണ്‍ ഇഷ്ട്ടികകള്‍ പെറുക്കി വെച്ച് കെട്ടിപൊക്കിയ ഒരു കൊച്ചു കുടിലില്‍ ആരും ഇല്ലാത്ത ആ സ്ത്രീ ജീവിച്ചു , എനിക്ക് അറിയണം അവരെ കുറിച്ച് ..
  കണ്ണുനീര്‍ തുള്ളികള്‍ വിടവാങ്ങിയ ത്രേസ്യാമ്മചേട്ടത്തിയുടെ കണ്ണുകള്‍ കൂടുതല്‍ തിളങ്ങി , പ്രായാധിക്യം ഓര്‍മ്മകളെ ചികയുവാന്‍ പാടുപ്പെടും പോലെ തോന്നി , കാലം ചില ഓര്‍മ്മകളെ മങ്ങലേല്‍പിക്കും എന്നാല്‍ ചില ഓര്‍മ്മകള്‍ കരിങ്കല്ലില്‍ കോറിയിട്ട ചിത്രം പോലെയാണ് കാലത്തിന്റെ കുത്തൊഴുക്കില്‍ മായാതെ അവസാനിക്കും .. !!
  • Blogger Comments
  • Facebook Comments
  Item Reviewed: ഓത്തുപള്ളി ഓർമ്മയിലെ തേൻ തുള്ളി Rating: 5 Reviewed By: Unknown
  Scroll to Top