• Latest News

  പുസ്തക പരിചയം- ചേരന്റെ കവിതകൾ

  പുസ്തക പരിചയം- ചേരന്റെ കവിതകൾ 
  ശ്രീലങ്കയിലെ അറിയപ്പെടുന്ന കവിയും അക്കാദമി അംഗവുമാണ് ആര്‍. ചേരന്‍. ശ്രീലങ്കയിലെ ജാഫ്‌നയില്‍ ജനിച്ച അദ്ദേഹം 1982 പുറത്തിറങ്ങിയ ഇരണ്ടാവത് സൂര്യോദയം എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. യമന്‍, മരണത്താല്‍ വാല്‍വം, മീണ്ടും കടലുക്ക് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത കൃതികള്‍. കാനഡയിലെ വിന്റ്‌സോര്‍ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി ആന്‍ത്രപോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രഫസറാണ് അദ്ദേഹമിപ്പോള്‍. .
  ഇരണ്ടാവത് സൂര്യോദയത്തെക്കുറിച്ച്?
  ഇംഗ്ലീഷില്‍ ദ സെക്കന്റ് സണ്‍റൈസ് എന്ന് പേരായിരുന്നു എന്റെ ആദ്യ കവിതാസമാഹാരത്തിന്. 1981ല്‍ ജാഫ്‌ന പബ്ലിക് ലൈബ്രറി കത്തിനശിപ്പിക്കപ്പെട്ടതിന് ശേഷമാണ് അത് എഴുതിയത്. തിരിഞ്ഞുനോക്കുമ്പോള്‍, ഒരു ജര്‍മന്‍ എഴുത്തുകാരന്റെ വാക്കുകളാണ് എനിക്ക് ഓര്‍മവരുന്നത്: ‘ ആദ്യം നിങ്ങള്‍ പുസ്തകങ്ങള്‍ കത്തിക്കും, പിന്നെ മനുഷ്യരെയും’. ആ ലൈബ്രറിക്ക് വളരെ അടുത്തായിരുന്നു ഞാന്‍. ലൈബ്രറി കത്തിക്കുന്ന സമയത്ത് ജാഫ്‌ന യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ഈ ലൈബ്രറി കത്തിക്കപ്പെട്ട സമയത്ത് ഞങ്ങള്‍ അവിടെ പോയിരുന്നില്ല. എന്നാല്‍ അതിന് തൊട്ടടുത്ത ദിവസം അവിടെ പോയി. ലൈബ്രറിക്കരികിലായി വലിയൊരു സ്‌റ്റേഡിയത്തില്‍ നിരവധി ശ്രീലങ്കന്‍ പട്ടാളക്കാരും മറ്റ് ഏജന്റുകളും നില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ ഞങ്ങളെ കളിയാക്കുകയും നാണംകെടുത്തുകയും ചെയ്തു. ആ പുസ്തകശേഖരം നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എന്റെ ആദ്യ ഓര്‍മയാണത്. പക്ഷേ അതു ചുട്ടു ചാമ്പലായി എന്നു വിശ്വസിക്കാനല്ല ഞാൻ ശ്രമിച്ചത്. രണ്ടാം സൂര്യോദയമായാണ് ഈ ലൈബ്രറി കത്തിക്കലിനെ ഞാന്‍ ചിത്രീകരിച്ചത്. സാംസ്‌കാരിക കൂട്ടക്കുരുതി തമിഴര്‍ പ്രതിരോധിക്കാന്‍ പോകുന്നുവെന്ന അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ അത് രണ്ടാം സൂര്യോദയം തന്നെയാണ്. ഈ സമയത്താണ് വിവിധ തരത്തിലുള്ള തമിഴ് പ്രക്ഷോഭങ്ങള്‍ ഉടലെടുത്തത്.
  കഴിഞ്ഞ മുമ്പത് വര്‍ഷത്തിനിടെ, തമിഴ് ജനങ്ങളെ വംശീയമായി തുടച്ചുനീക്കാനും സാംസ്‌കാരികമായി അധീനപ്പെടുത്താനും ശ്രീലങ്കയുടെ ഭാഗത്തുനിന്നും തുടർച്ചയായ ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഈ നീക്കത്തിന്റെ അവസാനമെന്നോണമാണ് 2009 മെയിലെ തമിഴ് കൂട്ടക്കുരുതി നടന്നത്.
  തമിഴ് ജനതയെ കൂട്ടക്കൊല ചെയ്യുന്നതിനായി ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെയും ഇതിനെതിരെയുള്ള തമിഴരുടെ പ്രതിരോധത്തിന്റെയും സാക്ഷികളാണ് എന്റെ എട്ട് കവിതാസമാഹാരങ്ങള്‍ എന്ന് വേണമെങ്കില്‍ പറയാം.
  തമിഴ് കവിയാണ് ചേരൻ. വർഷങ്ങളായി കാനഡയിൽ താമസിച്ചിട്ടും അവിടുത്തെ സർവ്വകലാശാലയിൽ അധ്യാപകനായിട്ടും കവിതയെഴുത്തിന് മാതൃഭാഷയെ മുറുകെപ്പിടിച്ചിരിക്കുകയാണ് താങ്കൾ. ഈ ഭാഷാസ്നേഹം വൈകാരികം മാത്രമാണോ?
  തീർത്തും വൈകാരികം മാത്രമാണ് എന്നു പറയുന്നില്ല. എന്റെ തലച്ചോറ് എന്നോട് സംവദിക്കുന്നത് എന്റെ മാതൃഭാഷയിലാണ്. തമിഴിലാണ് ഞാൻ വളർന്നത്. ഞാൻ ശ്വസിച്ചത്. ഞാൻ ഭക്ഷിച്ചത്‌. തമിഴുമായുള്ള എന്റെ ബന്ധം ഗാഢമാണ്, അതിന്റെ സംസ്കാരവും താളവും ഈണവും എല്ലാം ആഴത്തിൽ വേരോടിയതാണ്. ഇംഗ്ലീഷിനോട് വിരോധമുണ്ടായിട്ടല്ല. നാടകങ്ങളും ലേഖനങ്ങളും ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ട്. പക്ഷെ, കവിതക്കുള്ള നിലം ഒരുക്കുന്നത് എന്റെ തമിഴ് മണ്ണു തന്നെയാണ്.
  താങ്കളെ സംബന്ധിച്ചു കവിത എന്താണ്, പ്രതിഷേധം /വിപ്ലവം അതു മാത്രമാണോ?
  പ്രതിരോധത്തിന്റെ എല്ലാ ശബ്ദങ്ങളും നിലക്കുമ്പോള്‍ ചിലപ്പോഴൊക്കെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി കവികള്‍ മാറാറുണ്ട്. ഞാനും എന്റെ സഹയാത്രികരും എഴുതുന്ന കവിതകളെല്ലാം വെറും പ്രതിഷേധ സൂചകകവിതകളല്ല. അവ സ്ലോഗനുകളുമല്ല. എന്നാല്‍ ഏറെ വ്യത്യസ്തമായ വികാരത്തെയും യുദ്ധം, കൂട്ടക്കുരുതി, സംഘര്‍ഷം എന്നീ സാഹചര്യങ്ങളുടെ സൂക്ഷ്മഭേദവും പറയുന്ന ഒരുപ്രത്യേകതരം കവിതയാണിത്. ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ ഭാഗത്ത് തമിഴര്‍ക്കിടയിലുണ്ടായിരുന്നു ഈ പോയറ്റിക് മുവ്‌മെന്റ് തമിഴ്‌നാട്ടിലെയും ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ള തമിഴരെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. എന്റെ ചില കവിതകള്‍ കന്നഡയിലേക്ക് മൊഴിമാറ്റിയപ്പോള്‍, ചില കന്നഡ കവിതാ വിമര്‍ശകര്‍ പറഞ്ഞു കിഴക്കന്‍ ശ്രീലങ്കയില്‍ നിന്നുള്ള ഈ കവിതകള്‍ കവിതയുടെയും പ്രതിഷേധത്തിന്റൈയും പ്രതിരോധത്തിന്റെയും കൂട്ടിച്ചേരലുകളാണെന്ന്. അതാണ് എന്റെയും എന്റെ സഹായാത്രികരുടെയും കവിതകളെ വ്യത്യസ്തമാക്കുന്നത്. അത് പ്രധാനപ്പെട്ട വേര്‍തിരിവാണ്. വേദനകളും പ്രതിരോധവും മാത്രം കാണാന്‍ കഴിയുന്ന കവിതകളാണ് ഇതെന്ന് നമുക്ക് പറയാനാവില്ല. അതില്‍ കൂടുതലുണ്ട് ഈ കവിതകളില്‍.
  പുസ്തകത്തില്‍ നിന്ന്
  ഉടല്‍
  കടല്‍ക്കരയില്‍ ഒരുടല്‍,
  തല വെട്ടിപ്പിളര്‍ന്ന്
  മരണത്തിലും അടയാന്‍ കൂട്ടാക്കാത്ത
  കണ്ണുകളുടെ കുനിയാത്ത നോട്ടത്തില്‍
  പ്രതിരോധം, വിസ്മയം, വിഷമം,
  സമരം, വിഷാദം, നൈരാശ്യം,
  പിന്നെ ഒടുങ്ങാത്ത ഒരു മഹാസ്വപ്നം.
  തിലോദകം
  കുഴിച്ചുമൂടപ്പെട്ടവരുടെയും
  ചുട്ടുകൊല്ലപ്പെട്ടവരുടെയും
  കടല്‍ ഒഴുക്കിക്കൊണ്ടുപോയവരുടെയും
  കിറുകൃത്യമായ വിവരങ്ങള്‍
  അന്തര്‍ദേശീയ കാര്യശാലയുടെ
  ഭൂഗര്‍ഭ ശേഖരത്തില്‍ എത്തിക്കഴിഞ്ഞു.
  ഞങ്ങളെ കൂട്ടമായി മറവുചെയ്ത
  ശവക്കുഴിക്കു മീതെ അവര്‍
  സൈന്യാധിപന്റെ കൗപീനം
  ദേശീയപതാകയായി ഉയര്‍ത്തുന്നു.
  ഞങ്ങളുടെ കണ്ണീരില്‍ പണിത സ്മാരകത്തില്‍
  ആരോ പൊയ് വാക്കുകള്‍ കുത്തിക്കുറിക്കുന്നു.
  ഏറെയാളുകള്‍ കിനാക്കള്‍ നെയ്യുന്നു
  കുലുങ്ങാതെ മൗനം മുറിക്കാതെ
  അവന്‍ ഒരു കവിതയെഴുതുന്നു
  ചാവുകാഴ്ചകള്‍
  ആക്രമണത്തില്‍ ചതിയും
  ദുഷ്ടതയുടെ ദുര്‍മന്ത്രവാദവും
  പുകയ്‌ക്കൊപ്പം പടര്‍ന്നപ്പോള്‍
  വാക്ക് ഉരുവം മാറി
  വിഗ്രഹങ്ങള്‍ ചിതറിത്തെറിച്ചു
  ജീവിതത്തിനു കാതലില്ലാതായി
  ചില്ലുചീളുകള്‍ കൊണ്ടു നിറഞ്ഞ
  രണ്ടരവയസ്സുകാരിയുടെ കൈകള്‍
  ബോധം കെടുത്താതെ മുറിച്ചുനിക്കുന്ന
  ഡോക്ടര്‍ ഇപ്പോള്‍ ഒരു ദൈവം
  കണ്ണീര്‍വറ്റിയ കണ്ണുകളുമായി
  ചീറിയലറുന്ന അവളുടെ അമ്മ
  ഒരു പിശാച്.
  വെളിപാട്
  വെളിപാടു നേരായത്
  നമ്മുടെ തന്നെ കാലത്ത്
  പുകമറകളില്‍ കുലുങ്ങുന്ന ഭൂമി
  സാത്താന്‍ മഴയില്‍ പിളരുന്ന ഉടല്‍
  അകത്തും പുറത്തും ആളുന്ന തീ.
  കുഞ്ഞുങ്ങളെ വലിച്ചുകൊണ്ടുപോയി
  നരകത്തിലിട്ടു ചുട്ടുകരിച്ച്
  ഓരിയിടുന്ന രാപ്രളയം.
  ആ നാളുകളില്‍ ഞങ്ങള്‍ മരണം ഭക്ഷിച്ചു
  കാഴ്ചക്കാരുടെ നിസ്സഹായതയ്ക്കു നേര്‍ക്ക്
  നിര്‍ജീവമായൊരു ചാഞ്ഞുനോട്ടമെറിഞ്ഞ്
  പുകഞ്ഞു പുകഞ്ഞു ഒരു മേഘം പോലെ
  ഞങ്ങള്‍ ഉയരാന്‍ തുടങ്ങി.
  കാഫ്കയ്ക്ക് തന്റെ കൃതികള്‍
  തിയ്യിടാന്‍ അവസരം കിട്ടിയില്ല
  പക്ഷെ, ശിവമണി അവളുടെ
  കവിതകള്‍ക്കു തീക്കൊടുത്തു.
  അസ്വസ്ഥമായൊരിടത്ത്
  ഒരു കവിതയെ കൊല്ലേണ്ടി വരുമ്പോള്‍
  മറ്റുള്ളവരുടെ രചനകള്‍
  ജീവന്‍വെക്കാന്‍ മടിക്കുന്നു.
  നാമെല്ലാം നാടുവിട്ടു
  കഥപറയാന്‍ ഒരാളുമില്ല
  ഉള്ളത് മുറിവേറ്റ ഒരു നാടുമാത്രം
  നാം തിരിച്ചുചെല്ലും വരെ
  അതിനു മുകളില്‍
  ഒരു കിളിക്കും പറക്കാനാവില്ല.
  • Blogger Comments
  • Facebook Comments
  Item Reviewed: പുസ്തക പരിചയം- ചേരന്റെ കവിതകൾ Rating: 5 Reviewed By: Unknown
  Scroll to Top