• Latest News

  പുഞ്ചപ്പാടം കഥകൾ – ജോസ്ലറ്റ് ജോസഫ്‌

  പുസ്തക പരിചയം
  പുഞ്ചപ്പാടം കഥകൾ – ജോസ്ലറ്റ് ജോസഫ്‌
  ‘കഥയിലെ നിറഭേദങ്ങള്‍ ചിരിയുടെ മഴവില്ല് ചമയ്ക്കുമ്പോള്‍
  സന്തോഷ്‌ ജോര്‍ജ്ജ് എഴുതിയ ആസ്വാദനം
  “പെരുമഴയത്താണ് ഞാന്‍ കുട്ടനാട്ടില്‍ ചെല്ലുന്നത്. കടത്തുകാരന്‍ ഒഴുക്കാണെന്നു പറഞ്ഞു. എന്റെ അപ്പന്റെ മരണമാണെന്ന് ഞാന്‍ പറഞ്ഞു. അവനു മനസ്സിലായി. അവന്‍ എന്റെ കൂടെ പഠിച്ചവനാണ്. അവന്‍ കഴുക്കോല്‍ എടുത്ത് ഊന്നുന്നു. ആറ്റില്‍ വാസ്തവത്തില്‍ വെള്ളത്തിന്റെ ഒഴുക്കുണ്ടായിരുന്നു. അവന്റെ കൂടെച്ചേര്‍ന്ന്‍ ഞാനും കഴുക്കോലെടുത്ത് ഊന്നിയപ്പോള്‍ മാത്രമാണ് എന്റെ അപ്പന്റെ മരണത്തേക്കാള്‍ വലുതാണ്‌ ഒഴുക്കെന്ന് മനസ്സിലായത്.”
  ചലച്ചിത്രകാരന്‍ ജോണ്‍ അബ്രഹാമിന്റെ ഈ കുറിപ്പാണ് കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ വായിച്ച ശക്തമായ കറുത്ത ഫലിതം. തകഴി സൃഷ്ടിച്ച പച്ചപ്പിനും ജോണിന്റെ അക്ഷരങ്ങള്‍ തീര്‍ത്ത കറുപ്പിനും ഇടയില്‍ കുട്ടനാടിന്റെ പ്രകൃതിയും ജീവിതവും പിന്നെയും വായനയില്‍ കടന്നുവന്നു. അവയിലൊക്കെ കറുപ്പിനും പച്ചപ്പിനും ഇടയിലുള്ള ജിവിതത്തിന്റെ നിറങ്ങള്‍ തിരയുന്നത് വായനാകൌതുകമായിരുന്നു.
  ഈ താത്പര്യത്തിലേക്കാണ് കുട്ടനാടന്‍ ജീവിതത്തിന്റെ വിഭിന്ന വര്‍ണ്ണങ്ങളുമായി ജോസ്ലറ്റ് ജോസഫിന്റെ കഥകള്‍ കടന്നു വരുന്നത്. പുഞ്ചപ്പാടത്തിന്റെ പച്ചപ്പില്‍ നിന്നും സമകാലിക ജീവിതത്തിന്റെ ഇരുണ്ട നിറങ്ങളിലേക്ക് പരിഹാസത്തിന്റെ ചൂട്ട് മിന്നിക്കുന്ന രചനകള്‍. വര്‍ണ്ണങ്ങളെ ജീവിതാവസ്ഥയുമായി ബന്ധിപ്പിച്ചു വായിക്കുകയാണെങ്കില്‍ പച്ചയും കരിയും ചുവന്ന താടിയുമൊക്കെ നിറഞ്ഞാടുകയാണത്തില്‍. നിഷ്കളങ്കരായ ഗ്രാമീണ മനുഷ്യന്‍, നിത്യജീവിതത്തിന്റെ നിലനില്പിനുവേണ്ടി പല സൂത്രവിദ്യകളും പ്രയോഗിക്കുന്നവര്‍, ജിവിതം തന്നെ സൂത്രവിദ്യയാക്കുന്ന പുതുതലമുറക്കാര്‍- ഇവരൊക്കെ പുഞ്ചപ്പാടം കഥകളില്‍ നര്‍മ്മത്തിന്റെ വര്‍ണ്ണലോകം തീര്‍ക്കുകയാണ്. ഈ വര്‍ണ്ണവിന്യാസം ചിലപ്പോഴൊക്കെ ഫലിതത്തിന്റെ മഴവില്ലുകളും സൃഷ്ടിക്കുന്നു.
  തന്റെ ദേശത്തിന്റെ പുതിയകാല ജീവിതത്തിലേക്കാണ് കഥാകൃത്ത്‌ പലപ്പോഴും നോട്ടമെറിയുന്നത്. മാറുന്ന കാലത്തെ ജീവിതം നോക്കിക്കാണാന്‍ നര്‍മ്മത്തിന്റെ പുതിയ കണ്ണട വായനക്കാരനു നല്‍കുകയാണ്. വാക്കുകളുടെ ഈ കണ്ണടയാകട്ടെ കാഴ്ചകള്‍ക്ക് പുതുചാരുതയും കൃത്യതയും നല്‍കുന്നു. ‘നാണപ്പന്‍ എന്ന നാവികനിലെ’ മാഷും, ‘വീട്ടിലേക്കുള്ള വഴിയിലെ’ കേന്ദ്രകഥാപാത്രമായ കഥാകൃത്തും ചിരിപ്പിക്കുന്ന വാക്കുകളിലൂടെ നീന്തിക്കയറുന്നത് നാടിനു വന്ന മാറ്റങ്ങളുടെ പുതിയ കരകളിലേക്കാണ്. കിഴക്കന്‍ മലകളിലെ മണ്ണ് വീണു നിറഞ്ഞത് കുട്ടനാടിന്റെ കൈത്തോടുകളിലേക്കു മാത്രമല്ല സംസ്കാരത്തിലേക്കും പ്രാദേശിക തനിമകളിലേക്കുമാണെന്ന് ഈ കഥകള്‍ പറയുന്നു. ഓരോ പ്രയോഗത്തിലും നിറയുന്ന ഫലിതത്തിന്റെ ചിരിയാരവങ്ങള്‍ക്കുള്ളില്‍ കാതോര്‍ത്താല്‍ ആശങ്കകളുടെ നേര്‍ത്ത സ്പന്ദനങ്ങള്‍ കേള്‍ക്കാം.
  സ്വയം പരിഹാസത്തിലൂടെയുള്ള കഥപറച്ചിലാണ് പുഞ്ചപ്പാടം കഥകളുടെ വായനാസുഖം വര്‍ദ്ധിപ്പിക്കുന്നത്. ‘മരംകൊത്തിയും വെള്ളത്തില്‍ പോയ കോടാലിയും’. ‘കാണുന്ന വണ്ടിക്കെല്ലാം കൈ കാണിക്കരുത്’, ‘മണ്ടയില്ലാത്ത കേരകര്‍ഷകന്‍’ തുടങ്ങിയ കഥകളിലൊക്കെ കഥാകാരന്‍ സ്വയം കോമാളിയുടെ തൊപ്പി എടുത്തണിഞ്ഞുകൊണ്ട് പരിഹാസത്തിന്റെ പുതുചുവടുകള്‍ വയ്ക്കുകയാണ്. ആത്മവിമര്‍ശനത്തിന്റെ ദ്രുതതാളത്തിലുള്ള ഈ സാമൂഹിക വിമര്‍ശനവും ആക്ഷേപഹാസ്യവും ഫലിതത്തിന്റെ തറവാട്ടുവഴികളെ (ചാര്‍ളി ചാപ്ളില്‍, ബഷീര്‍) ഓര്‍മ്മപ്പെടുത്തുന്നു.
  ചിത്രകാരന്‍ കൂടിയായ ജോസ്ലറ്റിന്റെ കഥകളിലെ നര്‍മ്മം കാര്‍ട്ടൂണ്‍ സ്വഭാവമുള്ളവയാണ്. ഒരു നേര്‍ത്ത വര, ചെറിയ അടയാളം ഇതൊക്കെ മതി കാര്‍ട്ടൂണിലേക്ക് പരിഹാസത്തിന്റെയും ചിന്തയുടെയും തീ കോരിയിടാന്‍. കാര്‍ട്ടൂണിസ്റ്റിന്റെ കയ്യടക്കമുള്ള ചില പ്രയോഗങ്ങള്‍ വാക്കുകളിലൂടെ സൃഷ്ടിക്കാന്‍ കഥാകൃത്തിനു കഴിയുന്നുണ്ട്. ‘ചട്ടയിട്ട അമ്മച്ചിമാര്‍ ചട്ടിയില്‍ ഒട്ടിപ്പിടിച്ച പാലപ്പത്തോട് മല്‍പ്പിടുത്തം നടത്തി’, ‘എന്റെ ഉള്ളിലെ പെരുന്തച്ചന്‍ അന്ന് വെറും വാഴപ്പിണ്ടിയില്‍ തലതല്ലി മരിച്ചതാണ്’, ‘കഥയ്ക്കുള്ള ത്രെഡ് തേടി നടക്കുമ്പോള്‍ കിട്ടിയത് മുട്ടനൊരു കമ്പിപ്പാരയാണെങ്കിലും സസന്തോഷം ഞാനത് വലിച്ചൂരി ഇവിടെ നാട്ടുന്നു.’ ഇത്തരം സൂഷ്മ പ്രയോഗങ്ങളിലൂടെ ആശയങ്ങളെ പരിഹാസക്കുപ്പായം അണിയിക്കാന്‍ കഥാകൃത്തിന് അനായാസം കഴിയുന്നു. നാട്ടിന്‍പുറത്തെ കൊച്ചു കാര്യങ്ങിലേക്ക് ഇംഗ്ലീഷ് വാക്കുകള്‍ കൊണ്ട് സമാസം തീര്‍ത്തും തന്റെ നര്‍മ്മ ഭാഷയില്‍ പുതുമ സൃഷ്ടിക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നുണ്ട്. വാക്കുകള്‍കൊണ്ടുള്ള ഈ ട്രപ്പീസുകളി വായനയുടെ രസച്ചരടിന് മുറുക്കം നല്‍കുന്നു. ആദ്യ പുസ്തകമായ ‘സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ’ എന്ന ബാലസാഹിത്യ കൃതിയില്‍ അതിനിനങ്ങുന്ന തനിമയുള്ള ഭാഷ സൃഷ്ടിച്ച ജോസ്ലറ്റ് പുഞ്ചപ്പാടം കഥകളില്‍ എത്തുമ്പോള്‍ ഈ കൃതി ആവശ്യപ്പെടുന്ന സ്വാഭാവിക ഭാഷ കണ്ടെത്തുകയാണ്. ഇതിനെ എഴുത്തുകാരന്റെ സര്‍ഗാത്മക വളര്‍ച്ചയുടെ സാക്ഷ്യപത്രമെന്നു പറയാം.
  പുതിയ ആശയങ്ങള്‍, ആവിഷ്കാരത്തിനുതകുന്ന ഭാഷ,അനുയോജ്യമായ ശില്പം ഇവയുടെ കൃത്യമായ കൂടിച്ചേരലാണ് മികച്ച കൃതി. ഈ ഇഴയളവുകളുടെ അനുപാതം ഭേദപ്പെട്ട നിലയില്‍ പാലിക്കാന്‍ പുഞ്ചപ്പാടം കഥകള്‍ക്ക് കഴിയുന്നുണ്ട്. എഴുത്തിനെ ഗൌരവമായി കാണുന്ന ജോസ്ലറ്റിനെപ്പോലെയുള്ളവര്‍ ഈ കാര്യത്തില്‍ അന്വേഷണങ്ങള്‍ തുടരുകതന്നെ ചെയ്യും. വായനയുടെ വിശാല ആകാശങ്ങളിലേക്ക് പുതിയ മഴവില്ലുകള്‍ സൃഷ്ടിക്കാന്‍ ഈ സര്‍ഗാന്വേഷണങ്ങള്‍ക്ക് കഴിയട്ടെ,
  പുസ്തകത്തിലെ ഒരു കഥ
  ഫസ്റ്റ്നൈറ്റ് ആന്‍ഡ്‌ എ ലാസ്റ്റ്നൈറ്റ്
  കെട്ടുകഴിഞ്ഞ് പള്ളി മുറ്റത്തേക്കിറങ്ങി ലോനപ്പന്‍ ദീര്‍ഘശ്വാസം വിട്ടു. മിന്നു കെട്ടിയപ്പോള്‍ കൈവിറച്ചെന്നും ഇല്ലെന്നും കൂട്ടുകാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ടായി. അല്ലേലും ഏതു പോലീസുകാരനാ സ്വന്തം കല്യാണത്തിന് അല്പസ്വല്പം വിയര്‍ക്കാത്തത്? ഇല്ല്യോ?
  നാട്ടില്‍, വിറയ്ക്കാതെ വേഗത്തില്‍ താലികെട്ടിയതിന്‍റെ റിക്കാര്‍ഡ് ഇന്നും പലചരക്കുകടക്കാരന്‍ ചാക്കൂട്ടിക്ക് സ്വന്തമാണ്. കസ്റ്റമേര്‍സിന് സാധനം തൂക്കിപ്പൊതിഞ്ഞ് ചാക്കുചരടില്‍ തിരുകിക്കൊടുക്കുന്ന ലാഘവത്തോടെയാണ് കക്ഷി കാര്യം നടത്തിയത്. ചാക്കുനൂലുപോലെ പെട്ടെന്നു കെട്ടഴിഞ്ഞതാവാം കാലതാമസമില്ലാതെ കെട്ട്യോള് കൊള്ളാവുന്നൊരു കസ്റ്റമറുടെ കൂടങ്ങു പോയത്. ഒട്ടുമിക്ക പുള്ളികളുടെയും മുട്ടിടി കണ്ട് കെട്ടിക്കുന്ന പള്ളീലച്ചന്മാര്‍ക്ക് പലതവണ തോന്നിയിട്ടുണ്ടാവാം, “പുല്ല്! ഞാന്‍ തന്നെ അങ്ങ് കെട്ടിയാലോ എന്ന്!”
  എന്തായാലും ലോനപ്പന്‍ തട്ടുകേടുപറ്റാതെ കെട്ടുതാലി മുറുക്കി.
  അറാമ്പിറപ്പിന്‍റെ കൂടെപ്പിറപ്പായ നവവരന്‍ തങ്ങളില്‍ പലര്‍ക്കും പലപ്പോഴായി ചെയ്തുതന്ന ഉപകാരങ്ങള്‍ക്ക് ഉപചാരമര്‍പ്പിക്കുവാന്‍ ബെസ്റ്റ് ചാന്‍സ് വേറെയില്ലന്നറിഞ്ഞു തന്നെയാണ് ബെസ്റ്റ് ഫ്രെണ്ട്സ് ഒത്തുകൂടിയിരിക്കുന്നത്. പാര്‍ട്ടി ഹാളിലെ സ്റ്റേജില്‍ വധൂവരന്മാര്‍ക്ക് ഇളനീരില്‍ കൊടുത്തൊരു പണി, ‘പട്ടച്ചാരായം വിത്ത്‌ കുരുമുളക്’ പുള്ളി പാലുകുടിക്കുന്ന ലാഘവത്തോടെ ഉള്ളിലാക്കി. ‘ലോനപ്പനെ വീഴിക്കാന്‍ നിങ്ങടെ മൂത്താപ്പ വന്നാല്‍ നടക്കില്ല മക്കളെ….’എന്ന് ആ മുഖഭാവം വിളിച്ചോതി.
  ചടങ്ങുകള്‍ കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു. ആദ്യരാത്രിയെങ്കിലും അലമ്പാക്കാതെ മടങ്ങില്ലെന്ന വാശിയില്‍ കൂട്ടുകാര്‍ ഗൂഡാലോചന തുടങ്ങി. ഒടുവില്‍, ലോനപ്പനെ മലര്‍ത്താന്‍ ഓലപ്പടക്കം പോരെന്നും മിനിമം കതിനാവെടിയെങ്കിലും വേണമെന്നുമുള്ള അനുമാനത്തിലെത്തി. അതിനായി നാട്ടിലെ ഏക കരിമരുന്നു വിദഗ്ദ്ധന്‍ ‘തീപ്പൊരി തങ്കപ്പനെ’ പണവും പൈന്റും നല്‍കി പ്രസാദിപ്പിച്ച് ഒരു നിറച്ച കതിനാകുറ്റി സംഘടിപ്പിച്ചു.
  രാത്രി പതിനൊന്നു കഴിഞ്ഞു. കല്യാണവീട്ടിലെ കോലാഹലങ്ങളടങ്ങി. കൂട്ടുകാരനും നല്ല അയല്‍ക്കാരനുമായ ലാലുവിന്‍റെ വീടിന്‍റെ ടെറസില്‍നിനുകൊണ്ട് സംഘം വിവാഹവീട്ടിലെ നീക്കങ്ങളോരോന്നും നിരീക്ഷിച്ചുപോന്നു. സി .എഫ്. എല്‍ ലാമ്പിന്‍റെ തെളിച്ചവും സില്‍ക്ക് ജുബ്ബയുടെ തിളക്കവും മണവാളന്‍റെ മുഖത്തിന് അസാമന്യ മിഴിവേകി. ‘നിന്റെ തെങ്ങാപ്പൂള് പോലത്തെ പുഞ്ചിരിക്ക് വെറുമൊരു ചിരവനാക്കിന്‍റെ ആയുസേ ഉള്ളടാ’ എന്നവര്‍ മനസ്സില്‍ പറഞ്ഞു. എത്ര സൂം ചെയ്തിട്ടും നവവധുവിനെ മാത്രം ആ എരിയായിലെങ്ങും കണ്ടില്ല. മുറ്റത്തു വട്ടംകൂടി വാട്ടീസടിച്ചുകൊണ്ടിരുന്ന കാര്‍ന്നോന്‍മാര്‍ മൂടു തെറ്റിയ കുടച്ചക്രം പോലെ നാലുപാടും തെന്നിനീങ്ങി. നേരമേറെയായതിനാല്‍ കൂട്ടുകാരൊക്കെ എവിടെയെങ്കിലും ‘ചുവടുപിടന്നു കാണും’ എന്ന്‍ ലോനപ്പന്‍ സമാശ്വസിച്ചു. വൈകാതെ മണവാളന്‍ ചില മുന്നൊരുക്കങ്ങള്‍ നടത്തി. കാര്യപരിപാടികള്‍ക്കിടെ കൊണ്സന്‍ട്രേഷന്‍ നഷ്ടപ്പെടാതിരിക്കാന്‍ ലാന്‍ഡ് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു. പവര്‍കട്ടിനെ തുടര്‍ന്നുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വാടകയ്ക്ക് വാങ്ങിയ ജെനറേറ്റര്‍ ഓണ്‍ ചെയ്തു. എവെരിതിംഗ് ഓക്കേ!
  മണി പന്ത്രണ്ടടിച്ചു. കൃത്യ നിര്‍വ്വഹണത്തിനായി കൂട്ടുകാരാല്‍ ഭരമേല്‍പ്പിക്കപ്പെട്ട ചാണ്ടിച്ചന്‍ വടക്കുവശത്തെ മതിലു ചാടിക്കടന്നു. ചാക്കില്‍ പൊതിഞ്ഞ കതിനാ മതിലിനു മുകളിലൂടെ മറ്റൊരാള്‍ നല്‍കി. ചുറ്റുവട്ടത്തൊന്നും ആരുമില്ലെന്ന്‍ ഉറപ്പാക്കി ലോനപ്പന്റെ മുറി ലക്ഷ്യമാക്കി നടന്നു.
  വടക്കുപടിഞ്ഞാറെ മൂലയിലെ മരുന്നിന്‍റെ മണമുള്ള മുറിയില്‍നിന്നും കിടപ്പായ വല്യമ്മത്തള്ളയുടെ ചുമയും കുരയും ഒഴികെ മറ്റു തടസങ്ങളൊന്നുമില്ല. ഇലയനക്കം പോലുമില്ലാതെ പ്രകൃതിയും നല്ല ഉറക്കത്തിലാണ്.
  ഭദ്രമായി അടച്ചിരിക്കുന്ന മണിയറയുടെ ജനലിനോടുചേര്‍ന്ന്‍ ‘സാധനം’ മണ്ണില്‍ കുത്തിനിര്‍ത്തി. മടിക്കുത്തില്‍ നിന്നും ഒരുപിടി കരിമരുന്ന് കതിനയുടെ സൈഡില്‍ വിതറി. ചുണ്ടില്‍ എരിഞ്ഞിരുന്ന ബീഡി ചാണ്ടിച്ചന്‍ അതിലേക്കടുപ്പിച്ചു.
  …….ശ്……..
  ഡും!
  എട്ടുദിക്കും പൊട്ടുമാറുച്ചത്തില്‍ വെടി മുഴങ്ങി!! കുട്ടികള്‍ കാറി നിലവിളിച്ചു. കെട്ടുവിട്ട കാര്‍ന്നോന്മാര്‍ ഞെട്ടിയെണീറ്റു.
  എങ്ങോ ഉരുകിയൊലിച്ച മെഴുകുതിരി ആരോ വെള്ളമൊഴിച്ചു കെടുത്തി. കല്ലിളകിയ ഖജുരാവോ ശില്പങ്ങള്‍ നടുവുംതല്ലി നിലത്തുവീണു.
  വെടിയുടെ ആഘാതത്താല്‍ കട്ടിലില്‍നിന്നും തെറിച്ച ലോനപ്പന്‍ ഉടുതുണി വാരിച്ചുറ്റി പുറത്തെത്തും മുന്‍പേ ചൂട് കതിനായും ചാക്കിലാക്കി ‘തൊണ്ടി’ അവശേഷിപ്പിക്കാതെ ചാണ്ടി മതിലിനപ്പുറത്തെത്തി. കൈതകള്‍ക്കരികെ കെട്ടഴിച്ച് ചേര്‍ത്തു നിര്‍ത്തിയ കെട്ടുവള്ളത്തില്‍ ചാടിക്കയറി. പൊന്തക്കാടുകളുടെ മറവുപറ്റി ഇരുട്ടില്‍ പുഴയുടെ മറുഭാഗത്തേയ്ക്ക് ഊന്നി നീങ്ങി.
  ഓളപ്പരപ്പില്‍ ഒഴുകിനടന്ന്‍ നേരം പുലരുവോളം, ബോധം പോകുവോളം അവര്‍ “ഓപ്പറേഷന്‍ ലോനപ്പന്‍റെ” വിജയം ആഘോഷിച്ചു.
  കാലത്തെ സകലര്‍ക്കും വെളിവുവീണത് ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകേട്ടാണ്. പച്ചമോരു കുടിച്ച് തിരിച്ചു പിടിച്ച ബോധം വീണ്ടും പോകുമെന്നായി.
  “രോഗശയ്യയിലായിരുന്ന ലോനപ്പന്‍റെ വല്യമ്മച്ചി കര്‍ത്താവില്‍ നിദ്ര പ്രാപിച്ചിരിക്കുന്നു!”
  കതിനാവെടി കേട്ട് ആളുവെടിതീര്‍ന്നതാണെന്നതില്‍ അവര്‍ക്ക് തര്‍ക്കമില്ല. പുകയോടൊപ്പം ആത്മാവും മുകളിലോട്ടു പോയിരിക്കുന്നു.!
  “എങ്കിലുമെന്റെ തങ്കപ്പാ…….താനതില്‍ എന്തോന്നാടോ കുത്തിനിറച്ചിരുന്നത്?”
  തെളിവൊന്നുമില്ലെങ്കിലും ഇങ്ങനെ ഒരു മറുപണി ചെയ്യാന്‍ ത്രാണിയുള്ളത് തങ്ങള്‍ക്കു മാത്രമാണെന്ന് ലോനപ്പന് നന്നായി അറിയാം. സംഗതി കൊലപാതകമാകുമോ? മുങ്ങി നടന്നാല്‍ നാട്ടുകാരും ചുമ്മാ സംശയിക്കും. ലോനപ്പന് സ്പിരിറ്റടിക്കൊപ്പം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റും ഉള്ളതുകൊണ്ട് കാലുവാരില്ല. പല കുരുത്തക്കേടുകള്‍ക്കും കൂട്ടുപോയിട്ടുള്ളവരാണ് തങ്ങള്‍. എങ്കിലും വിവാഹപിറ്റേന്നു തന്നെ സംഭവിച്ച മുത്തശ്ശിയുടെ വിയോഗത്താല്‍ ദുഖാര്‍ത്തനായ സുഹൃത്തിനെ എങ്ങനെ ഫേസ് ചെയ്യും എന്നോര്‍ത്ത് അവര്‍ക്ക് ടെന്‍ഷനായി.
  ഗത്യന്തരമില്ലാതെ അവര്‍ മരണവീട്ടിലെത്തി. ഇരുകൈകളും നീട്ടി “ഇതാ വിലങ്ങു വെച്ചോളൂ” എന്നുപറഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയ കള്ളനെപ്പോലെ.
  വല്യമ്മയുടെ മൃതദേഹത്തിന്‍റെ കാല്‍ക്കല്‍ വിങ്ങിപ്പൊട്ടിയിരുന്ന ലോനപ്പന്‍ സുഹൃത്തുക്കളെ കണ്ടപ്പോള്‍ പിടഞ്ഞെണീറ്റു. ഉറച്ച ചുവടുകളോടെ നടന്നടുത്തു.
  ചെവിക്കല്ലു പൊട്ടുന്ന തെറിയോ കരണം പുകയുന്ന അടിയോ പ്രതീക്ഷിച്ച്, ചാണ്ടിയും കൂട്ടരും കണ്ണുകള്‍ ഇറുക്കിയടച്ചു. എന്നാല്‍ അവരുടെ ധാരണകള്‍ക്ക് വിപരീതമായി ലോനപ്പന്‍ ചാണ്ടിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
  ഹൃദയം തകര്‍ന്നു വിലപിക്കുന്ന ലോനപ്പനെ കണ്ടപ്പോള്‍ പശ്ചാത്താപ വിവശരായ കൂട്ടുകാര്‍ക്കും വ്യഥ നിയന്ത്രിക്കാനായില്ല. ആ വീട്ടുമുറ്റത്ത് ഒരു കൂട്ടക്കരച്ചിലുയര്‍ന്നു. ലോനപ്പന്‍ അപ്പോഴും ഉറ്റസുഹൃത്തിന്റെ തോളില്‍ പറ്റിക്കിടന്നു തേങ്ങുകയായിരുന്നു. ഇടക്ക് ശ്വാസമെടുക്കാനായി ഏങ്ങലടി നിര്‍ത്തിയ ഒരു വിടവിന് അവന്‍ ചാണ്ടിയുടെ ചെവിയില്‍ ഇങ്ങനെ മന്ത്രിച്ചു.
  “താങ്ക്സ് അളിയാ”…….!
  അതിനുശേഷം നാട്ടില്‍ “മൂപ്പെത്തിയ ഐറ്റംസ്” വീട്ടിലുള്ള പല മക്കളും മരുമക്കളും ക്രിസ്തുമസിന് കതിനാവെടിയും ഗുണ്ടും മാറിമാറി പരീക്ഷിച്ചെങ്കിലും “സംഗതി ഏറ്റില്ല” എന്നാണു കേള്‍വി
  • Blogger Comments
  • Facebook Comments
  Item Reviewed: പുഞ്ചപ്പാടം കഥകൾ – ജോസ്ലറ്റ് ജോസഫ്‌ Rating: 5 Reviewed By: Unknown
  Scroll to Top