• Latest News

  പുസ്തക പരിചയം – വിരാമസന്ധി

  പുസ്തക പരിചയം
  വിരാമസന്ധി – യു കെ കുമാരൻ
  ജീവിതത്തിന്റെ യഥാര്‍ഥ ഗന്ധം ആഖ്യാനം ചെയ്യുന്ന പതിനാറു കഥകള്‍. ഓരോ രചനയും സ്‌നേഹ സഞ്ചാരത്തിന്റെ വിഭിന്ന ദിക്കുകളിലേക്ക് വിരല്‍ചൂണ്ടുന്നു. കാലവുമായി ഒരുടമ്പടിയും കണ്ടെത്താന്‍ കഴിയാത്ത കഥാപാത്രങ്ങളാണ് രംഗത്ത്. സര്‍ഗാത്മകപ്രതിഷേധങ്ങളെ വളരെ അവധാനതയോടെ സന്നിവേശിപ്പിക്കുന്ന വേറിട്ട ശൈലിയാണ് ഈ കഥകള്‍ പിന്തുടരുന്നത്.
  പുസ്തകത്തിലെ ഒരു കഥ
  അത്ര എളുപ്പമല്ലാത്ത ഒരു മാര്‍ഗ്ഗം
  വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുക എന്നത് അത്ര പ്രയാസമുള്ള ഒന്നാണെന്ന് ജിനരാജ് കരുതിയിരുന്നില്ല. ധാരാളം പെണ്‍കുട്ടികള്‍ ചുറ്റിലുമുണ്ട്. അതിലൊന്നിനെ തെരഞ്ഞെടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ എന്നാണ് അയാള്‍ ധരിച്ചിരുന്നത്. നല്ല ജോലിയും സൗന്ദര്യവുമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം പെണ്‍കുട്ടിയെ ലഭിക്കുക എന്നത് വളരെ എളുപ്പവുമാണെന്നാണ് ജിനരാജ് കാലങ്ങളായി വിശ്വസിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ വളരെയധികം ആത്മവിശ്വാസത്തോടെയാണ് അയാള്‍ വിവാഹം കഴിക്കാനുള്ള തീരുമാനമെടുത്തത്.
  എന്നാല്‍ എല്ലാം വളരെ എളുപ്പത്തില്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. ആദ്യ ദിവസം പെണ്ണ് കാണാന്‍ ചെന്നത് തെല്ലൊരു അഹംഭാവത്തോടെയായിരുന്നു. പെണ്‍കുട്ടി കാണാന്‍ അത്ര മോശമല്ലെങ്കിലും സാമ്പത്തികമായി തന്നെക്കാള്‍ താഴെയാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. കൊള്ളാവുന്ന ഒരു ജോലി ഉണ്ടെന്നത് മാത്രമാണ് തന്നേക്കാള്‍ അവള്‍ മുന്നിട്ടു നില്‍ക്കുന്നത്. തന്നെ ഒരു കാരണവശാലും പെണ്‍കുട്ടി ഇഷ്ടപ്പെടാതിരിക്കില്ലെന്ന് ജിനരാജ് ഉറച്ചു വിശ്വസിച്ചു. അതിന്റെ ആത്മവിശ്വാസം അവളെ കാണാന്‍ ചെല്ലുമ്പോഴും അവളുമായി സംസാരിച്ചുകൊണ്ടിരിക്കുന്വോഴും അയാളില്‍ തിളച്ചുകൊണ്ടിരുന്നു.
  പെണ്‍കുട്ടിയെ കണ്ടിട്ട് ഇറങ്ങുമ്പോള്‍ അവളുടെ അച്ഛനോട് ജിനരാജ് ചോദിച്ചത് ‘അടുത്തമാസം വിവാഹം നടത്താന്‍ സൗകര്യപ്പെടുമോ’ എന്നായിരുന്നു. അതിനവര്‍ പെട്ടെന്ന് മറുപടി കൊടുത്തില്ല. ഉടനെ തന്നെ വിവരം തരാമെന്നാണ് അവര്‍ ജിനരാജിനോട് പറഞ്ഞത്. തന്റെ കാര്യത്തില്‍ എന്താണിത്രമാത്രം ആലോചിക്കാനെന്ന് അയാള്‍ തെല്ല് തമാശയോടെ വിചാരിക്കുകയും ചെയ്തു. ആരോഗ്യവും സൗന്ദര്യവും സമ്പത്തും ജോലിയുമുള്ള യുവാവിന് വിവാഹക്കമ്പോളത്തില്‍ ഇതുപോലൊരു നല്ലകാലമില്ലെന്ന് തമാശയോടെ പല പ്രാവശ്യം സ്വയം പറഞ്ഞുകൊണ്ടിരുന്നു. തന്റെ ഭാര്യയുടെ സ്ഥാനത്ത് ആ പെണ്‍കുട്ടിയെ അയാള്‍ ദൃഢമായി പ്രതിഷ്ഠിച്ചു. തന്നെപ്പോലെ ഒരാളെ കിട്ടിയത് അവളുടെ ഭാഗ്യമാണെന്ന് തന്നെ അയാള്‍ അനുമാനിക്കുകയും ചെയ്തു.
  രണ്ടാമത്തെ ദിവസം മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ചെറിയൊരു മൂളിപ്പാട്ടോടെയാണ് അയാള്‍ അതെടുത്തത്. മൊബൈലിന്റെ ചെറിയ സ്‌ക്രീന്‍ കണ്ടപ്പോള്‍ ഇതിലൊരു പെണ്‍കുട്ടിയുടെ ചിത്രം ചേക്കേറാന്‍ ഇനി അധികകാലം വേണ്ടിവരില്ലെന്ന് വെറുതെ വിചാരിക്കുകയും ചെയ്തു. അന്ന് കാണാന്‍ ചെന്നപ്പോള്‍ ചായക്കപ്പ് തന്നിലേക്ക് നീട്ടിക്കൊണ്ട് അവള്‍ ഒളിഞ്ഞു നോക്കിയ ചിത്രം അയാളുടെ മനസ്സിലുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു ഫോട്ടോയായിരിക്കും മൊബൈല്‍ ഫോണില്‍ ഇടാന്‍ നല്ലതെന്ന് ജിനരാജ് സങ്കല്‍പ്പിച്ചുകൊണ്ടിരുന്നു.
  ഫോണിന്റെ അപ്പുറത്ത് അവളുടെ മാമനായിരുന്നു. വിവാഹം നിശ്ചയിക്കുന്ന തീയ്യതി സൂചിപ്പിക്കാനായിരിക്കും അയാള്‍ വിളിക്കുന്നതെന്ന് ജിനരാജ് വിചാരിച്ചു. ഔപചാരികമായ സംസാരങ്ങള്‍ക്കൊടുവില്‍ ജിനരാജ് അന്വേഷിച്ചു.
  ‘വിവാഹ നിശ്ചയത്തിന്റെ തീയ്യതി, തീരുമാനം വല്ലതുമായോ?’
  ‘അതിനെക്കുറിച്ച് പറയാനാണ് വിളിച്ചത്. പെണ്‍കുട്ടിക്ക് ഈ ബന്ധത്തില്‍ അത്ര താത്പര്യമില്ലെന്നാണ് പറയുന്നത്.’
  ‘എന്തു പറ്റി?’ ജിനരാജിന് ഔത്സുക്യ വര്‍ധിച്ചു.
  ‘ശമ്പളക്കാര്യത്തില്‍ അവളേക്കാള്‍ നിങ്ങള്‍ വളരെ താഴെയാണത്രെ. സ്റ്റാറ്റസ് തുല്യമല്ലെങ്കില്‍ ഭാവിയില്‍ ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് അവള്‍ പറയുന്നത്.’
  ജിനരാജ് ഒന്നും പറയാതെ ഫോണ്‍ മേശപ്പുറത്തു വെച്ചു. അങ്ങനെയൊന്നുണ്ടാകുമെന്ന് അയാള്‍ സങ്കല്‍പ്പിച്ചിട്ട് പോലുമില്ലായിരുന്നു. തന്റെ ഉദ്യോഗത്തെക്കുറിച്ച് അയാള്‍ പലപ്പോഴും അഭിമാനിച്ചിരിന്നു.
  സാമാന്യം നല്ല ശമ്പളം തനിക്കുണ്ടെന്നും അതുകൊണ്ടുതന്നെ ഒരു പെണ്‍കുട്ടിക്കും തന്നെ തള്ളിക്കളയാന്‍ സാധ്യമല്ലെന്നുമാണ് അയാള്‍ ഇതുവരെ ധരിച്ചിരുന്നത്. എന്നാല്‍ മറിച്ചൊരു നിലപാട് അയാള്‍ ആദ്യമായി അറിയുകയായിരുന്നു.
  പിന്നീട് മറ്റൊരഭിമാനത്തിനും അയാള്‍ക്ക് തിരിച്ചടിയേല്‍ക്കുകയുണ്ടായി. നല്ല പൊക്കമുള്ള ആളാണെന്ന നിലയിലുള്ള ഒരു സ്വകാര്യ അഹങ്കാരം ജിനരാജ് എപ്പോഴും കൂടെക്കൊണ്ടു നടക്കുമായിരുന്നു. സൗഹൃദ സംഭാഷണങ്ങളിലൊക്കെ അയാള്‍ അത് വെളിപ്പെടുത്തുകയും ചെയ്യുമായിരുന്നു. പൊക്കമുള്ളവരെ സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാനാവില്ല എന്നൊരു കാഴ്ചപ്പാടും അയാള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ ആ നിലപാടും ശരിയല്ലെന്ന് പിന്നീട് അയാള്‍ അറിയുകയുണ്ടായി. അത് മറ്റൊരു ആഘാതമായിരുന്നു.
  പെണ്‍കുട്ടിയെ ജിനരാജിന് നന്നായി ഇഷ്ടപ്പെട്ടു. നല്ല സുന്ദരി, തന്നേക്കാള്‍ ശമ്പളം കുറവ്. തന്റെ മൊബൈലില്‍ കയറ്റാനുള്ള ചിത്രം ഈ പെണ്‍കുട്ടിയുടേതായിരിക്കുമെന്ന് വിചാരിച്ചുകൊണ്ടിരിക്കെ അവള്‍ തനിക്ക് ചില കാര്യങ്ങള്‍ നേരിട്ട് പറയാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി നേരിട്ട് സമ്മതമറിയിക്കാന്‍ പോകുന്നുവെന്ന് നിഗൂഢമായ ഒരു ചിരിയോടെ അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറായി ജിനരാജ് ഇരുന്നു.
  ‘ഒരിക്കലും പൊക്കം കൊണ്ട് നമ്മള്‍ ചേരില്ല. ആളുകള്‍ നമ്മെ പരിഹസിക്കും. അതുകൊണ്ട് ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല.’
  ഒരു മുഖവുരയില്ലാതെ അവള്‍ അറിയിക്കുകയായിരുന്നു.
  അതോടുകൂടി ജിനരാജിന്റെ ആത്മവിശ്വാസം ഇല്ലാതായിക്കൊണ്ടിരുന്നു. തനിക്കെന്തോ ചില പോരായ്മകള്‍ ഉണ്ടെന്ന് അയാള്‍ വിശ്വസിക്കാനും തുടങ്ങി. ഇനി പെണ്ണുകാണല്‍ ചടങ്ങ് വേണ്ടെന്ന തീരുമാനത്തിലേക്ക് അയാള്‍ പതുക്കെ പതുക്കെ എത്തിച്ചേര്‍ന്നു. യാദൃശ്ചികമായി ഒരു പെണ്‍കുട്ടി എന്നെങ്കിലും കടന്നു വരുമെന്നും അവളെയായിരിക്കും താന്‍ വിവാഹം ചെയ്യുകയെന്ന് അയാള്‍ക്ക് തോന്നിത്തുടങ്ങി.
  തനിക്ക് യോജിച്ച ഒരു പെണ്‍കുട്ടിയെ കണ്ടെത്തുവാന്‍ വേണ്ടി അയാള്‍ സ്വകാര്യമായി അന്വേഷിക്കുന്നതിനിടയിലാണ് ചില യാദൃശ്ചിക സംഭവങ്ങള്‍ ഉണ്ടായത്. ഒരിക്കല്‍ സ്റ്റാമ്പ് വാങ്ങുവാന്‍ തപാലാപ്പീസില്‍ കയറിയപ്പോള്‍ അവള്‍ എങ്ങനെയോ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കുറെയധികം സ്റ്റാമ്പുകള്‍ വാങ്ങേണ്ടിയിരുന്നു. സ്റ്റാമ്പുകള്‍ വാങ്ങി, ആപ്പീസിന്റെ പടവുകള്‍ ഇറങ്ങുന്നതിനിടയില്‍ അയാളുടെ സ്റ്റാമ്പുകള്‍ എങ്ങനെയോ താഴേക്ക് ചിതറി വീണു. പെട്ടെന്നതു പെറുക്കിയെടുത്തില്ലായെങ്കില്‍ കാറ്റില്‍പ്പെട്ട് പല വഴിക്ക് പറന്നു പോകുമായിരുന്നു. എന്നാല്‍ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു യുവതി അവിടേക്ക് വന്ന് സ്റ്റാമ്പുകള്‍ പെറുക്കാന്‍ അയാളെ സഹായിച്ചു.
  ജിനരാജ് അവളെ നോക്കി. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു മുഖം എന്നയാള്‍ പൊടുന്നനെ മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. വീണ്ടും പല സന്ദര്‍ഭങ്ങളിലായി ഒരു നിമിത്തമെന്നോണം അയാള്‍ അവളെ കാണുകയുണ്ടായി. ഒടുവില്‍ അയാള്‍ തീരുമാനിക്കുകയായിരുന്നു, തന്റെ മൊബൈലില്‍ കൊടുക്കാന്‍ അര്‍ഹതയുള്ള ചിത്രം ഈ പെണ്‍കുട്ടിയുടേതു തന്നെ. അതിനനുസരിച്ച് അയാള്‍ അവളെ കാണാന്‍ വീട്ടില്‍ ചെല്ലുകയും ചെയ്തു. അച്ഛനും അമ്മക്കും ഒരേയൊരു മകള്‍, നല്ല ജോലി. വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അയാള്‍ ആലോചിക്കുകയായിരുന്നു, അവളുടെ ഏതുതരം ചിത്രമാണ് തന്റെ മൊബൈലില്‍ കൊടുക്കേണ്ടതെന്ന്.
  രണ്ടാമത്തെ ദിവസം അവളുടെ അച്ഛന്റെ ഫോണ്‍ വന്നപ്പോള്‍ വളരെ ലാഘവത്തോടെയാണ് അയാള്‍ കേള്‍ക്കാന്‍ തുടങ്ങിയത്.
  അയാള്‍ പറയുന്നു.
  ‘മോനെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. ഒരു കാര്യം പറയാനാണ് ഞാന്‍ വിളിച്ചത്. അവള്‍ ഞങ്ങളുടെ ഒരേയൊരു മോളാണെന്നറിയാമല്ലോ. ഞങ്ങള്‍ക്ക് വയസ്സായി. ഞങ്ങളെ സംരക്ഷിക്കാനുള്ള ചുമതല ഇനി നിങ്ങള്‍ക്കുള്ളതാണ്. ഞങ്ങളെ ഒരു തരത്തിലും വിഷമിപ്പിക്കില്ലാ എന്ന നിങ്ങള്‍ ഞങ്ങള്‍ക്ക് ഉറപ്പുതരണം.’
  ജിനരാജ് ഒന്നും പറയാതെ ഫോണ്‍ വെച്ചു. അതെന്തുതരം സംസാരമാണെന്ന് മാത്രം അയാള്‍ ആലോചിച്ചു. അവര്‍ പറഞ്ഞില്ലെങ്കിലും അവരെ സംരക്ഷിക്കേണ്ട ചുമതല ഞങ്ങള്‍ക്കുമുണ്ടല്ലോ എന്നു മാത്രം ജിനരാജ് വിചാരിച്ചു. രുചികരമല്ലാത്ത എന്തോ ഒന്ന് അവരുടെ സംസാരത്തിലുണ്ട് എന്നയാള്‍ ഉറപ്പിച്ചു. പിറ്റേന്ന് അവളെ കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു.
  ‘അതു ശരിയാവില്ല. അതുകൊണ്ട് നമുക്കിനി കാണാതിരിക്കാം.’
  • Blogger Comments
  • Facebook Comments
  Item Reviewed: പുസ്തക പരിചയം – വിരാമസന്ധി Rating: 5 Reviewed By: Unknown
  Scroll to Top