• Latest News

  പുസ്തക പരിചയം – ഗുഡ് ലക് റ്റു എവരിബഡി

  പുസ്തക പരിചയം – ഗുഡ് ലക് റ്റു എവരിബഡി
  മലയാളത്തിലെ ആദ്യത്തെ ശബ്ദ ചിത്രമായ ബാലന്റെ മായാത്ത ഓർമ്മകളും വേദനിപ്പിക്കുന്ന വർത്തമാനങ്ങളും കാർന്നു തിന്നുന്ന കുറെ മനുഷ്യരുടെയും കഥ.
  കണവനേ കണ്‍കണ്ട ദൈവം
  ‘കണവന്‍ എരന്തതുക്കപ്പുറം പൊണ്ടാട്ടി ഇരിക്കവേ കൂടാത്. ഇരുന്താല്‍ റൊമ്പ കഷ്ടം’ മുത്തമ്മാള്‍ പൊട്ടിക്കരഞ്ഞു.
  ‘നേട്ര് രാത്രി ഉടമ്പ് ശരിയല്ലെ. എന്‍ കണവനെ നിനൈന്ത് ഞാന്‍ അഴുത് കിട്ടേ ഇരുന്ത്. എന്‍ വീട്ടുകാരനോട് എന്നെ കൂട്ടിക്കൊണ്ട് പോക ശൊന്നെ.’
  മുത്തമ്മാള്‍ രാത്രിയില്‍ പൊട്ടിക്കരഞ്ഞത് മറ്റാരും കേട്ടില്ല. കാരണം മുത്തമ്മാള്‍ക്ക് പോലും കേള്‍ക്കാന്‍ പറ്റാത്ത അത്ര പതുക്കെയാണ് അവര്‍ കരഞ്ഞത്.
  ചെന്നൈയിലെ ഒരു അഴുക്കുചാലിനടുത്ത് നിരനിരയായി ചായ്ച്ചിറക്കിയ കുടിലുപോലത്തെ മുറികള്‍. ആ മുറിക്ക് മൊത്തം വിസ്തീര്‍ണ്ണം 80 ചതുരശ്ര അടി വരും. സാധാരണക്കാരന്റെ ഒരു കിടപ്പു മുറിയുടെ വലിപ്പം. അതല്ലെങ്കില്‍ ഒരു പണക്കാരന്റെ കുളിമുറിയുടെ വലിപ്പം.
  ഈ വലിപ്പമുള്ള ഒരു മുറിയില്‍ കിടന്നാണ് മുത്തമ്മാള്‍ പതുക്കെ കരഞ്ഞത്. ഉറക്കെ കരഞ്ഞാല്‍ ആ മുറിയില്‍ കിടുന്നുറങ്ങുന്ന 30 വയസ്സുള്ള മകന്‍ ശ്രീനിവാസന്‍ കേട്ടാലോ, അതല്ലെങ്കില്‍ അവന്റെ അടുത്ത് കിടക്കുന്ന 24 വയസ്സുകാരി ഭാര്യ അമുദ കേട്ടാലോ, അമുദയുടെ അടുത്ത് കിടക്കുന്ന 5 വയസ്സുള്ള മണികണ്ഠന്‍ കേട്ടാലോ, രണ്ടര വയസ്സുള്ള ദുര്‍ഗ്ഗ കേട്ടാലോ. ആ കൊച്ചു മുറിക്കുള്ളില്‍ അഞ്ചുപേരാണ് കിടന്നുറങ്ങുന്നത്. അവരുടെ ഡ്രോയിംഗ് കം ഡൈനിംഗ് കം ബെഡ് റൂം കം കിച്ചന്‍ ആണത്. ഇതാണ് മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ‘ബാലനി’ലെ ബാലനെ അവതരിപ്പിച്ച ഡി മദനഗോപാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ ബംഗ്ലാവിന്റെ മാസ്റ്റര്‍ പ്ലാന്‍.
  ബാലന്റെ തുടക്കക്കാരനായിരുന്ന എ സുന്ദരം പിള്ള, മദനഗോപാലിന്റെ അമ്മാവനാണ്. അങ്ങിനെയാണ് മദനഗോപാല്‍ ‘ബാലനി’ല്‍ അഭിനയിക്കാനിടയായത്. മത്തമ്മാള്‍ ‘ബാലന്‍’ കണ്ടിട്ടില്ല. വിവാഹത്തിന് ശേഷമാണ് അവര്‍ മദനഗോപാലിനോടൊപ്പം മദിരാശിയില്‍ വരുന്നത്. 1958 മെയ് 5-നായിരുന്നു വിവാഹം. മദനഗോപാലും മുത്തമ്മാളുടെ സഹോദരനും പരിചയക്കാരായിരുന്നു. തിരുവനന്തപുരം തൈക്കാട് സ്വദേശിയാണ് മദനഗോപാല്‍. അച്ഛന്‍ ദൊരൈസ്വാമി. മദനന് ഒന്നര വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബാലനു ശേഷം നാട്ടിലെത്തി നാടകത്തില്‍ അഭിനയിച്ചു തുടങ്ങി. കൂടുതലും തമിഴ് നാടകങ്ങളായിരുന്നു. 1948-ല്‍ മദിരാശിയിലെത്തി. ജോലി കിട്ടാതെ ബാംഗ്ലൂരിലേക്ക് പോയി. കുറെ നാള്‍ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി. വീണ്ടും 1954-ല്‍ മദിരാശിയിലെത്തി. തമിഴ്‌നാട് സിനി ലാബില്‍ എഡിറ്റിംഗ് അസിസ്റ്റന്റായി ജോലിയില്‍ കയറി. അവിടത്തെ സുന്ദര്‍രാജ് അയ്യങ്കാരായിരുന്നു ഗുരു. രണ്ടു വര്‍ഷം വാഹിനിയിലെത്തി. അവിടെ പണിമുടക്ക് വന്നപ്പോള്‍ നാട്ടിലെത്തി. മദിരാശിയെ മറക്കാന്‍ കഴിയാത്ത മദനഗോപാല്‍ വീണ്ടും ജോലി തേടിപ്പോയി. പിന്നീട് 1958-ല്‍ വിവാഹത്തിനേ നാട്ടിലെത്തിയുള്ളൂ. അച്ഛന്റെ മരണം അതു കഴിഞ്ഞയുടനെയായിരുന്നു. നാട്ടിലെ സ്വത്ത് വിറ്റ് കുടുംബസമേതം മദിരാശിയിലേക്കു പോയി. കുറെനാള്‍ ഫിലിം സെന്ററിലെ ജോലിയുമായി കഴിഞ്ഞു.
  മദനഗോപാലിനു 4 മക്കളുണ്ട്. രണ്ടാണും രണ്ട് പെണ്ണും. മൂന്നാമത്തെ മകന്‍ ജനിച്ചതിന് ശേഷം ബാംഗ്ലൂരിലേക്ക് പോയി. വീണ്ടും 8 വര്‍ഷം ഫിലിം സെന്ററില്‍ ജോലി ചെയ്തു. അവസാനം വാസുവിലായിരുന്നു. ആ സമയത്ത് കൈയ്ക്ക് വിറയല്‍ വന്നു. അതിനു ശേഷമാണ് ജോലിക്കു പോകണ്ടെന്ന് മക്കള്‍ പറഞ്ഞത്. ഇതിനിടെ ‘തങ്കത്താമര’ എന്നൊരു സിനിമയില്‍ അഭിനയിച്ചു. തേങ്കായ് ശ്രീനിവാസന്റെ കൂടെ. ഒരു സീനിലേ ഉള്ളൂ. ഊട്ടിയിലായിരുന്നു ഷൂട്ടിംഗ്.
  1991 ഒക്ടോബര്‍ 25
  അഴകിയ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ ആറാം നമ്പര്‍ വീട്. രാത്രി ഇഡ്ഡലിയും കാപ്പിയും കഴിച്ച് മദനഗോപാല്‍ മുന്‍വശത്തെ മുറിയില്‍ ചെന്നിരുന്നു. മകന്‍ ‘മുരട്ടുക്കാള’ എന്ന സിനിമയുടെ വീഡിയോ കാസ്സറ്റുമായെത്തി.
  ‘ഇതൊക്കെ ആര്‍ക്ക് കാണണമെടാ. പോയി ‘ദേവദാസ്’ എടുത്തോണ്ടുവാ’
  ‘ഇനി രാത്രിയില്‍ എവിടെക്കിട്ടാനാ’
  ‘എന്നാ നീ തന്നെയിരുന്നു കണ്ടോ’
  മദന ഗോപാല്‍ കിടക്കാനായി അകത്തേക്ക് പോയി. മത്തമ്മാളും പോയിക്കിടന്നു.
  വെളുപ്പിനെ മൂന്നു മണിയായപ്പോള്‍ മദനഗോപാല്‍ ഛര്‍ദ്ദിച്ചു. സ്ഥിരമായി ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കുടിക്കും. അതു കൊടുത്തു. നാലര മണിക്ക് മുമ്പ് നാലുതവണ കൂടി ഛര്‍ദ്ദിച്ചു. എന്തൊക്കെയോ പോലെ തോന്നുന്നു എന്നു പറഞ്ഞ് എണീറ്റിരുന്നു. തലമുടിയൊക്കെ ചുറ്റിപ്പിടിക്കുന്നുണ്ടായിരുന്നു. ആശുപത്രിയില്‍ പോകാമെന്ന് മദനഗോപാല്‍ തന്നെയാണ് പറഞ്ഞത്. മകന്‍ പോയി ഓട്ടോ വിളിച്ചു കൊണ്ടു വന്നു. അപ്പോഴേക്കും മുത്തമ്മാളുടെ അനുജത്തി പത്മ എത്തി.
  ‘എങ്ങനെയുണ്ട് ചേട്ടാ’ പത്മ ചോദിച്ചു.
  മദനഗോപാല്‍ തലയുയര്‍ത്തി പത്മയെ ഒന്ന് സൂക്ഷിച്ചു നോക്കി. സാവധാനം കിടന്നു. തല ഇടത്തേക്ക് ചെറുതായി ചെരിഞ്ഞു.
  മകന്‍ മദനഗോപാലിനെ ഓട്ടോയില്‍ എടുത്തു കിടത്തി. ഹെല്‍ത്ത് സെന്ററില്‍ എത്തി. ഡോക്ടര്‍ വന്ന് പരിശോധിച്ചിട്ട് പറഞ്ഞു.
  ‘മരിച്ചിട്ട് 10 മിനിട്ടായി’
  അടുത്ത ദിവസം ഉച്ചക്ക് 12 മണിക്ക് എ വി എം ശ്മശാനത്തില്‍ സംസ്‌കാരം നടന്നു.
  ഇവിടെ വേണമെങ്കില്‍ The End എന്നൊരു കാര്‍ഡ് എഴുതിക്കാണിക്കാം.
  ‘അവങ്ക ഇരുന്താല്‍ ഞാനിപ്പടി അലയമാട്ടേന്‍’ മുത്തമ്മാള്‍ പൊട്ടിക്കരഞ്ഞു.
  മുത്തമ്മാള്‍ അടുത്തുള്ള വീടുകളില്‍ ജോലിക്ക് പോകുമായിരുന്നു. രാവിലെ 5 മണിക്ക് അടുക്കളയില്‍ എത്തിയിരിക്കണം. രാത്രി 9 മണി വരെ ജോലി കാണും. ഇടക്കിടക്ക് വരുന്ന ആസ്മ കാരണം ആ വരുമാനവും നിന്നു.

  • Blogger Comments
  • Facebook Comments
  Item Reviewed: പുസ്തക പരിചയം – ഗുഡ് ലക് റ്റു എവരിബഡി Rating: 5 Reviewed By: Unknown
  Scroll to Top