• Latest News

  ശലഭം കുന്നു കയറുന്നു

  ശലഭം കുന്നു കയറുന്നു- ലത്തീഫ് മമ്മിയൂർ 
  അറിയാലോ… ഹൃസ്വമാണെന്റെ ജീവിതം. ഇനി താങ്കള്‍ ഇവിടെ വരുമ്പോള്‍ ഞാനുണ്ടാവാന്‍ സാധ്യത വിരളം. എങ്കിലും ഈ കൂടിക്കാഴ്ചയിലൂടെ നമുക്ക് നമ്മുടെ പഴയകാലത്തെയും വംശാവലിയെയും തിരിച്ചറിയാനായി. എഴുത്തുകാരാ… നമ്മുടെ ഈ സമാഗമത്തെ പറ്റി എഴുതിയേക്കുക. താങ്കളുടെ പ്രവാസ ജീവിത നാള്‍വഴി പേരേടുകളില്‍ ഈ കുഞ്ഞു പൂച്ചെടിയോടൊത്തുള്ള നിമിഷവും ആലേഖനം ചെയ്യട്ടെ.
  ഞാന്‍ പറഞ്ഞു.
  പ്രിയപ്പെട്ടവളെ… മണ്ണിന്റെയും വിണ്ണിന്റെയും അരുമ കുരുന്നേ..
  ഞാനെഴുതും… എനിക്കായൊരു പൂക്കാലമൊരുക്കിയ നിന്നെക്കുറിച്ച് എഴുതാതിരിക്കുന്നതെങ്ങനെ.
  ചിരന്തന പ്രസിദ്ധീകരണം 
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  വിനോദയാത്രക്ക് പോയതായിരുന്നു ദുബായിലെ മലനാടായ ഹത്തയിലേക്ക്.
  ആള്‍ക്കൂട്ടത്തില്‍ നിന്നകന്നു പച്ചപ്പ് നിറഞ്ഞൊരു മലമുകളില്‍ കാറ്റു കൊള്ളാനിരുന്നു. മലകള്‍ താണ്ടി ഈന്തപ്പനയോലകളെ തഴുകി വന്നെത്തുന്ന ഇളംകാറ്റ് കാതില്‍ പുളകം നിറക്കുന്നു.
  കാറ്റിന്റെ സീല്‍ക്കാരത്തോടൊപ്പം ശ്രവണ മധുരമായൊരു മൃദു ശബ്ദം.. ഹേയ്…
  ആരാണിത്.. ചുറ്റും നോക്കി.
  ആരെയും കാണുന്നില്ല. തോന്നിയതാവുമോ?
  തൊട്ടടുത്തു നിന്നും വീണ്ടും അതേ ശബ്ദം.. ഹേയ്… ഇവിടെ…
  മഞ്ഞ കിങ്ങിണി പൂക്കള്‍ കാറ്റിലാടിക്കൊണ്ട് സുസ്‌മേര വദനയായൊരു കുഞ്ഞു പൂച്ചെടി.
  സംശയിക്കണ്ട.. വിളിച്ചത് ഞാന്‍ തന്നെയാണ്.
  ഞാന്‍ വാത്സല്യപൂര്‍വ്വം ചിരിച്ചു.
  ചിലതൊക്കെ കുത്തിക്കുറിക്കുന്നവനാണെന്നു തോന്നി. അതാ വിളിച്ചത്.
  ഓഹോ.. അതെങ്ങനെ മനസ്സിലായി..?
  ഞങ്ങള്‍ക്ക് മനസ്സ് വായിക്കാനറിയാം. മാത്രവുമല്ല ഞങ്ങളുടെ വിളി കലാകാരന്‍മാരല്ലാതെ മറ്റാരും കേള്‍ക്കുകയുമില്ല.
  അതെന്താ അങ്ങിനെ.
  അതോ.. കലാകാരന്‍മാര്‍ ലോകത്തെ കാണുകയല്ല. നോക്കിക്കാണുകയാണ്. ലോകത്തിന്റെ കറുപ്പും വെളുപ്പും പ്രകൃതിയും വികൃതിയും നിഴലും നിലാവും എല്ലാം അവരുടെ മനസ്സില്‍ പതിയും. മാത്രവുമല്ല അവരുടെ മനസ്സ് ഏത് പുഴുവിന്റെയും പുല്‍തുരുമ്പിന്റെയും ഹൃദയ വിന്യാസങ്ങളോട് ചേര്‍ന്ന് നില്‍ക്കും.
  ഓഹോ. ഒക്കെ പഠിച്ചു വെച്ചിട്ടുണ്ട് അല്ലെ…
  ഓ ചുമ്മാ…
  ഒരു നിമിഷം പൂവിതള്‍ കൂമ്പി പൂചെടിയവള്‍ നാണിച്ചു നിന്നു.
  എനിക്കതേറെ ഇഷ്ടപ്പെട്ടു. ഞാന്‍ ചോദിച്ചു.
  എങ്ങിനെയുണ്ട് ഹത്തയിലെ മലമുകള്‍ ജീവിതം…
  ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്നവരാണ് ഞങ്ങള്‍. അത്‌കൊണ്ട് പരമ സുഖം.
  ഉള്ളത് കൊണ്ട് എന്നുവെച്ചാല്‍
  അത്പിന്നെ… പ്രകൃതിദത്തമായ മഴയും വളവുമൊന്നും ഇല്ലല്ലോ. എങ്കിലും നേരാനേരം പൈപ്പില്‍ നിന്നും വെള്ളം ചീറ്റും. വളവും മുടങ്ങാറില്ല. ഖൈബല്‍ മലഞ്ചെരുവില്‍ നിന്നുള്ള ഒരു പഠാണി ചാച്ചയാണ് ഞങ്ങളുടെ മേല്‍നോട്ടക്കാരന്‍. വല്യ വാത്സല്യമാ ഞങ്ങളോട്..
  ഇളം നീല നിറമുള്ള ഒരു കൊച്ചു ശലഭം പൂക്കളെ കിന്നരിച്ചു വട്ടമിട്ടു പറക്കാന്‍ തുടങ്ങി.
  പൂവും ശലഭവും തമ്മില്‍ എന്തൊക്കെയോ ആശയങ്ങള്‍ കൈമാറി. ശലഭം മറ്റൊരു പൂച്ചെടിയിലേക്ക് നീങ്ങി.
  ഞാന്‍ ചോദിച്ചു. ‘അവന്‍ പിണങ്ങി പോയതാണോ?’
  ‘ഹും അവനസൂയയാ ഞാന്‍ മറ്റൊരാളോട് സംസാരിക്കുന്നതിന്’
  ‘അയ്യോ… ഞാന്‍ മൂലം…’
  സാരമില്ലെന്നേ.. അവന്‍ വീണ്ടും വരും. താന്തോന്നിയാണെങ്കിലും സ്‌നേഹമുള്ളവനാ.. ഒരുപാടൊരുപാട്…
  അവളില്‍ പിന്നെയും നാണം തളിര്‍ത്തു.
  ഞാനോര്‍ത്തു… ഏത് പൂവിനും അറിയാം ശലഭം തന്നില്‍ നിന്നും മാത്രമല്ല, മറ്റനേകം പൂക്കളില്‍ നിന്നും തേന്‍ നുകരുന്നുണ്ടെന്ന്. എന്നിട്ടും…
  എന്റെ മനസ്സ് വായിച്ചറിഞ്ഞ പോലെ പൂച്ചെടി പറഞ്ഞു.
  ശലഭജീവിതവും പൂജീവിതവും ഹൃസ്വമാണ്. ജീവിതാസ്വാദനത്തില്‍ മുന്‍വിധികളോ പിന്‍ വിധികളോ മെനഞ്ഞെടുക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല. മാത്രവുമല്ല പലര്‍ക്കായ് പകുത്തു നല്‍കാനുള്ള സ്‌നേഹകുംഭങ്ങള്‍ പേറുന്നു ഞങ്ങളുടെ എളിയ ജന്‍മങ്ങള്‍. ഒരു ശലഭം പൂവിലിരിക്കുമ്പോള്‍ പൂവും ശലഭവും തമ്മിലുള്ള സ്‌നേഹ സാമ്രാജ്യം മാത്രമേ ഉള്ളൂ. അവിടെ മറ്റൊരു ലോകമില്ല.
  ഞാന്‍ പറഞ്ഞു.. ഉറുമ്പിന്റെ മാളത്തില്‍ എന്തെന്ന് ഒട്ടകത്തിനറിയില്ല എന്ന പോലെ നിങ്ങളുടെ ജീവിതത്തില്‍ നിന്നും മനുഷ്യരായ ഞങ്ങള്‍ക്ക് ഒട്ടേറെ പഠിക്കാനുണ്ട്.
  ഞാനത്ര വലിയ അറിവാളിയൊന്നുമല്ല കേട്ടോ…
  അവളില്‍ പിന്നെയും നാണം പൂത്തു.
  അവളുടെ ആ ലജ്ജാഭംഗിയില്‍ മനുഷ്യജന്‍മം വിട്ട് ഒരു ശലഭമായെങ്കില്‍ എന്നു ഞാന്‍ കൊതിച്ചു.
  പിന്നെയും അവളുടെ മൃദുസ്വരം.
  എങ്ങനെയുണ്ട് താങ്കളുടെ പ്രവാസ ജീവിതം?
  നിന്നെപ്പോലെ പരമ സുഖം എന്ന് ഞാനും പറയും.
  അതെന്താ.
  നദിയും മലയും വയലേലകളും…
  മഞ്ഞും മഴയും നിലാ പാലാഴിയും…
  പൂവും ശലഭവും ഇലച്ചാര്‍ത്തുകളും നിറഞ്ഞ കേരളമെന്ന നാട്ടില്‍ നിന്നുള്ളവനാ ഞാന്‍.
  എന്നാല്‍ ഇന്നെന്റെ നാട് പാടെ മാറി പോയിരിക്കുന്നു.
  ഞാന്‍ ജനിച്ചു വളര്‍ന്ന മമ്മിയൂരെ തോട്ടിരമ്പുകളും വേലിപ്പടര്‍പ്പുകളും പാടവരമ്പുകളും പഞ്ചാര മണല്‍ നിറഞ്ഞ നാട്ടുവഴികളും കിളിക്കൂട്ടങ്ങളും മുളങ്കൂട്ടങ്ങളും എല്ലാമെല്ലാം എങ്ങോ പോയ് മറഞ്ഞിരിക്കുന്നു. പഴയ മനോഹര തീരം കൊതിച്ചു അവധിയിലെത്തുന്ന ഞാന്‍ ഇന്ന് കാണുന്നത് കോണ്‍ക്രീറ്റ് സൗധങ്ങള്‍. അവയ്ക്ക് മുന്നിലെ ഇഷ്ടിക വിരിച്ച മുറ്റങ്ങള്‍.
  അവിടെക്കുള്ള ചരല്‍ നിറച്ച ചളി പാതകള്‍.
  അതുകൊണ്ട് തന്നെ ഇവിടുത്തെ ഈ പരുക്കന്‍ ഭൂപ്രകൃതിയോടും കാലാവസ്ഥയോടും ഇണങ്ങിചേരാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഈന്തപ്പനകളും ദേവദാരുക്കളും ഇവിടെ നട്ടു പിടിപ്പിച്ച ഗുര്‍മോഹറുകളും ആര്യവേപ്പുകളും നിന്നെപോലുള്ള കുഞ്ഞു പൂച്ചെടികളും കൊണ്ട് എന്നിലെ പ്രകൃതി സ്‌നേഹത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു.
  പൂച്ചെടി പറഞ്ഞു.
  ഒരു പക്ഷെ എന്റെ പൂര്‍വ്വ പിതാക്കള്‍ നിന്റെ ദേശത്തു നിന്നുള്ളവരായിരിക്കാം. പച്ചപ്പ് നിറഞ്ഞ നിന്റെ പൊയ്‌പോയ കാലത്തിന്റെ വിദൂര പരിച്ഛേദമായിരിക്കാം ഞാന്‍. നമ്മള്‍ കണ്ടു മുട്ടിയത് ദൈവനിയോഗം.
  ഞാന്‍ പറഞ്ഞു. അതെ, നിന്നിലൂടെ ഒരു പൂച്ചെടിയെയല്ല ഒരു പൂവനമാണ് ഞാന്‍ കാണുന്നത്. എന്റെ മനസ്സിലിപ്പോള്‍ പൂവിളികളുയയരുന്നു.
  പൂത്തുമ്പികള്‍ ആനന്ദനൃത്തമാടുന്നു. ഞാനെന്റെ പുരാവൃത്ത മമ്മിയൂര്‍ ദേശം കാണുന്നു.
  പിന്നെ അല്‍പ്പം ആശങ്കയോടെ സൗമ്യതയോടെ ഞാന്‍ ചോദിച്ചു.
  നിന്നെ ഞാനൊന്ന് തൊട്ടോട്ടെ..
  അവളില്‍ മൗനസമ്മതം
  എന്റെ കര സ്പര്‍ശത്തില്‍ അവളടിമുടി കോരിത്തരിച്ചുവോ…
  പോകാനെഴുന്നേറ്റപ്പോള്‍ പൂച്ചെടി പറഞ്ഞു.
  അറിയാലോ… ഹൃസ്വമാണെന്റെ ജീവിതം. ഇനി താങ്കള്‍ ഇവിടെ വരുമ്പോള്‍ ഞാനുണ്ടാവാന്‍ സാധ്യത വിരളം. എങ്കിലും ഈ കൂടിക്കാഴ്ചയിലൂടെ നമുക്ക് നമ്മുടെ പഴയകാലത്തെയും വംശാവലിയെയും തിരിച്ചറിയാനായി. എഴുത്തുകാരാ… നമ്മുടെ ഈ സമാഗമത്തെ പറ്റി എഴുതിയേക്കുക. താങ്കളുടെ പ്രവാസ ജീവിത നാള്‍വഴി പേരേടുകളില്‍ ഈ കുഞ്ഞു പൂച്ചെടിയോടൊത്തുള്ള നിമിഷവും ആലേഖനം ചെയ്യട്ടെ.
  ഞാന്‍ പറഞ്ഞു.
  പ്രിയപ്പെട്ടവളെ… മണ്ണിന്റെയും വിണ്ണിന്റെയും അരുമ കുരുന്നേ..
  ഞാനെഴുതും… എനിക്കായൊരു പൂക്കാലമൊരുക്കിയ നിന്നെക്കുറിച്ച് എഴുതാതിരിക്കുന്നതെങ്ങനെ.
  മലയിറങ്ങുമ്പോള്‍ കാറ്റിനോടൊപ്പം ഇളം നില നിറമുള്ള ശലഭവും മത്സരിച്ചു കുന്നു കയറുന്നു.
  • Blogger Comments
  • Facebook Comments
  Item Reviewed: ശലഭം കുന്നു കയറുന്നു Rating: 5 Reviewed By: Unknown
  Scroll to Top