• Latest News

  കാലം കാവാലം


  മലയാളം ജന്മം നല്‍കിയ വിശ്വ പ്രതിഭകളില്‍ ഒരാളായിരുന്നു കാവാലം നാരായണ പണിക്കര്‍. ഏതെങ്കിലും ഒരു കോണില്‍ നിന്ന് മാത്രം അളന്നെടുക്കാന്‍ പറ്റുന്ന വ്യക്തിപ്രഭാവമായിരുന്നില്ല അദ്ദേഹത്തിന്റേത്. നാടകം, കവിത, സംഗീതം, നൃത്തം, നാടോടി വിജ്ഞാനീയം എന്നീ മേഖലകളിലെല്ലാം സമാനതകളില്ലാത്ത വിധം കാവാലം കൈയ്യൊപ്പു ചാര്‍ത്തി. മലയാള നാടകത്തിന്റെ ചക്രവാളങ്ങളില്‍ അദ്ദേഹം പുതിയൊരു നക്ഷത്രവെളിച്ചം തീര്‍ത്തു. സ്വത്വ ബോധമുള്ള അരങ്ങൊരുക്കങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കാട്ടിയ കരവിരുത് അനാദൃശ്യമാണ്. ഭാഷയ്ക്കും സാഹിത്യത്തിനും നെഞ്ചോട് ചേര്‍ത്തു വെച്ച് പരിലാളിക്കാന്‍ കാവാലം നല്‍കിയ അമൂല്യങ്ങളായ സംഭാവനകളെ വിവിധ കോണുകളില്‍ നിന്ന് വിശകലനം ചെയ്യുന്ന പ്രബന്ധ സമാഹാരമാണിത്. ഭാവിയിലേക്ക് ഒരു കരുതിവെപ്പ്.
  കാവാലം നാരായണപ്പണിക്കരുടെ കലാജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്നതാണ് ഈ കൃതി. കാവാലത്തിന്റെ നാടക പ്രവര്‍ത്തനങ്ങളെക്കുറിച്ചും, നാടകകൃത്തെന്ന നിലയിലും നാടക സംവിധായകന്‍ എന്ന നിലയിലും കാവാലത്തിന്റെ ജീവിതത്തെ, അദ്ദേഹവുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചവരും അദ്ദേഹത്തിന്റെ നാടകങ്ങളില്‍ അഭിനയിച്ചവരും നടത്തുന്ന വിലയിരുത്തലുകള്‍ ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചും, കവിതകളെക്കുറിച്ചുമെല്ലാം അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നവര്‍ ഓര്‍ത്തെടുക്കുന്നതാണ് ഈ പുസ്തകം. ഓരോരുത്തര്‍ക്കും ഓരോ രീതിയിലാണ് കാവാലത്തെക്കുറിച്ച് പറയാനുള്ളത്. ചിലര്‍ക്ക് നാടക പ്രവര്‍ത്തകനായിരുന്നു കാവാലം, മറ്റു ചിലര്‍ക്ക് ഗാന രചയിതാവായിരുന്നു.
  ‘കാവാലം നാരായണപ്പണിക്കര്‍ എന്ന ബഹുമുഖ പ്രതിഭയുടെ കലാ സപര്യയാണ് ഈ കൃതിയുടെ പ്രമേയം. പ്രഗത്ഭമതികളായ ഏതാനും ലേഖകരുടെ മനസ്സുകളില്‍ തെളിഞ്ഞു നില്‍ക്കുന്ന കാവാലത്തിന്റെ വ്യക്തിപ്രഭാവം നമുക്കിവിടെ കാണാം. ഇതിലെ ലേഖനങ്ങളും, കാവാലവുമായി ശ്രീ. ഷാബു നടത്തിയ സംവാദവും കാവാലത്തനിമയുടെ അകത്തളങ്ങളെ തെളിമയോടെ പകര്‍ത്തിക്കാണിക്കുന്നു. കാവാലത്തിന്റെ കവിതകളിലും നാടകങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന ചാരുതയും ചടുലതയും അദ്ദേഹത്തിന്റെ സംശുദ്ധമായ ഗ്രാമീണ ജീവിത ശൈലിയുടെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്നതാണ് ഇത്. നാടന്‍ കലകള്‍, നാടന്‍ പാട്ടുകള്‍, അനുഷ്ഠാനങ്ങള്‍, കൂത്ത്, കൂടിയാട്ടം, തെയ്യം, തിറയാട്ടം, മുടിയേറ്റ്, പടയണി മുതലായവ ഉള്‍പ്പെട്ട നമ്മുടെ പാരമ്പര്യത്തനിമയും, സ്വന്തം സര്‍ഗ്ഗവൈഭവവും ഒത്തിണങ്ങിയ വ്യക്തിത്വമാണ് കാവാലത്തിനുണ്ടായിരുന്നത്. ആ സവിശേഷതകള്‍ ഓരോന്നും എടുത്തു കാണിക്കുവാന്‍ പര്യാപ്തമാണ് ശ്രീ. ഷാബു സമാഹരിച്ചിട്ടുള്ള ലേഖനങ്ങള്‍’. – പുസ്തകത്തിന്റെ അവതാരികയില്‍ കെ കെ സി നായര്‍ പറയുന്നു.
  സാക്ഷി, ദേശത്തുടയോന്‍, ഒറ്റയാന്‍ എന്നിങ്ങനെ മൂന്നു അദ്ധ്യായങ്ങളിലായാണ് ഷാബു ഈ പുസ്തകത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. മൂന്ന് അദ്ധ്യായങ്ങളിലുമായി മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, നെടുമുടി വേണു, കാവാലം ശ്രീകുമാര്‍, മേതില്‍ ദേവിക തുടങ്ങി പ്രമുഖര്‍ കാവാലത്തെ ഓര്‍ത്തെടുക്കുന്നുണ്ട്. കാവാലവുമായി ഷാബു നടത്തിയ അഭിമുഖ സംഭാഷണവും, അദ്ദേഹത്തിന്റെ തന്നെ കൈപ്പടയിലുള്ള ‘വയസ്സില്ലാ വായ്ത്താരി’ എന്ന കവിതയും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
  കാവാലത്തെക്കുറിച്ചുള്ള ജീവചരിത്രം വളരെ സമഗ്രമായി തന്നെ പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നാടകങ്ങള്‍, പാട്ടുകള്‍ എല്ലാം കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  കാവാലം ഒരു കാലം ……
  നെടുമുടി വേണു ഓർക്കുന്നു
  അരങ്ങിലും അക്ഷരത്തിലും തനത്‌ മുദ്രകളുടെ മഹായുഗം സൃഷ്ടിച്ച കാവാലം നാരായണപ്പണിക്കരെ അദ്ദേഹത്തിന്റെ കലാജീവിതത്തിലെ സഹയാത്രികൻ ഓർമിക്കുന്നു……
  എനിക്ക് കുട്ടിക്കാലം മുതലേ കലകളിൽ കമ്പമുണ്ടായിരുന്നു. അച്ഛൻ ഏർപ്പാടാക്കിയ ഗുരുക്കന്മാർ എന്റെ ചേട്ടന്മാരെ കർണാടകസംഗീതവും കഥകളി സംഗീതവുംമൃദംഗവുമൊക്കെ പഠിപ്പിക്കുന്നത് തീരേ കുഞ്ഞായിരുന്ന ഞാൻ വലിയ ഇഷ്ടത്തോടെ കേട്ടിരിക്കുമായിരുന്നു. മുതിരട്ടെ, ഞാനും ഇതെല്ലാം പഠിക്കും. ഞാൻ മനസ്സിൽ പറയും.പക്ഷേ അതൊക്കെ പഠിക്കാൻ ഞാൻ പാകമായപ്പോഴേയ്ക്കും അച്ഛൻ പെൻഷനായി. വരുമാനം നിന്നു. അതോടെ ഗുരുക്കന്മാർ വരാതായി. അഭിനയത്തോടുള്ള കമ്പവുംഅക്കാലം മുതൽക്കേ എന്നിൽ ഉണ്ടായിരിക്കണം. ആലപ്പുഴ എസ്.ഡി. കോളേജിൽ പഠിക്കുന്ന കാലമായപ്പോഴേക്ക് എന്റെ നാടകപ്രവർത്തനം ജീവിതത്തെത്തന്നെനിർണയിക്കുന്ന മട്ടിൽ കതിരിടാൻ തുടങ്ങിയിരുന്നു. ഫാസിലാണ് അക്കാലത്ത് കോളേജിൽ മത്സരങ്ങൾക്കും മറ്റും നാടകങ്ങൾ തയ്യാറാക്കിയിരുന്നത്. അങ്ങനെ ആലപ്പുഴമുനിസിപ്പൽ സ്റ്റേഡിയത്തിൽ  ഒരു നാടകമത്സരം. പ്രധാന വിധികർത്താവായി മുന്നിൽ ഇരിക്കുന്നു സാക്ഷാൽ കാവാലം നാരായണപ്പണിക്കർ. അന്നെനിക്ക് 22-23 വയസ്.കാവാലം സാറിന് ഏറിയാൽ 40 വയസ്സിനോടടുത്ത് പ്രായം. നീണ്ടുമെലിഞ്ഞ് ആറടിപ്പൊക്കത്തിൽ ആകർഷകമായ രൂപം. കാവാലത്തെക്കുറിച്ച് കേട്ടറിവും ദൂരെ നിന്ന്കണ്ടറിവും മാത്രമേ ഉണ്ടായിരുന്നുള്ളൂ…. ഞങ്ങൾക്ക് നല്ല നാടകത്തിനും ഫാസിലിന് നല്ല നടനുമുള്ള സമ്മാനംകിട്ടി. കാവാലം അണിയറയിൽ വന്ന് ഞങ്ങളെയെല്ലാംപരിചയപ്പെട്ടിട്ടു പറഞ്ഞു: ‘‘നാളെ നിങ്ങളെല്ലാം എന്റെ വീട്ടിലേക്ക്‌ വരണം. നമുക്ക് ചില കാര്യങ്ങൾ തീരുമാനിക്കാനുണ്ട്.’’തകഴിയും നെടുമുടിയും കാവാലവുമൊക്കെകുട്ടനാട്ടിലെ ഗ്രാമത്തുരുത്തുകളാണ്. വഞ്ചിയുടെ സഹായമില്ലാതെ അന്ന് ഈ തുരുത്തുകളിലൊന്നും എത്തിപ്പെടാൻ  കഴിയില്ല. പിറ്റേന്ന് ഞങ്ങൾ കൃത്യമായി അദ്ദേഹത്തിന്റെവീട്ടിലെത്തി. …… എന്റെ കൂടെ ഫാസിൽ, രാമചന്ദ്രൻ, ഇ.സി. തോമസ്, ഉവൈസ് റഹ്‌മാൻ, അഷ്‌റഫ് എന്നിവരുമുണ്ട്. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന്സംവിധാനത്തിൽ ഉന്നതബിരുദം നേടിയ നേടിയ കുമാരവർമ എന്ന ചെറുപ്പക്കാരൻ അന്ന് കാവാലത്തോടൊപ്പമുണ്ട്. കുറച്ചുദിവസത്തെ പരിശീലനത്തിന് ശേഷം‘തിരുവാഴിത്താൻ’, ‘എനിക്കുശേഷം’ എന്നീ നാടകങ്ങൾ ഞങ്ങൾ അരങ്ങിലേറ്റി. പക്ഷേ തനതു നാടകവേദി എന്ന സങ്കല്പം പൂർണതയിലെത്തിയത്  ‘‘ദൈവത്താർ’’ എന്നനാടകത്തിലൂടെയാണ്. അതിന്റെ തുടക്കം ഇന്നും എന്റെ ഓർമയിൽ നിറഞ്ഞുനിൽക്കുന്നു: ഒരു സന്ധ്യാനേരം. പെട്ടെന്ന് കാറിൽ കയറാൻ കാവാലം എന്നോട് ആവശ്യപ്പെട്ടു.  ഇടയ്ക്കിടെ അങ്ങനെ ചില യാത്രകളുണ്ടാകാറുണ്ട്. വണ്ടി നേരേ പോയിനിന്നത് എസ്.ഡി. കോളേജിലെ മലയാളം പ്രൊഫസറും മഹാപണ്ഡിതനുമായ രാമവർമത്തമ്പുരാൻസാറിന്റെ വീട്ടിലാണ്. അദ്ദേഹം എന്റെ ബഹുമാന്യനായ ഗുരുനാഥനും ഞാൻ പ്രിയശിഷ്യനുമാണ്…….
  ചെന്ന ഉടനേ കാവാലം ഉമ്മറത്തൊരു നിലവിളക്ക് കൊളുത്തിവയ്ക്കാൻ പറഞ്ഞു. കുട്ടികൾ വിളക്കുവച്ചു. തോളിലുള്ള സഞ്ചിയിൽ നിന്ന് ഒരു ഉടുക്കെടുത്ത് എന്റെ കൈയിൽതന്നു. ഉടുക്കിന്റെ നടുവിൽ കുറുകെകെട്ടിയ ചരടിലൂടെ മൂന്ന് വിരലുകൾ അകത്തേയ്ക്ക് കടത്തി കൈവെള്ള ഒരാധാരമാക്കി വച്ച് തള്ളവിരൽ കൊണ്ട് ആ ചരടിൽവിരലുകളമർത്തി അതെങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് കാവാലം കാണിച്ചു തന്നു. കുട്ടിക്കാലത്ത് പഠിച്ചു മറന്ന താളങ്ങൾ എന്റെ വിരൽത്തുമ്പിലുണർന്നു. അദ്ദേഹംപറഞ്ഞതനുസരിച്ച് ഗണപതിത്താളത്തിന്റെ വായ്ത്താരി ഞാൻ ഉറക്കെച്ചൊല്ലി. അതേതാളം ഉടുക്കിൽ വായിച്ചു. കാലൻ കണിയാൻ എന്ന കഥാപാത്രത്തിന്റെയുംദൈവത്താർ എന്ന നാടകത്തിന്റെയും തുടക്കമായിരുന്നു അത്!
  അച്ഛനും ഗുരുവും അന്നൊരിക്കൽ കാവാലത്തിന്റെ എന്തോ ആവശ്യത്തിന് ചങ്ങനാശ്ശേരിയിലേക്ക് പോകുംവഴി ഞങ്ങൾ നെടുമുടികടവിലെത്തി. അന്ന് പാലമായിട്ടില്ല.കാവാലം സാറിന് ഒരു ഫിയറ്റ് കാർ ഉണ്ട്. കാർ കയറ്റാൻ ചങ്ങാടത്തിനായി കാത്തുനിൽക്കെ അദ്ദേഹം ചോദിച്ചു: ‘‘വേണുവിന്റെ വീട് അടുത്തെവിടെയോ അല്ലേ?’’
  ‘‘ഒരൊന്നൊന്നര മണിക്കൂർ നടക്കണം’’, ഞാൻ പറഞ്ഞു. ‘‘നമുക്കെന്നാൽ തന്റെ വീട്ടിൽ കയറിയിട്ടു വരാം.’’   വഴിനീളെ ചെറിയ തോടുകളുണ്ട്. അതിന്റെയെല്ലാം കുറുകെഒറ്റത്തടിപ്പാലങ്ങൾ.  സാറിന് ബുദ്ധിമുട്ടാവും’’,  പിന്തിരിപ്പിക്കാൻ ശ്രമിച്ചുനോക്കി. അപ്പോഴേക്കും അദ്ദേഹം കാർ ലോക്ക് ചെയ്ത് നടന്നു തുടങ്ങിയിരുന്നു. നടന്നു തുടങ്ങിയാൽഒപ്പമെത്താൻ പ്രയാസമാണ്. അത്ര ചടുലമാണ് നീണ്ട കാലുകൾ വലിച്ചുവച്ചുള്ള ആ നടത്തം. ഏതായാലും വീട്ടിൽ ചെന്നു. അച്ഛൻ അന്ന് രോഗശയ്യയിലാണ്. അവരിരുവരുംമാത്രമായി കുറെ നേരം സംസാരിച്ചിരുന്നു. അച്ഛന് കാവാലത്തിന്റെ കുടുംബമറിയാം.
  കാവാലത്തിന്റെ അമ്മാവനായ സർദാർ കെ.എം. പണിക്കരും ഇടയ്ക്കിടെ വിരുന്നുവരാറുള്ള മഹാകവി വള്ളത്തോളും അടങ്ങുന്ന സദസ്സിൽ അച്ഛൻ പലപ്പോഴും സ്വന്തംകവിതകളവതരിപ്പിച്ചിട്ടുണ്ട്. തിരിച്ചുനടക്കുമ്പോൾ കാവാലം എന്നോടുപറഞ്ഞു: ‘‘അച്ഛൻ പറഞ്ഞതെന്താണെന്നറിയാമോ? അഞ്ചാൺമക്കളിൽ ഇളയവനായ അവനെകലകളൊന്നും അഭ്യസിപ്പിക്കാൻ കഴിഞ്ഞില്ല. പക്ഷേ ഇപ്പോൾ കാവാലത്തിന്റെ കൂടെയാണ് എന്നറിഞ്ഞപ്പോ എന്റെ മകൻ എത്തേണ്ട കൈകളിൽ എത്തി എന്ന് അതിയായസമാധാനം, എന്ന്.’’
  ജീവിതയാത്ര
  കാവാലത്തിനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ഞാൻ എന്താകുമായിരുന്നു എന്നിപ്പോൾ തീരുമാനിക്കുക വയ്യ. എങ്കിലും ഒട്ടും ശുഭകരമായിരിക്കില്ല ആ ജീവിതയാത്രഎന്നെനിക്ക് തോന്നുന്നു. ഏഴാം ക്ലാസിലോ എട്ടാംക്ലാസിലോ ശാകുന്തളത്തിലെ ഒരങ്കം പഠിക്കാനുണ്ടായിരുന്നു. ദുഷ്യന്തൻ തേരിൽ പ്രവേശിക്കുന്നതും രഥവേഗംനടിക്കുന്നതുമൊക്കെ എങ്ങനെയാണ് രംഗത്ത് അവതരിപ്പിക്കുക? എന്നെ ചിന്തിപ്പിച്ച വിഷയമാണ്. പിന്നീട് കലാനിലയം നാടകങ്ങൾ കണ്ടപ്പോൾ എന്തും അരങ്ങിൽകാണിക്കാനുള്ള പുതിയ പുതിയ വിദ്യകൾ ഉണ്ടല്ലോ എന്ന് തോന്നി. പക്ഷേ പണ്ട് കാളിദാസന്റെ കാലത്ത് ഇത്തരം സങ്കേതങ്ങൾ ഒന്നുമില്ലല്ലോ. പലരോടും സംശയങ്ങൾചോദിച്ചു. അവരെല്ലാം പറഞ്ഞത് അത്തരം നാടകങ്ങളൊന്നും അരങ്ങിൽ അവതരിപ്പിക്കാനല്ല, വായിക്കാൻ മാത്രമുള്ളവയാണ് എന്നാണ്. പിന്നീട് കാവാലവുമായിചേർന്നപ്പോൾ, ശൂന്യതയിൽ നിന്ന് എന്തും സൃഷ്ടിക്കുവാനുള്ള മിടുക്ക് കേരളീയ രംഗശീലക്രമത്തിനുണ്ടെന്ന് ബോധ്യമായി. അവനവൻ കടമ്പ, കല്ലുരുട്ടി, തെയ്യത്തെയ്യംതുടങ്ങിയ നാടകങ്ങൾ നമ്മുടെ നാടോടി സംസ്‌കൃതിയിൽ ഊന്നി നിൽക്കുമ്പോൾ സംസ്‌കൃത നാടകങ്ങൾക്ക് രംഗഭാഷ്യമൊരുക്കാൻ സഹായകമായത് അതിസമ്പന്നമായനമ്മുടെ പാരമ്പര്യകലകൾ തന്നെയാണ്. ഭാസന്റെയും കാളിദാസന്റെയും ഒക്കെ സംസ്‌കൃത നാടകങ്ങൾക്ക് രംഗഭാഷ്യം ചമയ്ക്കാൻ ഔത്തരാഹന്മാർ വഴികിട്ടാതെവലയുമ്പോൾ നമ്മുടെ സ്രോതസ്സിൽ നിന്ന് ഊർജം കൈക്കൊണ്ട് കാവാലം അത് അരങ്ങിൽ അയത്‌നം ചെയ്തു കാണിച്ചു. കേരളീയവും ഭാരതീയവുമായനാടകസങ്കല്പങ്ങൾക്കപ്പുറം കാലദേശഭാഷാതിവർത്തിയായ ലോകനാടകവേദിയിലേക്ക് നടന്നു കയറാനുള്ള ശ്രമത്തിനിടയിലാണ് കാലം കാവാലത്തിന് തിരശ്ശീലയിട്ടത്.   1972മുതൽ 80 വരെയുള്ള കാലഘട്ടങ്ങളിൽ ഞങ്ങൾ അദ്ദേഹത്തിന്റെ നാടകങ്ങളുമായി യാത്രകളിലായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം മാത്രമല്ല ഡൽഹി, ഫരീദാബാദ്,ഉജ്ജയിനി… ഗുരുനാഥന്റെ പീഠം വലിച്ചിട്ട് ഇരിക്കുകയായിരുന്നില്ല അദ്ദേഹം. ഒരാളെയും ചെറുതായി  കണ്ടിട്ടുമില്ല.
  • Blogger Comments
  • Facebook Comments
  Item Reviewed: കാലം കാവാലം Rating: 5 Reviewed By: Unknown
  Scroll to Top