• Latest News

  സോക്കര്‍ ഇന്‍ സണ്‍ ഏന്റ് ഷാഡോ

  കൊച്ചു കൊച്ചു കുറിപ്പുകള്‍ കൊണ്ടാണ് ഗലിയാനോ ഈ കൃതി നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ ഗെയിമിനെക്കുറിച്ചും ദീര്‍ഘമായ ചര്‍ച്ചയ്‌ക്കോ നിരീക്ഷണത്തിനോ മുതിരാതെ കളിയുടെ ആത്മാവിനെ തൊട്ടുഴിയുന്ന ഗ്രന്ഥകര്‍ത്താവ് അവിസ്മരണീയമായ രേഖാചിത്രങ്ങളും സൃഷ്ടിക്കുന്നു. വചോമൃതങ്ങളായ ആ രേഖാരൂപങ്ങള്‍ കളിക്കാരുടെ വ്യക്തിത്വപ്രത്യേകതകള്‍ വായനക്കാരന്റെ മനസ്സില്‍ അഗാധമായി പതിപ്പിക്കുന്നു.
  ചൈനയില്‍ നിന്നും തുടങ്ങുന്ന ഫുട്‌ബോള്‍ കളി ബ്രിട്ടനില്‍ ജനങ്ങളുടെ വിനോദമായി മാറുന്നതും, പലതരം വൈതരണികള്‍ പിന്നിട്ട് ചട്ടങ്ങളുടെ ചട്ടക്കൂടിനുള്ളിലൂടെ പരിപാകമായ ഗെയിമായി അതു വളരുന്നതും പ്രതിപാദിക്കുന്ന ഗ്രന്ഥകര്‍ത്താവ്, ലാറ്റിനമേരിക്കയുടെ മനസ്സിനെ അത് അപഹരിക്കുന്നതെങ്ങനെയെന്ന് എഴുതുന്നു: ‘ഹിസ് മെജെസ്റ്റിയുടെ കപ്പലുകള്‍ ബ്ലാങ്കറ്റുകളും ബൂട്ടുകളും ധാന്യമാവും കൊണ്ടുവരുന്നതിനായി ചെമ്മരിയാടിന്റെ രോമവും മൃഗങ്ങളുടെ തോലും ഗോതമ്പും കയറ്റിക്കൊണ്ടു പോകുന്നതിനിടയില്‍ ബ്യൂണസ് അയേഴ്‌സിലും മോണ്ടി വീഡിയോയിലും ബ്രിട്ടീഷ് നാവികര്‍ വിശ്രമവേളയില്‍ ഫുട്‌ബോള്‍ കളിക്കുമായിരുന്നു. ഒരു പന്തിന്റെ ചുറ്റും കുറെപ്പേര്‍ ഓടിയിരുന്നതിനെ ഭ്രാന്തന്‍മാരുടെ കളിയെന്നായിരുന്നു അക്കാലത്ത് വിശേഷിപ്പിച്ചിരുന്നതെന്ന് ‘പത്രപ്രവര്‍ത്തകനായ ജൂവാന്‍ ജോസ് ഡിസോയിസ ഓര്‍മ്മിക്കുന്നു. വളരെ പെട്ടെന്ന് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഹരമായി. സംഗീതം മീട്ടുന്ന ഗിത്താറിനെപ്പോലെ പന്തില്‍ കാലുകള്‍ കൊണ്ട് അവര്‍ സംഗീതം സൃഷ്ടിച്ചു. കറുത്തവരായ അടിമകളുടെ ‘കപോരി’ എന്ന പേരില്‍ അറിയപ്പെടുന്ന യുദ്ധനൃത്തത്തെ ത്രസിപ്പിച്ചിരുന്ന ചടുലതാളം ഫുട്‌ബോളില്‍ പകര്‍ന്ന അവര്‍, കടപ്രദേശം ചലിപ്പിച്ചും താളനിബദ്ധമായി ഉടലിനെയും കാലുകളെയും കോര്‍ത്തിണക്കിയും ഫുട്‌ബോളിനെ സംഗീത ശില്‍പ്പമാക്കി രൂപപ്പെടുത്തി. മുറിഞ്ഞു പോകാത്ത ഒരു രാഗാലാപനം പോലെയായിരുന്നു ആ രാജ്യങ്ങളിലെ ഫുട്‌ബോള്‍ കളി. ആരെയും അമ്പരപ്പിക്കും വിധം അവര്‍ പന്തുകൊണ്ട് ജാലവിദ്യകള്‍ കാണിച്ചു. ഒരു പെണ്‍കുട്ടിയോടെന്ന പോലെ, അവരില്‍ ചിലര്‍ പന്തിനോടു പെരുമാറി. പ്രേമവിധുരയായ കാമുകിയെ തഴുകിയുണര്‍ത്തുന്നതുപോലെ, അവര്‍ പന്തിനോടു ശൃംഗരിച്ചു. ‘ഒടുവില്‍ എത്തുന്ന ഗോള്‍ ഫുട്‌ബോളിലെ രതിമൂര്‍ച്ഛയായി എന്നാല്‍, എല്ലാ രതിമൂര്‍ച്ഛകളെയും പോലെ ആധുനിക ജീവിതത്തില്‍ അത് അപൂര്‍വ്വാനുഭവമായി മാറിയിരിക്കുന്നു’. ലോക ഫുട്‌ബോളിനു നഷ്ടപ്പെടുന്ന സംഗീതത്തിന്റെ സൗന്ദര്യത്തെ പരോക്ഷമായി ഗ്രന്ഥകര്‍ത്താവ് പരാമര്‍ശിക്കുന്നു.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  1969 മെര്‍കാനാ സ്‌റ്റേഡിയത്തില്‍ വാസ്‌കോ ഡ ഗാമയെ നേരിടുകയായിരുന്നു സാന്തോസ്. നിലത്തു സ്പര്‍ശിക്കാതെ പ്രതിയോഗികളില്‍ നിന്നും ഒഴിഞ്ഞുമാറി ഒരു മിന്നല്‍പ്പിണര്‍ പോലെ ഫീല്‍ഡു ക്രോസ് ചെയ്തു ഗോളിലേക്ക് എത്താന്‍ തുടങ്ങുമ്പോള്‍ പോലെ ട്രാപ്പു ചെയ്യപ്പെട്ടു. പെനാല്‍റ്റി വിസില്‍. പക്ഷെ, പെനാല്‍റ്റി കിക്കെടുക്കാന്‍ പെലെ മടിച്ചു. അപ്പോഴേക്കും പതിനായിരങ്ങള്‍ പേരു വിളിച്ചുപറഞ്ഞ് അതിനായി അദ്ദേഹത്തെ നിര്‍ബന്ധിച്ചു.
  മെര്‍കാനയില്‍ നിരവധി ഗോളുകള്‍ പെലെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. പ്രതിരോധ നിരയില്‍ അണിനിരന്ന ഏഴുപേരെയും ഗോളികളെയും വകഞ്ഞുമാറ്റി 1961-ല്‍ ഫ്‌ലൂമിണന്‍സിനെതിരായി നേടിയതുള്‍പ്പെടെ എത്രയോ അത്ഭുതകരങ്ങളായ ഗോളുകള്‍ പെലെ അടിച്ചിട്ടുണ്ട്. എന്നാല്‍, അതില്‍ നിന്നും വ്യത്യസ്തമായിരുന്നു പെനാല്‍റ്റി. പവിത്രമായ എന്തോ അതിനുണ്ടെന്ന് ആളുകള്‍ വിചാരിച്ചു. അതുകൊണ്ടു കൂടിയായിരുന്നു ഒച്ചവെച്ച് ബഹളമുണ്ടാക്കിയിരുന്ന എല്ലാവരും പൊടുന്നനെ നിശ്ശബ്ദരായത്. ഏതോ ഒരു കല്‍പ്പന അനുസരിക്കുന്നതു പോലെ ബഹളം അപ്രത്യക്ഷമായി. ആരും സംസാരിച്ചില്ല. ആരും ശ്വാസോച്ഛാസം പോലും നടത്തിയില്ല. ക്ഷണമാത്രയില്‍ സ്റ്റാന്‍ഡുകളും ഫീല്‍ഡും നിര്‍ജ്ജനമായതു പോലെ. പെലെയും ഗോളി ആന്‍ദ്രാദയും മാത്രം. അവര്‍ കാത്തു നിന്നു. പെനാല്‍റ്റി സ്‌പോര്‍ട്ടില്‍ പന്തുമായി പെലെ. അതിനു പന്ത്രണ്ടു വാര അകലെയായി, രണ്ടു പോസ്റ്റുകള്‍ക്കിടയില്‍ തയ്യാറായി കാത്തു നില്‍ക്കുന്ന ആന്‍ദ്രാദ.
  ഗോള്‍ കീപ്പര്‍ പന്തില്‍ ഉരസിയെങ്കിലും പെലെ അതിനെ നെറ്റിലേക്ക് പായിച്ചു വിട്ടു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ മറ്റൊരു കളിക്കാരനും ആയിരാമത്തെ ഗോള്‍ സ്‌കോര്‍ ചെയ്തിട്ടില്ല. അതോടെ ജനക്കൂട്ടം സജീവമായി. കൊച്ചുകുട്ടികളെപ്പോലെ ചാടിക്കളിച്ചു. രാത്രി പ്രകാശപൂര്‍ണ്ണമായി.
  • Blogger Comments
  • Facebook Comments
  Item Reviewed: സോക്കര്‍ ഇന്‍ സണ്‍ ഏന്റ് ഷാഡോ Rating: 5 Reviewed By: Unknown
  Scroll to Top