• Latest News

  ഓത്തുപള്ളി ഓർമ്മയിലെ തേൻ തുള്ളി

  പുസ്തകപരിചയം
  ഓത്തുപള്ളി ഓർമ്മയിലെ തേൻ തുള്ളി- എഡിറ്റർ ഷംസുദ്ദീൻ കുട്ടോത്ത് –
  ഗ്രീൻ പെപ്പർ പബ്ലിക്കയാണ് പ്രസാധകർ
  ‘ഓത്തുപള്ളി….’ എന്ന ഗാനത്തിന് മുപ്പത്തിയേഴ് വര്‍ഷത്തെ പഴക്കമുണ്ട്. 1978-ലാണ് അതിന്റെ രചന.
  അമ്പത്തഞ്ചു വരെയുള്ള കാലഘട്ടത്തില്‍ സങ്കരഭാഷയിലുള്ള ട്രഡീഷനല്‍ ഗാനങ്ങളായിരുന്നു അധികവും മാപ്പിളപ്പാട്ടുകളായി പ്രചരിച്ചിരുന്നത്. അതിനിടക്ക് 44, 45 ഘട്ടങ്ങളിലായി പി ഭാസ്‌ക്കരന്‍ മാസ്റ്റര്‍, ടി ഉബൈദ്, കൃഷ്ണകുമാര്‍, മെഹര്‍ തുടങ്ങി അപൂര്‍വ്വം ചില കവികളുടെ ശുദ്ധമലയാളത്തിലുള്ള ഏതാനും മാപ്പിളപ്പാട്ടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അമ്പത്തഞ്ചിനു ശേഷമാണ് മാപ്പിളപ്പാട്ടു രംഗത്ത് ആശാവഹമായ ചില ചുവടുമാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. മാപ്പിളപ്പാട്ട് രചനാരംഗത്ത് പുതിയ ചില രചയിതാക്കള്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ പ്രമുഖനായിരുന്നു വടകരയിലുള്ള പി ടി അബ്ദു റഹ്മാന്‍.
  1960 മുതല്‍ എന്റെ ഗാനമേളാ സംഘത്തിന് പാടാന്‍ വേണ്ടി ഞാന്‍ ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹത്തെക്കൊണ്ടെഴുതിക്കുകയുണ്ടായി. അതില്‍ പല ഗാനങ്ങളും കോഴിക്കോട്ട് ആകാശവാണിയിലും ഗ്രാമഫോണ്‍ റിക്കോര്‍ഡുകളിലും പാടാന്‍ വേണ്ടി ഞാന്‍ തന്നെയായിരുന്നു സംഗീതം ചെയ്തു ചിട്ടപ്പെടുത്തിയത്. 1970-ന് ശേഷം എന്റെ ഗായകസംഘത്തിലേക്ക് ഗായകനും സംഗീതസംവിധായകനുമായ വടകര കൃഷ്ണദാസിനെ കൊണ്ടുവന്നു. അതിനു ശേഷം മാപ്പിളപ്പാട്ടു രംഗത്ത് നൂതനമായ ഒരു ഉണര്‍വ്വ് കൈവന്നു. മാപ്പിളപ്പാട്ടിന്റെ കേട്ടു പോരുന്ന ശൈലിയില്‍ നിന്ന് അല്‍പ്പം ചില മാറ്റങ്ങള്‍ ചേര്‍ത്തുകൊണ്ട് ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. പുതുമയുള്ള ഇത്തരം ഗാനങ്ങള്‍ മാപ്പിളപ്പാട്ട് ആസ്വാദകരില്‍ ഹരം പകര്‍ന്നു. 70 മുതല്‍ പി ടി അബ്ദു റഹ്മാന്‍, വടകര കൃഷ്ണദാസ് എന്നിവരുടെ കൂട്ടായ്മ എന്റെ ഗായക സംഘത്തിന് വലിയ തോതില്‍ പ്രചോദനമായി.
  ആയിടക്ക് 78-ലാണ് ഞങ്ങളുടെ ഗായക സംഘത്തിന് ഒരു വിദേശപര്യടനം ഒത്തുവന്നത്. യു എ ഇ, ബഹറൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലായി ഇരുപത്തിയഞ്ചോളം സ്‌റ്റേജ് പരിപാടികള്‍ നടത്തി. ഈ പരിപാടികള്‍ ഉദ്ദേശിച്ചുകൊണ്ട് മുപ്പതോളം പാട്ടുകള്‍ പി ടിയെക്കൊണ്ട് എഴുതിക്കുകയും കൃഷ്ണദാസിനെക്കൊണ്ട് സംഗീതം നിര്‍വ്വഹിക്കുകയും ചെയ്തു. ഇവയില്‍പെട്ട ഒരു ഗാനമാണ് ‘ഓത്തുപള്ളീലന്നു നമ്മള്‍..’ എന്നത്.
  ആദ്യത്തെ സ്റ്റേജ് അബൂദാബിയിലെ അല്‍മേരിയ തിയേറ്ററിലായിരുന്നു. തികഞ്ഞ ആശങ്കയോടെയാണ് കൃഷ്ണദാസ് ഈ ഗാനം ആലപിച്ചത്, കാരണം മാപ്പിളപ്പാട്ട് ആസ്വാദകര്‍ ഈ ഗാനം എങ്ങനെ സ്വീകരിക്കും എന്ന ഭയമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യ ഇശലില്‍ നിന്ന് അല്‍പ്പം മാറി പുതുമയോടെ ഏതാണ്ട് ഗസലിന്റെയും ബംഗാളി സംഗീതത്തിന്റെയും ചുവയുള്ള ഒരു മെലഡി ആയിരുന്നു അത്. പാട്ടു കഴിഞ്ഞതോടെ സദസ്സില്‍ നിന്നു മിനുട്ടുകളോളം നീണ്ടു നിന്ന ഹര്‍ഷാരവം ഉയര്‍ന്നു. അതോടെ ഞങ്ങള്‍ക്കെല്ലാം മനസ്സമാധാനവും ആവേശവുമായി.
  അന്ന് കേരളത്തില്‍ ടേപ്പ് റിക്കാര്‍ഡുകളോ കാസറ്റുകളോ പ്രചാരത്തിലുണ്ടായിരുന്നില്ല. ഈ പരിപാടി കഴിഞ്ഞ ശേഷം നാട്ടിലേക്ക് വരുന്ന ഓരോ പ്രവാസിയുടെയും പെട്ടികളില്‍ ഒരു ടേപ്പ് റിക്കാര്‍ഡറും ഞങ്ങളുടെ സ്റ്റേജ് പരിപാടികളുടെ കാസറ്റുകളും ഉണ്ടായിരുന്നു. അങ്ങനെ മാപ്പിളപ്പാട്ടുകള്‍ക്ക് കേരളത്തില്‍ തെക്കേ അറ്റം മുതല്‍ വടക്കെ അറ്റം വരെയും മലയാളികള്‍ എവിടെയെല്ലാം താമസിക്കുന്നുണ്ടോ അവിടെയെല്ലാം, ആസ്വാദകരുണ്ടായി. മാപ്പിളപ്പാട്ടുകള്‍ ജനകീയ ശ്രദ്ധ നേടി.
  ആയിടക്കാണ് പ്രശസ്ത സാഹിത്യകാരനും നോവലിസ്റ്റുമായ പള്ളിക്കര വി പി മുഹമ്മദിന്റെ ‘തേന്‍തുള്ളി’ എന്ന സിനിമയിലേക്ക് ‘ഓത്തുപള്ളി’ എന്ന ഈ ഗാനം അദ്ദേഹം തിരഞ്ഞെടുത്തത്. അതിന്റെ സംഗീതം നിര്‍വ്വഹിക്കാന്‍ ആരെയാണ് ഭരമേല്‍പ്പിക്കേണ്ടതെന്ന് അദ്ദേഹത്തിന് ഒട്ടും സംശയിക്കേണ്ടിവന്നില്ല. മാപ്പിളപ്പാട്ടിന്റെ ആത്മാവും സ്വത്വവും കണ്ടറിഞ്ഞ പ്രശസ്തസംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍ തന്നെയായിരുന്നു അത്. മാപ്പിളപ്പാട്ടിന്റെ താളവും തനതായ ഈണവും ഇഴുകിച്ചേര്‍ന്ന വിധത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ഈ ഗാനം ആര് ആലപിക്കണമെന്നും രാഘവന്‍ മാസ്റ്റര്‍ക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല. ഗാനരംഗത്ത് വേറിട്ട ഒരു ശബ്ദത്തിന്റെ ഉടമയായ വി ടി മുരളിയെക്കൊണ്ടു തന്നെ ഈ ഗാനം പാടിച്ചു. അദ്ദേഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്തു തന്നെ വി ടി ഈ ഗാനത്തിന് മിഴിവേകുകയും ചെയ്തു.
  റിക്കോര്‍ഡിംഗ് കഴിഞ്ഞു സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ അദ്ദേഹം നിറഞ്ഞ സംതൃപ്തിയോടെയാണ് വി ടിയെ അനുമോദിച്ചത്. സിനിമ കണ്ടു തിയ്യേറ്ററില്‍ നിന്ന് മടങ്ങുന്നവരുടെയും പ്രതികരണം മറിച്ചായിരുന്നില്ല. മാപ്പിളപ്പാട്ടു രംഗത്ത് ഒരു ഹരമായി മാറി ഓത്തുപള്ളി. അതോടെ കേരളത്തില്‍ അങ്ങോളമിങ്ങോളം നിലവിലുള്ള മിക്ക ഗായകസംഘാംഗങ്ങളും ഈ ഗാനം ഏറ്റുപാടാന്‍ തുടങ്ങി. കഴിഞ്ഞ 36 വര്‍ഷമായി മാപ്പിളപ്പാട്ട് ആസ്വാദകരുടെയും ഗായകരുടെയും മനസ്സിലും ചുണ്ടിലും ഈ ഗാനം നിറഞ്ഞു നില്‍ക്കുന്നു. പല ഗാനമേള സദസ്സുകളിലും ഈ ഗാനം ആവര്‍ത്തിച്ചു പാടിപ്പിച്ച അനുഭവം എനിക്കുണ്ടായിട്ടുണ്ട്.
  മാപ്പിളപ്പാട്ട് ആസ്വാദകര്‍ മാപ്പിളപ്പാട്ടിന്റെ താളവും ഈണവും എന്നും ഏറെ ഇഷ്ടപ്പെടുന്നു എന്നതിന്റെ അനുഭവസാക്ഷ്യമാണ് ഇത് തെളിയിക്കുന്നത്. മുരളി പാടിയ ഈ ഗാനം കഴിഞ്ഞ മുപ്പത്താറു വര്‍ഷമായി ഗാനരംഗത്ത് തെളിമയോടെ നിറഞ്ഞുനില്‍ക്കുന്നു. അതിനിടക്ക് പുതിയ എത്രയെത്ര ഗാനങ്ങള്‍ ഇവിടെ രംഗപ്രവേശം ചെയ്തു. എല്ലാം മൂന്നു നാലു വര്‍ഷങ്ങള്‍ക്കകം പൊലിഞ്ഞു വിസ്മൃതിയിലായി.
  ഈ ഒരു ഗാനം പാടാന്‍ വേണ്ടി മാത്രം ഗള്‍ഫ് നാടുകളിലേക്ക് അഞ്ചാറ് പ്രാവശ്യം വി ടിയെ ക്ഷണിച്ചു കൊണ്ടു പോയതായി എനിക്ക് നേരിട്ട് അനുഭവപ്പെട്ടതാണ്. 37 വര്‍ഷമായി വി ടി മുരളി ഈ ഒരൊറ്റ പാട്ടിന്റെ പേരില്‍ രാജകുമാരനായി വിലസുന്നു.
  ഈ ഗാനത്തിനും ഇത് സംവിധാനം ചെയ്ത രാഘവന്‍ മാസ്റ്റര്‍ക്കും ഇത് ആലപിച്ച വി ടി മുരളിക്കും രചയിതാവായ പി ടി അബ്ദു റഹ്മാനും സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ ഏത് കാലവും നിലനില്‍പ്പുണ്ടാവും എന്ന കാര്യം അനുഭവ സാക്ഷ്യമാണ്. ഈ ഗാനത്തിന് ഒരിക്കലും മരണമില്ല.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  ഓര്‍മ്മകളെ തിരികെ വിളിക്കുന്ന
  ‘ഓത്തുപള്ളി’ പാട്ട്
  – ഷാബു കിളിത്തട്ടില്‍ –
  അര്‍ത്ഥം ഗ്രഹിക്കാന്‍ പാകമാകാത്ത പ്രായത്തില്‍ കേട്ട ഒരു പാട്ടുണ്ട്, ഇപ്പോഴും മനസ്സില്‍.
  ‘അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലേ മക്കളേ
  അത്തമെല്ലാം തീരും എന്റെ കരളിന്റെ പൂമാളേ
  ആര്‍ത്തിയോടെ വാരിയെടുത്തുമ്മ വെച്ച് മുകരുവാന്‍
  അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലേ മക്കളേ’
  അമ്മ പാടിത്തന്ന താരാട്ടു പാട്ടുകളിലൊരെണ്ണം. പലപ്പോഴും അമ്മ മൂളിക്കേട്ട പാട്ടുകളില്‍ ഈയൊരെണ്ണം മാത്രം ഒളിമങ്ങാതെ മനസ്സില്‍ തങ്ങി നില്‍ക്കുകയാണ്, ഇപ്പോഴും. 1961-ല്‍ പുറത്തിറങ്ങിയ ജ്ഞാന സുന്ദരിയിലെ ഗാനമാണിത്. അഭയദേവിന്റെ വരികള്‍ക്ക് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ് സംഗീതം നല്‍കിയത്.
  ‘പൊന്‍മണികളല്ലെയോ എന്റെ കണ്‍മണികളല്ലെയോ
  പുണ്യം ചെയ്‌തൊരമ്മയ്ക്കീശ്വരന്‍ തന്ന നിധിയല്ലയോ’
  വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വരികള്‍ വീണ്ടും ഓര്‍ക്കുമ്പോള്‍ ഹൃദയം തരളിതമാവുന്നു. അമ്മയുടെ മധുരസ്വരം കേട്ട് തൊട്ടിലില്‍ കിടന്ന് കൈകാലിളക്കി ചിരിക്കുന്ന കൊച്ചു കുറുമ്പനാവാന്‍ മനസ്സ് കൊതിക്കുന്നു.
  അതാണ് പാട്ടിന്റെ ശക്തി.
  തിരക്കിട്ട ഈ ജീവിതയാത്രക്കിടയില്‍, എല്ലാം വെട്ടിപ്പിടിക്കാനെന്ന മട്ടില്‍ നിലം തൊടാതെ പായുന്നതിനിടയില്‍, ചുമലില്‍ പിടിച്ചു നിറുത്തി സൗമ്യമായി പറയുന്നു, പിന്‍തിരിഞ്ഞു നോക്കാന്‍.
  പാട്ട് ഓര്‍മ്മകളുടെ മടക്കയാത്രയ്ക്ക് പ്രേരിപ്പിക്കുന്നു. പാട്ടുകള്‍ക്ക് ജീവനുണ്ടോ എന്ന ചോദ്യം അതുകൊണ്ട് തന്നെ അപ്രസക്തമാവുന്നു.
  പാട്ട് സ്മരണകളുണര്‍ത്തുക മാത്രമല്ല, പാട്ട് മനുഷ്യനെ ഒന്നാക്കുന്നുമുണ്ട്.
  മനുഷ്യരായ മനുഷ്യരെല്ലാം പാടി നടന്ന പാട്ടുകളുണ്ട് നമുക്ക്. പാട്ടു കൊണ്ട് ഹൃദയങ്ങള്‍ ഒന്നായ സന്ദര്‍ഭങ്ങളുണ്ട് നമുക്ക് മുന്നില്‍.
  പാട്ടിന് അവഗണിക്കാനാവാത്ത മഹത്തായ പൈതൃകമുണ്ട്. ഒരിക്കലും ക്ഷയിക്കാത്ത സംസ്‌കാരമുണ്ട്.
  അങ്ങനെയൊരു സംസ്‌കാരത്തിന്റെ ചരിത്രം പറയുന്ന പാട്ടാണ് ‘ഓത്തു പള്ളീലന്നു നമ്മള്‍..’. പി ടി അബ്ദു റഹ്മാന്‍ രചിച്ച്, മലയാളക്കരയില്‍ സംഗീത നവോത്ഥാനം സാധ്യമാക്കിയ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട്, വി ടി മുരളി പാടിയ പാട്ട്.
  പുസ്തകത്താളില്‍ ഒളിപ്പിച്ചു വച്ച മയില്‍പ്പീലിയുടെ നൈര്‍മ്മല്യമുണ്ട് ഈ പാട്ടിന്റെ വരികള്‍ക്ക്, ഈണത്തിന്, ഗായകന്റെ ഭാവത്തിന്. മനുഷ്യരായ മനുഷ്യരെല്ലാം പാടി നടന്ന, കാലമെത്ര കഴിഞ്ഞിട്ടും പാടി നടക്കുന്ന അപൂര്‍വ്വം ഗാനങ്ങളിലൊന്ന്.
  എല്ലാം യന്ത്രവല്‍കൃതമായ ഒരു ലോകത്താണ് നമ്മുടെ ജീവിതം. സംഗീതത്തിന് പോലും അതിന്റെ പിടിയില്‍ നിന്ന് മാറി നടക്കാന്‍ കഴിഞ്ഞില്ല. കുലീനമല്ലാത്ത വരികളെ കാതടപ്പിക്കുന്ന ഒച്ചകൊണ്ട് പുതച്ച് പാട്ടെന്ന പേരില്‍ പടച്ചുവിടുകയാണ് യന്ത്രവത്കൃത സംഗീതത്തില്‍ വിരാജിക്കുന്നവര്‍. മലബന്ധമുള്ളയാള്‍ ശോചനത്തിന് ബുദ്ധിമുട്ടുന്ന പോലെ മുക്കലും മൂളലും ഒക്കെയായി ന്യൂ ജനറേഷന്‍ അപസ്വരങ്ങള്‍. ന്യൂ ജനറേഷന്‍ പാട്ടുകള്‍ ഇങ്ങനെയേ ആകാവൂ എന്ന കടുംപിടുത്തം എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
  ഇതിനിടയില്‍, നീലക്കുറിഞ്ഞി പൂക്കുന്നതു പോലെ, കേള്‍ക്കാനിമ്പമുള്ള അപൂര്‍വ്വം ചില പാട്ടുകള്‍ പിറവിയെടുക്കുന്ന കാര്യം വിസ്മരിക്കുന്നില്ല.
  ഒരിക്കല്‍ അത്തരമൊരു ന്യൂജനറേഷന്‍ പാട്ട് കേട്ടപ്പോള്‍ ഒരു റേഡിയോ ശ്രോതാവിന്റെ കമന്റ് രസകരമായിരുന്നു. ആസ്ത്മ രോഗിയുടെ പാട്ട് വന്നല്ലോ എന്നായിരുന്നു ആ രസികന്റെ പരാമര്‍ശം. അത്രയ്ക്കാണ് ന്യൂജനറേഷന്‍ പാട്ടുകള്‍ സംഗീതാസ്വാദകനില്‍ ചെലുത്തുന്ന ‘സ്വാധീനം’.
  ഇതിനിടയില്‍, ഓത്തുപള്ളി പോലുള്ള പാട്ടുകളുടെ കുളിര്‍മഴ നനഞ്ഞാണ് സംഗീത പ്രേമികള്‍ ആശ്വസിക്കുന്നത്. പിന്‍ നടത്തത്തിന് പ്രേരിപ്പിക്കുന്ന വരികള്‍, നമ്മളറിയാതെ ഗൃഹാതുര സ്മരണകളിലേക്ക് നയിച്ചുകൊണ്ടുപോകുന്ന മാന്ത്രിക സംഗീതം, വിഷാദാര്‍ദ്രമായ ഭാവ തീവ്രതയോടെ ഗായകന്റെ ആലാപന ഭംഗി.. അങ്ങനെ എല്ലാം ഒത്തിണക്കിയ അനുപമ ഗാനം. അപൂര്‍വ്വം മാത്രം സംഭവിക്കുന്നതാണത്. അതുകൊണ്ടു തന്നെയാണ് റേഡിയോയുടെ റിക്വസ്റ്റ് ഷോകളിലെല്ലാം ‘ഓത്തുപള്ളിക്ക്’ ആവശ്യക്കാര്‍ കൂടുതലുള്ളതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
  പ്രവാസികളുടെ ഗൃഹാതുരത്വത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് ക്ലീഷേ ആയെങ്കിലും പറയാതിരിക്കാന്‍ കഴിയില്ല. നാടിനെക്കുറിച്ച് കേള്‍ക്കാനും പറയാനും പ്രവാസികള്‍ ഒട്ടും പിശുക്കില്ലാത്തവരാണെന്നാണ് ഒരു ദശാബ്ദം നീണ്ട പ്രവാസ മാധ്യമ പ്രവര്‍ത്തനത്തിനിടയിലെ എന്റെ അനുഭവം.
  ‘കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നല്ലിക്ക
  കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക’.
  അങ്ങനെ, ഓത്തുപള്ളീലന്നു പോയപ്പോള്‍ നടന്നതൊക്കെ കണ്‍മുന്നില്‍ വീണ്ടും വീണ്ടും കണ്ട് പിറന്ന മണ്ണില്‍ മനസ്സുകൊണ്ട് പാദസ്പര്‍ശം നടത്തുകയാണ് മരുഭൂമിയിലെ മലയാളികള്‍. വി ടി മുരളിയുടെ ആലാപന ഭംഗി പാട്ടിന്റെ വരികളെ ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കാന്‍ ആസ്വാദകനെ സഹായിക്കുന്നുണ്ട് എന്നു കൂടി പറയണം. അതുകൊണ്ടു കൂടിയാണ് അധികം ചലച്ചിത്ര ഗാനങ്ങള്‍ പാടിയിട്ടില്ലെങ്കിലും വി ടി മുരളി എന്ന ഗായകന്‍ സംഗീത പ്രേമികളുടെയിടയില്‍ പ്രിയപ്പെട്ട ഗായകനായി നിലകൊള്ളുന്നത്.
  ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമാണിത്. ഒരൊറ്റ പാട്ടുകൊണ്ട്, ഭാവ തീവ്രതയും ശബ്ദ സൗകുമാര്യവും പരക്കെ അംഗീകരിക്കപ്പെടുകയെന്നത് വേറെ ഏതു ഗായകന് അവകാശപ്പെടാന്‍ കഴിയുന്നതാണ്?
  ‘ഓത്തുപള്ളി’ എന്ന പാട്ട് കാലാതിവര്‍ത്തിയാണ്. കാരണം, അതില്‍ മുറ്റി നില്‍ക്കുന്നത് പച്ചയായ ജീവിതമാണ്. ഏതു ജനറേഷനിലും സ്ഥായിയായി കാണുന്ന പ്രണയം, വിരഹം, അങ്ങനെയെല്ലാമുണ്ട് ഓത്തുപള്ളിയില്‍.
  ഉപ്പുകൂട്ടി പച്ചമാങ്ങ തിന്നുന്നതിന്റെ രുചി അറിയാത്തവരായി, പുസ്തകത്തില്‍ മയില്‍പ്പീലി വെച്ചു കൊണ്ട് അതു പെറുന്നതും കാത്തിരിക്കാത്തവരായി, ന്യൂ ജനറേഷന്‍ മാറുന്നുണ്ടെങ്കിലും ‘ഓത്തുപള്ളി’ കാലങ്ങളോളം മനുഷ്യ ഹൃദയങ്ങളെ തൊട്ടുതന്നെ നില്‍ക്കും. തീര്‍ച്ച
  • Blogger Comments
  • Facebook Comments
  Item Reviewed: ഓത്തുപള്ളി ഓർമ്മയിലെ തേൻ തുള്ളി Rating: 5 Reviewed By: Unknown
  Scroll to Top