• Latest News

  കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം – കല്ലേന്‍ പൊക്കുടന്‍

  മലയാളം അത്ര നന്നായി എഴുതാനറിയാത്ത, അസാധാരണക്കാരനായ ഒരു സാധാരണക്കാരന്‍ പഴയൊരു നോട്ടുപുസ്തകത്തില്‍ കുറിച്ചു വെച്ച ആത്മചരിത്രക്കുറിപ്പുകളാണിവ. ആ കുറിപ്പുകള്‍ ആത്മകഥയായി ചുരുങ്ങിപ്പോവാതെ നമ്മുടെ സമൂഹത്തിന്റെയും ചരിത്രത്തിന്റെയും വിവരണവും വിമര്‍ശനവുമായി മാറി. കല്ലേന്‍ പൊക്കുടന്‍ എന്ന പച്ചമനുഷ്യന്‍ മുഷിഞ്ഞ നോട്ടുപുസ്തകത്തില്‍ അലങ്കാരശൂന്യമായ മൊഴിയില്‍ കുറിച്ചുവെച്ചത് അകൃത്രിമമായ പരിസ്ഥിതി ദര്‍ശനമായിരുന്നു. പ്രകൃതിയോടുള്ള സ്‌നേഹത്തിന് കണ്ടലുകൊണ്ട് ഭൂമിയില്‍ അടയാളം വെച്ച പൊക്കുടന്റെ കഥയും ജീവിതവും ഉയര്‍ന്ന പ്രതിരോധമൂല്യം ഉള്‍ക്കൊള്ളുന്നു.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  ചീത്തപ്പേര്
  എന്റെ പേര് പൊക്കന്‍. പൊക്കുടന്‍ ഓമനപ്പേരാണ്. ഈ പേരിന് പിന്നില്‍ ഒരു കഥയുണ്ട്.
  പെറ്റനേരത്ത് എന്റെ പൊക്കിള്‍ ബലൂണ്‍ പോലെ വീര്‍ത്തിരുന്നത്രെ. പൈതലിനെ കാണാന്‍ വന്ന ബന്ധുക്കള്‍ വീര്‍ത്തുകണ്ട പൊക്കിള്‍ കണ്ട് വിസ്മയിച്ചു. ചിലര്‍ എന്റെ പൊക്കിള്‍ സ്‌നേഹത്തോടെ തിരുമ്മിയിരുന്നതും അപ്പോള്‍ ‘ബ്‌റും’ എന്ന ഒരു ശബ്ദം പുറപ്പെടുവിച്ചിരുന്നതും അമ്മ പറഞ്ഞു തന്നിട്ടുണ്ട്. പൊക്കുടന്‍! എല്ലാവരും വിളിച്ചു.
  ഇന്ന് ഒരു കുഞ്ഞിനിടാന്‍ പേരുകള്‍ക്കുണ്ടോ ക്ഷാമം. കോടിക്കണക്കിന് പേരുകള്‍… പേരുകള്‍ക്ക് മാത്രമായി അച്ചടിക്കുന്ന പുസ്തകങ്ങള്‍. അക്കാലത്ത് അങ്ങനെയല്ല. നല്ല നല്ല പേരുകളൊന്നും പുലയര്‍ക്ക് പറഞ്ഞതല്ല. പുലയര്‍ക്ക് ഔദാര്യം പോലെ ചില ചീത്തപ്പേരുകള്‍. മൃഗങ്ങള്‍ക്കും പുഴുക്കള്‍ക്കും പക്ഷികള്‍ക്കുമിടുന്ന പേര് പുലയര്‍ക്ക്.
  പേരുകള്‍ ജന്‍മിമാര്‍ക്ക് തോന്നുമ്പോലെ വിളിച്ചു. പൊക്കന്‍, വട്ട്യന്‍, ഒണക്കന്‍, പൊട്ടന്‍.
  വാല്യക്കാരെ ജന്‍മി ചെറോന്‍ എന്നു വിളിക്കും. അവര്‍ തിരിച്ച് കൊയ്‌ലി എന്നും. വലിയ ജന്‍മി വല്യ കോയ്‌ലി, ചെറിയ ജന്‍മി ചെറിയ കൊയ്‌ലി. നന്വ്യാന്‍മാരെ എളങ്ങി എന്നു വിളിക്കണം. അല്ലെങ്കില്‍ അവര്‍ ചൊടിക്കും.
  പുലയര്‍ക്ക് എന്നാല്‍ അടിസ്ഥാനപരമായി ചില പേരുകളുണ്ട്. കാക്ക, പാറ്റ, കാക്കിച്ചി, വട്ടിച്ചി, കൊക്കിച്ചി, കുറുമ്പി, ഇങ്ങനെ പോകുന്നു പേരുവിവരം. ഈശ്വരനും മനുഷ്യനുമായി ബന്ധപ്പെട്ട പേരുകളൊക്കെ മറ്റു ജാതിക്കാര്‍ക്ക് അവകാശപ്പെട്ടതാണ്.
  കീഴാളര്‍ ഒരുപാട് സമരങ്ങളിലൂടെയാണ് ഇന്നത്തെ അവകാശങ്ങള്‍ നേടിയെടുത്തത്. ഇഷ്ടമുള്ള പേരിടാനുള്ള അവകാശം നേടിയെടുത്തതിനു പിന്നില്‍ കണ്ണീരിന്റെ ഒരുപാട് കഥകള്‍ പറയാനുണ്ട്. ചാളയിലും വയലിലും വെളിമ്പറമ്പുകളിലും വിയര്‍പ്പിലും രക്തത്തിലും വീണുമരിച്ച മനുഷ്യ നാമധാരികളല്ലാത്ത മനുഷ്യര്‍, അല്ല, കഥയല്ല.
  ജാതിയുടെ പേരില്‍ അനുഭവിച്ച പീഡനങ്ങള്‍ ഏറെയുണ്ട്. അതൊന്നും വിസ്തരിച്ചു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നെറികെട്ട കാലം അങ്ങനെ തന്നെ പോയ്മറയട്ടെ. വേറൊരു ജാതിക്കാരുടെയും വീട്ടില്‍ നിന്നും ഞങ്ങള്‍ക്ക് പച്ചവെള്ളം പോലും കിട്ടിയിരുന്നില്ല. മറ്റൊരു വിനോദം, അക്കാലത്തുണ്ടായിരുന്നതിനെപ്പറ്റി പറയാം. മുതലാളികള്‍ പൈസ വെച്ച് വാല്യക്കാരെ തമ്മിലടിപ്പിക്കും. കോഴിയങ്കം എന്നു കേട്ടിട്ടില്ലേ. അതുപോലെ. മുക്കാലണയും അരയണയും വച്ചിട്ടാണ് പന്തയം. ചോരചീറ്റുന്ന മത്സരം. പിന്നെ പൊലിച്ചുപാട്ട് എന്നൊരു സംഗതിയുണ്ട്. മുതലാളിയെക്കുറിച്ചോ മേസ്തിരിയെക്കുറിച്ചോ പുകഴ്ത്തിപ്പാടണം. രണ്ട് കൂട്ടമായിട്ടാണ് പാടുക. ഒരുകൂട്ടം പാടുന്നതിന്റെ പോരായ്മ മറ്റേ കൂട്ടര് ഏറ്റുപിടിക്കും. ഇങ്ങനെ പാടിപ്പാടി കളത്തിലും കണ്ടത്തിലും പരക്കെ കൂട്ടത്തല്ലാകും. പണിക്കാര് തമ്മില്‍ ശത്രുത സൃഷ്ടിക്കാനും നിലനിര്‍ത്താനുമുള്ള മുതലാളിമാരുടെ ഏര്‍പ്പാടാണിത്. മേസ്ത്രിയും മുതലാളിയും പണിക്കാര് തമ്മില്‍തല്ലുന്നത് കണ്ട് രസിക്കാറുണ്ട്.
  ഞാനാദ്യം കണ്ട നാണയം കുട്ടിപ്പൈശയാണ്. അതിനുശേഷം മുക്കാലും കാശുമൊക്കെ വന്നു. വലിയ കൊയ്‌ലിയുടെ മുറുക്കാന്‍ ചെല്ലം തുറന്നാല്‍ നാണയം കാണാം. കുട്ടിയായിരുന്നപ്പോള്‍ എനിക്കൊരു സ്വപ്‌നമുണ്ടായിരുന്നു. വലുതായാല്‍ സ്വന്തമായി ഒരു മുറുക്കാന്‍ ചെല്ലം വേണം. അതില്‍ നിറയെ സ്വര്‍ണ്ണനാണയങ്ങളും.
  • Blogger Comments
  • Facebook Comments
  Item Reviewed: കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം – കല്ലേന്‍ പൊക്കുടന്‍ Rating: 5 Reviewed By: Unknown
  Scroll to Top