• Latest News

  അവള്‍ മറയുന്ന പ്രണയങ്ങള്‍  ആധുനികകഥയുടെ അതിപ്രസരത്തില്‍ മലയാളകഥ നിലയുറയ്ക്കാത്ത ആകാശവിസ്മയങ്ങളായിമാത്രം പരിലസിച്ചകാലത്ത് ഉള്ളുറപ്പുള്ള, ജീവത്തായ കഥകളെഴുതിയതും മലയാളകഥയുടെ നഷ്ടപ്പെട്ട വായനാസമൂഹത്തെ തിരിച്ചുപിടിച്ചതും സാഹിത്യചരിത്രത്തില്‍ സി.വി.ശ്രീരാമന്റെ ശ്രേഷ്ഠതയാണ്. മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കും കൂച്ചുവിലങ്ങിട്ട അടിയന്തരാവസ്ഥക്കെതിരെ സി.വി.ശ്രീരാമന്‍ തന്റെ കഥകളിലൂടെ ശക്തമായി പ്രതികരിച്ചിരുന്നു.
  വാസ്തുഹാര എന്ന ആദ്യ ചെറുകഥാസമാഹാരത്തിനു ശക്തിഅവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഇഷ്ടദാനം എന്ന കഥയ്ക്ക് വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡും ലഭിച്ചു. 1999 ല്‍ അദ്ദേഹത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
  തെളിമയുള്ളതും, മനുഷ്യജീവിതത്തിന്റെ ദൈന്യത പ്രമേയമായുള്ളതുമായ രചനകളിലൂടെ മലയാളിയുടെ മനസില്‍ തന്റേതായ ഒരു കഥാലോകം സൃഷ്ടിച്ച ശ്രീരാമന്റെ കഥകള്‍ അഭ്രപാളിയിലും വിസ്മയങ്ങളായിരുന്നു. ചിദംബരം, പുരുഷാര്‍ഥം, വാസ്തുഹാര, പൊന്തന്‍മാട, ശീമത്തമ്പുരാന്‍ എന്നീ അഞ്ചു കഥകള്‍ സിനിമയാക്കിയിട്ടുണ്ട്. ചിദംബരത്തിന് രാഷ്ട്രപതിയുടെ സുവര്‍ണകമലവും, മറ്റു സിനിമകള്‍ക്ക് ദേശീയ -അന്തര്‍ദേശീയ ബഹുമതികളും ലഭിച്ചു. പുരുഷാര്‍ഥത്തിനു കഥയ്ക്കും സിനിമയ്ക്കുമുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചു. സിനിമയായപ്പോള്‍ പൊന്തന്‍‌മാടക്ക് കഥയ്ക്കുള്ള ഫിലിം അവാര്‍ഡ് ലഭിച്ചു.
  മറ്റിന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലും ശ്രീരാമന്‍കഥകള്‍ ശ്രദ്ധ നേടി. ബംഗാളി, തമിഴ്, കന്നഡ, തെലുങ്ക്, മറാഠി, ഒറിയ, ഹിന്ദി, ഇംഗ്ളീഷ് ,ജര്‍മന്‍ തുടങ്ങി വിവിധ ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കന്നഡയില്‍ ചിദംബരം എന്നപേരില്‍ 14 കഥകള്‍ ചേര്‍ത്ത സമാഹാരം പുറത്തുവന്നിട്ടുണ്ട്.
  ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ‘പിറവി’ എന്ന ചലച്ചിത്രത്തില്‍ ശ്രീരാമന്‍ അഭിനയിച്ചിട്ടുണ്ട്. കടത്തുകാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്.
  ബാലചന്ദ്രന്‍ വടക്കേടത്ത് – മലയാളിയുടെ ഭാരതീയ കഥകള്‍
  പുതുമയില്ലാത്തവരുടെ നഗരമെന്ന കഥയിലെ വഴിപോക്കനെ കുറച്ചു നേരത്തേക്ക് നമുക്കോര്‍ക്കാം. വഴിപോക്കന്‍ കഥ മുഴുമിപ്പിക്കാത്തതില്‍ തടഞ്ഞുനിര്‍ത്തി ഒരു വൃദ്ധന്‍ പരിഭവിക്കുന്നു. ഒരു പുതുമയും സ്വീകരിക്കാത്ത ഈ നഗരത്തില്‍വെച്ച് ഞാന്‍ എന്തു കഥ പറയാനാണെന്ന് വഴിപോക്കന്‍ പിറുപിറുക്കുന്നു.
  എന്തു പറഞ്ഞാലും ഒരു പുതുമയുമില്ലാത്തത് സ്വീകരിക്കില്ലെന്ന് ശഠിച്ച ഒരു കാലം മലയാളകഥയില്‍ ഉണ്ടായിരുന്നു. രൂപവൈചിത്ര്യങ്ങളും കഥയില്ലായ്മയും കൌതുകമുളവാക്കുന്ന ഭാഷാവിന്യാസവുംകൊണ്ട് ചെറുകഥ നിറഞ്ഞുനിന്ന കാലം. അക്കാലത്തെ പരീക്ഷണങ്ങള്‍ ഒരു സാധാരണ എഴുത്തുകാരനെ സ്വീകരിക്കാന്‍ മടി കാണിച്ചിരുന്നു. ആ കാലത്തെ വെല്ലുവിളിച്ചുകൊണ്ടാണ് സി.വി. ശ്രീരാമനെന്ന കഥാകാരന്‍ മലയാളത്തിലേക്ക് കടന്നുവന്നത്.
  കൃത്രിമത്വമില്ലാതെ ലളിതമായി, അനാര്‍ഭാടമായി കഥ പറഞ്ഞുകൊണ്ടുള്ള ശ്രീരാമന്റെ വരവ് അസാധാരണത്വമായി എന്നതാണ് ചരിത്രസത്യം. ആധുനികത വായനക്കാരെ അകറ്റിക്കളഞ്ഞപ്പോള്‍ ആ വായനക്കാര്‍ക്ക് കുളിരു നല്‍കിയത് സി.വി. ശ്രീരാമന്റെ കഥകളാണ്. ലളിതമായിരുന്നെങ്കിലും ഗഹനമായിരുന്നു ആ കഥകള്‍. അനുഭവപരിസരങ്ങള്‍ പൂര്‍ണമായും കേരളീയമായിരുന്നില്ല. ബംഗാളിലെയും തമിഴ് നാട്ടിലെയും ഒറീസയിലെയും മറ്റും മനുഷ്യജീവിതം കഥയിലേക്ക് വന്നപ്പോള്‍ ഒരു പുതുമയുമുണ്ടായി.
  ‘വാസ്തുഹാര’, ‘ചിദംബരം’, ‘ഇരിക്കപ്പിണ്ഡം’ തുടങ്ങിയ കഥകളുടെ പ്രമേയപശ്ചാത്തലം വൈവിധ്യങ്ങള്‍ പുലര്‍ത്തിയിരുന്നു. ചുരുക്കത്തില്‍ മലയാള ഭാവുകത്വത്തെ അഭിസംബോധന ചെയ്ത ഈ കഥകള്‍ ഭാരതീയമനസ്സിന്റെ വിഷമതകളും സംഘര്‍ഷങ്ങളും നിറച്ചുവെച്ചു. ആ അര്‍ഥത്തില്‍ ശ്രീരാമനെ ഒരു ഭാരതീയ കഥാകാരനായേ വിശദീകരിക്കാന്‍ കഴിയൂ.
  പ്രധാനപ്പെട്ട മൂന്നു സാഹിത്യാവസ്ഥകളെ അദ്ദേഹം അഭിസംബോധന ചെയ്യുകയുണ്ടായി. റിയലിസം, ആധുനികത, ആധുനികോത്തരത എന്നീ പ്രസ്ഥാനങ്ങളെ അഭിമുഖീകരിച്ചെങ്കിലും അവയുടെ ഒരു പ്രവണതകളും ശ്രീരാമന്റെ കഥകളില്‍ നാം കണ്ടെത്തുന്നില്ല. ഒരു കഥ ഭംഗിയായി പറയുക; അതിലപ്പുറം ഒരു ലക്ഷ്യവും ശ്രീരാമനില്ലായിരുന്നു. എല്ലാ പ്രവണതകളെയും മറികടന്ന് എഴുത്തിനെ കഥാത്മകമാക്കിയെന്നതാണ് ആ കഥകളുടെ പ്രത്യേകതയായി തോന്നുന്നത്.
  മനുഷ്യന്റെ നിസ്സഹായാവസ്ഥയും ജീവിത നിരര്‍ഥകതയും വിഷാദവും മനുഷ്യ ബന്ധങ്ങളുടെ ശൈഥില്യവും അദ്ദേഹം കഥാവിഷയമാക്കി. ആധുനിക നാഗരികത തന്നെയാണ് അതിന് പശ്ചാത്തലമായത്; എന്നുവെച്ച് ആധുനികനായില്ല. മനുഷ്യനെ കേന്ദ്രമാക്കി ശ്രീരാമന്‍ എഴുതിയ കഥകള്‍ പുതിയൊരു അവബോധമായി. ആ അവബോധമാണ് കഥയുടെ ആത്മാവിനെ ആധുനികമാക്കിയത്. അതായത്, കഥയുടെ ഭാവം ആധുനികവും ആഖ്യാനരീതി പഴയ കഥ പറയുന്നതിന്റേയും ആയത് ശ്രീരാമനെ മറ്റു കഥാകാരന്മാരില്‍നിന്ന് വേര്‍തിരിച്ചു നിര്‍ത്തി. ഒരര്‍ഥത്തില്‍ മലയാളത്തിന്റെ നവോത്ഥാനപാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ശ്രീരാമന്റെ കഥകള്‍. ജീര്‍ണമായ അവസ്ഥാന്തരങ്ങള്‍ക്കിടയില്‍ മാറ്റങ്ങള്‍ തേടുന്ന മനുഷ്യാവബോധം ഗൃഹാതുരതയുമായി ചേര്‍ന്ന് അനുഭൂതി ഉണര്‍ത്തുന്നു.
  ‘വാസ്തുഹാര’യിലെ വേണു തന്റെ കാഴ്ചപ്പാടിലുള്ള എല്ലാ പാലങ്ങളും പുതുക്കിപ്പണിയാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമാണ്. അതുപോലെ നിരാശനായി നടക്കുന്ന ഒരു കഥാപാത്രത്തെ നാം ‘ഇരിക്കപ്പിണ്ഡ’ത്തില്‍ കണ്ടുമുട്ടുന്നുണ്ട്. ആടിയുലയുന്ന മനുഷ്യബന്ധങ്ങളെ ഒരു പ്രഹേളിക പോലെ അവതരിപ്പിക്കുന്നതില്‍ ശ്രീരാമന്‍ കാണിക്കുന്ന കരുത്ത് ശ്രീരാമനു മാത്രം സ്വന്തമാണ്. ആധുനികരേയും ആധുനികോത്തരരേയും തന്റെ ലളിതമായ ആഖ്യാനസമ്പ്രദായം കൊണ്ടാണ് സി.വി മറികടന്നത്.
  ഈ കഥകളിലെല്ലാം ഒരു രാഷ്ട്രീയമനസ്സുണ്ടോ? ശ്രീരാമന്റെ രാഷ്ട്രീയ ജീവിതമറിയുന്ന വായനക്കാര്‍ അന്വേഷിക്കാറുള്ള പ്രധാന കാര്യമതാണ്. ദീര്‍ഘകാലം ഇടതുപക്ഷത്തോടൊപ്പം സഞ്ചരിക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്ത ഈ എഴുത്തുകാരന്റെ കഥകള്‍ എന്തുകൊണ്ട് രാഷ്ട്രീയച്ചുവ കലര്‍ന്നില്ല? ജീവിതമാണ് കഥയുടെ വിഷയം, മനുഷ്യബന്ധങ്ങളാണ് ആഖ്യാനത്തിന്റെ ഇണക്കം…എന്നിങ്ങനെ അദ്ദേഹം വിശ്വസിച്ചിരിക്കാം.
  തന്നോടൊപ്പം രാഷ്ട്രീയവേദികള്‍ പങ്കിടുകയും രാഷ്ട്രീയം പറയുകയും ചെയ്തുപോന്ന കഥാകാരന്മാര്‍ ധാരാളം പ്രചാരണാത്മക കഥകള്‍ എഴുതിയിരുന്നു. എന്നാല്‍ ശ്രീരാമന്റെ കഥകളില്‍ പ്രചാരണാത്മകത തീരെയില്ല. അദ്ദേഹം ജീവിതത്തെ അഭിസംബോധന ചെയ്യുന്നതിലാണ് ഊന്നിയത്. ജീവിതമില്ലാതെ കഥയില്ലെന്ന് ശ്രീരാമന്‍ തിരിച്ചറിഞ്ഞു. ജീവിതം സമൂഹവും പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന വിഷയമാണ്. ഇതിനിടയില്‍ കാലം ഇടപെടുന്നതായി കഥാകാരന്‍ തിരിച്ചറിയുന്ന അനേകം സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍, രേഖീയമായ ഒരു കാല നിര്‍മിതിയല്ല ശ്രീരാമന്റേത്. മനുഷ്യാവബോധമാണ് ശ്രീരാമന്‍ കഥകളിലെ കാലബോധത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. ഐതിഹ്യങ്ങളും അനുഷ്ഠാനങ്ങളും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവും കൂട്ടിച്ചേര്‍ത്ത് പുതിയ ഒരു അനുഭവലോകം ചില കഥകളില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം.
  ‘പൊന്തന്‍മാട’, ‘പുതുമയില്ലാത്തവരുടെ നഗരം’ എന്ന കഥാസമാഹാരത്തിലെ ചില കഥകള്‍ എന്നിവ ഇവിടെ ഉദാഹരിക്കാം. ഈ കഥകളെ മുന്‍നിര്‍ത്തി ചിലര്‍ക്കെങ്കിലും ശ്രീരാമന്റെ ആഖ്യാനഘടനയെ ഹൈന്ദവ താല്‍പര്യങ്ങളുമായി ബന്ധപ്പെടുത്തി ആലോചിക്കാന്‍ അനവധി വക നല്‍കുന്നുണ്ട്. പക്ഷേ, അത് ശരിയായ കാഴ്ചപ്പാടായിരിക്കില്ല. ജീവിതത്തെ സമഗ്രതയില്‍ കാണുന്ന ഒരെഴുത്തുകാരന്, സമൂഹത്തെ മനുഷ്യബന്ധങ്ങളിലൂടെ വായിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന് കണ്‍മുന്നിലുള്ളതെല്ലാം കഥാവിഷയമാണ്. ഈ കാഴ്ചയാണ് ശ്രീരാമന്റെ ആഖ്യാനസമ്പ്രദായത്തെ ഭാരതീയവത്കരിക്കുന്നത്. മലയാളിയുടെ ചെറുകഥാ പാരമ്പര്യത്തോടല്ല, ഭാരതീയ കഥാപാരമ്പര്യത്തോടാണ് ശ്രീരാമന്റെ കഥാസമ്പ്രദായത്തിന് അടുപ്പം
  കെ വി സുമംഗല എഴുതുന്നു
  അപൂര്‍ണ്ണമുക്തിയില്‍ അവസാനിക്കുന്ന പ്രണയങ്ങളിലാണ് സി വി ശ്രീരാമന്റെ സ്ത്രീ കഥാപാത്രങ്ങള്‍ ഇടം തേടുന്നത്. സൂക്ഷ്മവര്‍ണനകള്‍ ഇല്ലെങ്കിലും മാനസികദാഹങ്ങള്‍ ശരീരശമനങ്ങളോളം എത്തുന്ന തോരാവഴികളിലൂടെ കഥാകാരന്‍ ആ പ്രണയസഞ്ചാരങ്ങള്‍ക്കായി അലയുന്നു. നിരവധി രൂപകങ്ങള്‍ ഒറ്റയ്ക്കുടല്‍ തീര്‍ക്കുന്ന പ്രണയിനിയിലേക്ക് അസാധാരണമായ അവസ്ഥകളിലൂടെ കഥാകാരനെത്തുന്നു. ചിലപ്പോള്‍ അടിമയെപ്പോലെ അവള്‍ക്ക് വിധേയനാവുന്നു. മറ്റു ചിലപ്പോള്‍ ആദരവോടെ അവള്‍ക്കുവേണ്ടി സ്വയമര്‍പ്പിക്കുന്നു. അല്ലെങ്കില്‍ അവള്‍ക്കൊപ്പം സഹയാത്രികനോ സാക്ഷിയോ ആവുന്നു. കാമത്തിനു പോലും മറ്റൊന്നിനും സാധ്യമാകാത്ത മോക്ഷവഴികള്‍ ഉണ്ടെന്ന നിഗമനത്തില്‍ വായനക്കാരെ എത്തിക്കുന്നു. ഓര്‍മകളുടെ അമൂല്യനിധിയില്‍ നിന്ന് അവളെ മെല്ലെ പുറത്തെടുത്തു തരുമ്പോള്‍ കഥയുടെ മോഹനമായ പടവുകളാണ് പണിതുയരുന്നത്.
  അപൂര്‍ണമായ അനുപാതങ്ങളുടെ സൗന്ദര്യമാണ് ശ്രീരാമന്റെ പ്രണയകഥകള്‍ക്കുള്ളത്. സ്വപ്‌നം കാണാനുള്ള സ്വാതന്ത്ര്യം അപൂര്‍ണ്ണതകള്‍ക്ക് അവകാശപ്പെട്ടതാണ്. ഒരു ചെറിയ ദര്‍ശനത്തിന്, സ്പര്‍ശത്തിന്, പരിചയത്തിന് ഒക്കെ ജന്‍മവസാനം വരെ നീണ്ടു നില്‍ക്കുന്ന ഓര്‍മയായി സാഫല്യമര്‍ഹിക്കാന്‍ കഥകള്‍ക്കാവുന്നത് ഈ അവ്യക്ത സൗന്ദര്യം കൊണ്ടാണ്. പല കഥകളിലും മറ്റു പ്രധാന കഥാ തന്തുവിലേക്ക് ചേര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ കാഴ്ചകളുടെ പുറം വേദികളെ അന്വര്‍ത്ഥമാക്കുന്ന നിമിത്തങ്ങളായി പ്രണയം ഉള്‍ക്കനക്കുന്നതു കാണാം. ചിലപ്പോള്‍ ഓര്‍മ്മകളിലൂടെ മാത്രം സ്വന്തമാക്കുന്ന തീവ്രപ്രണയത്തിന്റേതായ അകംദേശങ്ങള്‍ അവളെ കൂടെ കൂട്ടുന്നു. തികച്ചും ദുര്‍ബലമായ ഒരാഗ്രഹമായാണ് അത് ‘പുറം കാഴ്ചകള്‍’ എന്ന കഥയിലെത്തുന്നത്.
  ‘ഈ യാത്രക്കിടയില്‍ അവളെ ഒന്നു കാണാന്‍ കഴിഞ്ഞെങ്കില്‍. അനേകം പുറം കാഴ്ചകള്‍ കാണുന്ന കൂട്ടത്തില്‍, മഞ്ഞും മാമലയും മരവും വല്ലികളും കാണുന്ന കൂട്ടത്തില്‍, അകലെ നിന്നൊരു ദൃശ്യം. എതിരെ വരുന്നൊരു വാഹനത്തില്‍ അവള്‍ വരുന്നതായി. ഒരു ബസ് സ്റ്റോപ്പില്‍ അവള്‍ ബസ് കാത്തു നില്‍ക്കുന്നതായി…’
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  പൊന്തന്‍മാട
  പൊന്തന്‍മാട വെട്ടുവഴിയില്‍ ഓരം ചാരിയിരുന്നു. അന്ന് പതിവിലേറെ ആളുകള്‍ കൂടിയിരുന്നു. പടവ് സംഘം ആപ്പീസില്‍ നിന്ന് ചിരിയും കളിയും കേട്ടിരുന്നു. ഓട്ടോറിക്ഷകളും ടാക്‌സികാറുകളും ഒരു ട്രാക്ടറും സംഘം ആപ്പീസിന്റെ മുമ്പില്‍ കിടന്നിരുന്നു.
  എല്ലാവരും പിരിഞ്ഞു. അവരോടൊന്നും പൊന്തന്‍മാട ഒന്നും ചോദിച്ചില്ല. ഏറ്റവും ഒടുവില്‍ അപ്പുമേലാനും ഗോപിതമ്പ്രാനും ഇറങ്ങി വന്നു. അപ്പു മേലാന്റെ കൈയ്യില്‍ ഒരു ചുമട് കണക്കുപുസ്തകങ്ങളുണ്ടായിരുന്നു.
  ഗോപി തമ്പ്രാന്‍ ഉറക്കെ പറയുന്നു.
  ‘ഇവറ്റങ്ങളൊക്കെ എന്നാ കൃഷിക്കാരായത്. ഈ പടവിന്റെ മുക്കാല്‍ ഭാഗവും എനിക്കോര്‍മ വെക്കുമ്പോ ഞങ്ങളുടെ തറവാട്ടു വകയായിരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്തു. അവരു പണിതോളാംന്ന് പറഞ്ഞു… ഇന്ന് അവര്‍ക്ക് നഷ്ടമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് വിട്ടുതരട്ടെ. അല്ലാതെ പണിയില്ലാന്നു പറയാന്‍ അവര്‍ക്ക് എന്താ അവകാശം.. തെണ്ടികള്‍..’
  ‘ഗോപി ഒന്നു പതുക്കെ പറയൂ.’ ഗോപി തമ്പ്രാന് എന്തും പറയാം. അയാള്‍ നാട്ടിലെ പഴക്കം ചെന്ന ഒരു ഭ്രാന്തനാണ്. എങ്കിലും അപ്പു മേലാന്റെ മുമ്പില്‍ നിന്ന് പറയുമ്പോള്‍ അപ്പു മേലാന്‍ പറയിപ്പിച്ചതാണെന്ന് കേള്‍ക്കണോര് ധരിച്ചാലോ. അതുകൊണ്ടാണ് ഒന്നു പതുക്കെ പറയാന്‍ അപ്പു മേലാന്‍ വീണ്ടും ആംഗ്യം കാണിക്കുന്നതെന്ന് പൊന്തന്‍മാടക്ക് മനസ്സിലായി… ഗോപി തമ്പ്രാനെ ഇന്നു കാണുമ്പോഴൊക്കെ പൊന്തന്‍മാട ആ പഴയ കാര്യം ഓര്‍ത്തു പോകാറുണ്ട്. അന്ന് ആ തറവാടിന്റെ സിമന്റിട്ട മുറ്റത്തില്‍ മുവ്വായിരം വടിപ്പന്‍ നെല്ല് അളന്ന് കുന്നുകൂടി കിടക്കുന്നു. പൊന്തന്‍മാട നെല്ല കാറ്റത്ത് ഇടുന്നു. എല്ലാവരും വട്ടമിട്ട് പൂമുഖത്ത് ഇരിക്കുന്നു. ഈ ലഗ്നത്തിന്റെ ബുദ്ധി അളക്കാനുള്ള പാത്രം മാത്രം ഇവിടെ ഉണ്ടാവില്ല… പക്ഷെ, ദോഷവശങ്ങള്‍ ഇശ്ശി കാണുന്നു. മൂന്നാം കാല് ആണ്.. തലയില്‍ മുച്ചൂഴി, പിറന്നോടം മുച്ചൂടാവും. ഒരു വലിയ വ്യവഹാരം വരും. അതോടെ തറവാട് തോറ്റമ്പും. അതിന് പ്രതിവിധിയായിട്ടാണ് ഭഗവതിയെ മച്ചിനകത്ത് പ്രതിഷ്ഠിച്ചത്. ഒരു കെടാവിളക്കും കത്തിച്ചു പോന്നു.
  ഒന്നും ഫലിച്ചില്ല.
  വ്യവഹാരം ഒന്നല്ല, നൂറുകണക്കില്‍ വന്നു. എല്ലാ പാട്ടക്കുടിയാന്‍മാരും പാട്ടക്കോടതികളില്‍ വ്യവഹാരം കൊടുത്തു. തവളക്കുഴി കോള്‍പ്പടവ് മുഴുവന്‍ കൈവിട്ടുപോയി. ഇന്ന് പൂമുഖത്തെ കട്ടളപ്പടിയിലെ പിച്ചളക്കെട്ടുവരെ അഴിച്ച് വിറ്റ് നിത്യവൃത്തി നടത്തിപ്പോരുന്നു.
  ‘അപ്പുമേലാനെ. എന്താ തീരുമാനം ഇണ്ടായെ.’
  ‘മാടക്ക് ഇപ്പോള്‍ എന്തിനാ അതൊക്കെ അറിയന്നെ. ഞാന്‍ ഉറുപ്പികയുടെ കാശ് തരാം. പോയി വല്ല കൊള്ളിക്കിഴങ്ങും വാങ്ങിക്കോ.’
  ‘ന്നാലും ഇമ്പടെ കോള്‍ നെലല്ലെ. എന്താ തീരുമാനിച്ചേന്ന് അറീണല്ലൊ.’
  ‘ഇമ്പടെ നെലോ. തനിക്കുണ്ടടൊ നെലം. ഇവിടെ നേമങ്ങളൊക്കെ ഇതു വരെ വന്നുള്ളൂ. വീട്ടില്‍ കെടന്ന് ഉറങ്ങി കഴിഞ്ഞുകൂടിയവന്റെ നെലം എടുത്ത് വരമ്പത്ത് നടന്നവന് കൊടുത്തു. കണ്ടത്തില്‍ ഇറങ്ങി പണിയെടുത്തവന് എന്തെങ്കിലും നിലം കിട്ടിയൊ. നിലം കിട്ട്യോരൊക്കെ ചേറില്‍ ഇറങ്ങാനല്ല പോയത്. അവനും അവന്റെ മക്കളും ടാക്‌സി ഓടിക്കാനും ലോറി ഓടിക്കാനും ഓട്ടോറിക്ഷ ഓടിക്കാനും ബുക്ക് ബൈന്റിംഗിനും. ഒരു ജീവിതം മുഴുവന്‍ പായലിലും വെള്ളത്തിലും ഇഴഞ്ഞ ഈ ജലജീവി പൊന്തന്‍മാടക്ക് എന്തേ സര്‍ക്കാര്‍ ഒരു പത്തു പറക്ക് നെലം കൊടുക്കാതിരുന്നത്.’
  • Blogger Comments
  • Facebook Comments
  Item Reviewed: അവള്‍ മറയുന്ന പ്രണയങ്ങള്‍ Rating: 5 Reviewed By: Unknown
  Scroll to Top