• Latest News

  ലൈബ്രേറിയന്‍

  പുസ്തക പരിചയം  ലൈബ്രേറിയന്‍- സി വി ബാലകൃഷ്ണൻ  ജീവിതപുസ്തകങ്ങളുടെ വായനശാലയില്‍ കാത്തു കിടക്കുന്ന മരണമില്ലാത്ത കഥാപാത്രങ്ങളും കഥാകാരന്‍മാരും ഒരു ലൈബ്രേറിയന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്നത് എങ്ങിനെയെന്ന് ഈ നോവല്‍ നമുക്കു കാണിച്ചു തരുന്നു. മലയാളിക്ക് സുപരിചിതമായ എഴുത്തുകാര്‍ അണിനിരക്കുന്ന പുതുമയുള്ള ആഖ്യാനം.  പുസ്തകത്തിലെ ഒരു അദ്ധ്യായം  അന്നു രാത്രി ഉണ്ടായതിതാണ്: സംക്ഷിപ്തമായും വ്യക്തമായും ഞാന്‍ പറയാം. തിരി താഴ്ത്തിയ പാനീസിനരികെ ചൂടിക്കട്ടിലില്‍ ഉറങ്ങുകയായിരുന്ന ബാഹുലേയന് ആരോ വിളിച്ചെന്നു തോന്നി.  കണ്ണു തുറന്ന് ചെവിയോര്‍ത്തപ്പോള്‍ വീണ്ടും കേട്ടു. ‘നീ എവിടാടാ?’ പാനീസിന്റെ തിരി നീട്ടി അതുമെടുത്ത് ചായ്പില്‍ നിന്നിറങ്ങി അലമാരകള്‍ക്കിടയിലൂടെ നടന്നു ചെന്നപ്പോള്‍ എന്താ കഥ, അവിടെ മുണ്ടു മടക്കിക്കുത്തി തോളിലൊരു തോര്‍ത്തുമുണ്ടും വലതു കൈയ്യില്‍ സവാരിവടിയുമായി തകഴി ശിവശങ്കരപ്പിള്ള നില്‍ക്കുന്നു. നൂറുനൂറു പുസ്തകങ്ങള്‍ക്കു നടുവിലായി വഴിയറിയാത്ത പോലെ.  ‘ഒറങ്ങുവാര്‌ന്നോ?’ വെറ്റിലക്കറ പുരണ്ട ചുണ്ടുകളില്‍ ചിരി. ബാഹുലേയന് സന്ദേഹം തീവ്രമായി. പാനീസ് ഉയര്‍ത്തിപ്പിടിച്ചു.  ‘ബോധ്യമായില്ലേ. ഞാന്‍ തന്നെയാ’ തകഴി അടുത്തുണ്ടായിരുന്ന കസേരയില്‍ ഇരുന്നു. പിന്നെ വടി മേശപ്പുറത്തുവെച്ച് മടിയിലെ മുറുക്കാന്‍ പൊതി പുറത്തെടുത്തു.  ‘മുറുക്കുമോടാ?’  ‘ഇല്ല’ മുമ്പെങ്ങുമില്ലാതിരുന്ന വിക്കലോടെ ബാഹുലേയന്‍ പറഞ്ഞു. ‘പൊക വലിക്ക്വോ?’ വെറ്റിലയുടെ ഞരമ്പു നുള്ളിക്കൊണ്ട് തകഴി ചോദിച്ചു.  ‘വല്ലപ്പോഴും’ ബാഹുലേയന്‍ പറഞ്ഞു. ‘അതെന്തു പറച്ചിലാടാ. വല്ലപ്പോഴുമല്ലാതെ ഏതുനേരത്തും പൊക വലിക്ക്വോ മനുഷ്യേര്.’ തെളിഞ്ഞൊരു ചിരിയുടെ മുഴക്കമായി ഗ്രന്ഥാലയത്തിലാകെ. അപ്പോഴേക്കും ബാഹുലേയന് അന്ധാളിപ്പകന്ന് ലാഘവം കൈവന്നു. പാനീസ് മേശപ്പുറത്തുവെച്ചു.  ‘കയ്യില് ബീഡിയുണ്ടെങ്കില്‍ ഒരെണ്ണമങ്ങ് പിടിപ്പിക്ക്.’ തകഴി മുറുക്കാന്‍ വായില്‍ തിരുകിക്കൊണ്ട് പറഞ്ഞു.  ബാഹുലേയന്‍ ചായ്പിലേക്ക് ഓടിച്ചെന്ന് ഒരു കെട്ട് ബീഡിയുമായി തിരിച്ചുവന്നു. പാനീസ് ഉള്ള നിലക്ക് തീപ്പെട്ടി എടുത്തിരുന്നില്ല. പാനീസിന്റെ ചില്ലുയര്‍ത്തി ബീഡി കത്തിച്ചു. തകഴി ചുറ്റും കണ്ണോടിക്കുകയായിരുന്നു. അത്രയേറെ പുസ്തകങ്ങള്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന ഭാവം മുഖത്ത്. ഓരോ പുസ്തകത്തിലും ജീവിതം ഇരമ്പുകയല്ലേ. മാഡം ബോവറിയും അന്നാകരിനീനയും സോണിയയും ടെസ്സും ലോലിതയും കറുത്തമ്മയും അവരുടെ ജീവിതത്തിലേക്ക് വായനക്കാരെ പിന്നേം പിന്നേം വിളിക്കുകയല്ലേ. ഹെര്‍മന്‍ മെല്‍വിലും ഏണസ്റ്റ് ഹെമിങ് വേയും ഈ ഞാനും നോക്കിക്കണ്ട സമുദ്രങ്ങള്‍ ചക്രവാളപ്പരപ്പില്‍ നിന്നു വീശുന്ന തിരകളിലൂടെ മനുഷ്യരെ എന്തോ
  ഓര്‍മ്മപ്പെടുത്തകയല്ലേ. ജീവിതത്തില്‍ ക്ഷണഭംഗുരത? അന്തസ്സാരശൂന്യത?  ‘ഓരോന്ന് ഓര്‍ത്തുപോയി.’ തകഴി ബാഹുലേയന്റെ നേര്‍ക്കു തിരിഞ്ഞു.  ‘ഞാനും ഓര്‍ക്കുവാരുന്നു.’ ബാഹുലേയനും ബീഡിയുടെ അവസാനത്തെ പുകയൂതി.  ‘എന്നതാ?’ തകഴി ചോദിച്ചു.  ‘ചെമ്മീനും തോട്ടിയുടെ മകനും രണ്ടിടങ്ങഴീം കയറും വെള്ളപ്പൊക്കത്തിലും.  ‘ഓ പഴയ കഥകള്‍’ ‘നന്നെ ചെറുപ്പത്തിലേ വായിനോക്കാവരുന്നു.’ ‘ഇപ്പോ പെണ്ണും പെടക്കോഴീം ഒന്നും ഇല്ലേ?’  ‘കല്യാണം കഴിച്ചിട്ടില്ല’ ‘അതെന്താടാ നേരം കിട്ടില്ല്യോ?’ ‘തോന്നീല്ല’ ‘നിര്‍ബന്ധിക്കാന്‍ തന്തേം തള്ളേം ഇല്ലേ? ‘തന്ത മരിച്ചുപോയി.’ ‘തള്ളയോ’ ‘അതൊരു കഥയാ.’ ‘പറയെടാ. കഥ കേള്‍ക്കുന്നതൊരു രസമല്ല്യേ’ ‘തള്ള അച്ഛനേം എന്നേം വിട്ട് വേറൊരാള്‌ടെ കൂടെപ്പോയി.’ ‘എന്നിട്ട്’ ‘ഏഴു പെറ്റു’ ‘കൊള്ളാം. ഉശിരുകാരിയാ’ ‘എന്നെക്കൊണ്ടൊന്നും പറേക്കല്ല്’ തകഴി ആരൊ കിക്കിളി ഉരുട്ടിയത് പോലെ ചിരിക്കുകയായി. ബാഹുലേയന്‍ ഈര്‍ഷ്യപ്പെട്ട് മുഖം തിരിച്ചു. തകഴിയോടാണേലും ഈര്‍ഷ്യ തോന്നിയാല്‍ ഉള്ളില്‍ അതങ്ങ് അടക്കാനൊക്കുമോ? ഒരു ബീഡി കൂടി കത്തിക്കാനെടുത്ത് ഇടം കണ്ണിട്ടു നോക്കി. അങ്ങേര്‍ക്ക് അപ്പോഴും ഒരു കൂച്ചുമില്ല.  ‘പെണ്ണുങ്ങള് നെറീം മൊറേം വിട്ട് തുടങ്ങാമോ? ബാഹുലേയന്‍ അല്‍പ്പം രൂക്ഷമായി ചോദിച്ചു.  ‘നിനക്ക് നൊന്തോടാ? ക്ഷമീര്’ തകഴി ദയാമസൃണമായ സ്വരത്തില്‍ പറഞ്്ഞു. അത് ബാഹുലേയനെ സ്പര്‍ശിക്കാന്‍ പോന്നതായി. അങ്ങനെ ആ ഘട്ടം കടന്നുകൂടി.
  • Blogger Comments
  • Facebook Comments
  Item Reviewed: ലൈബ്രേറിയന്‍ Rating: 5 Reviewed By: Unknown
  Scroll to Top