• Latest News

  പ്രണയോപനിഷത്ത്

  പ്രണയോപനിഷത്ത് – വി ജെ ജയിംസ്‌-
  ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാല്‍ ശ്രദ്ദേയമാകുന്ന കഥകള്‍. അദൃശ്യമായ അടുപ്പത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിക്കുന്ന വോള്‍ഗ, പ്രണയത്തിലെ കൈക്കുറ്റപ്പാടുകള്‍ തിരുത്തുന്ന ദമ്പതിമാരുടെ കഥപറയുന്ന പ്രണയോപനിഷത്ത്, ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരണ്‍ എന്ന സ്ത്രീവേട്ടക്കാരന്റെയും പെണ്‍സുഹൃത്തിന്റെയും കഥ പറയുന്ന അനാമിക, അപൂര്‍വ്വമായൊരു സൗഹൃദക്കൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ ദ്രാക്ഷാരസം തുടങ്ങി സമീപകാലത്ത് വളരെയേറെ വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വി ജെ ജയിംസ് രചനകള്‍. ജീവിതകാമനകളുടെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും ആവിഷ്‌കരിക്കുന്ന ഒമ്പതു കഥകളുടെ സമാഹാരം.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  അനാമിക
  ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരണ്‍ എന്ന സ്ത്രീ വേട്ടക്കാരന്റെയും അനാമിക എന്ന പെണ്‍സുഹൃത്തിന്റെയും രതിസാഹസത്തിന്റെ കഥയാണിത്. ഇവര്‍ക്കിടയില്‍ സ്വത്വം നഷ്ടപ്പെട്ടു പോകുന്ന ശരണിന്റെ ഭാര്യ ദമയന്തിയും ഈ കഥയില്‍ മാപ്പുസാക്ഷിയായി എത്തിനോക്കിയെന്നു വരും.
  കഥയുടെ വര്‍ത്തമാനകാല പരിതസ്ഥിതി രാത്രി പത്തുമണിയാണെങ്കിലും താഴത്തെ നിലയിലെ ക്ലോക്ക് 9.43 എന്ന ഭൂതകാലവും ശരണിന്റെ വാച്ച് 10.04 എന്ന ഭാവികാലവും കാണിക്കുന്നു. ഇവ ദമയന്തിയുടെ പിന്‍വലിയലിനെയും ശരണിന്റെ അക്ഷമയെയും സൂചിപ്പിക്കുന്നുവെന്ന് നിരൂപകദൃഷ്ടിയാല്‍ കഥയെ സമീപിക്കുന്നവര്‍ക്ക് തോന്നിയേക്കാമെങ്കിലും അത് സത്യമായിക്കൊള്ളണമെന്നില്ല. അത്താഴത്തിന് ദമയന്തി വിളമ്പിവെച്ച ചപ്പാത്തിയും മുട്ടക്കറിയും കഴിച്ച് ശരണ്‍ മുകള്‍ നിലയിലേക്ക് പോവുകയും തന്റെ ലാപ്‌ടോപ്പില്‍ മുഖം പൂഴ്ത്തുകയും ചെയ്തിരിക്കുന്നു. അടുക്കള ഇപ്പോഴും ഒച്ചയനക്കം പുറപ്പെടുവിക്കുന്നതില്‍ നിന്നും ദമയന്തി കിടന്നിട്ടില്ലെന്നറിഞ്ഞ് ശരണ്‍ അസ്വസ്ഥനാണ്. ഇന്ന് ശരണ്‍ കഴിച്ച ചപ്പാത്തിക്ക് ചരിത്രപരമായ ഒരു പ്രത്യേകതയുണ്ടായിരുന്നത് മനസ്സിലാക്കണമെങ്കില്‍, ചപ്പാത്തിയുമായി ജീവിതകാലം മുഴുവന്‍ ദമയന്തി നടത്തിയ മുഷ്ടിയുദ്ധത്തെക്കുറിച്ച് അറിയണം.
  മറിച്ചിട്ടും തിരിച്ചിട്ടും എത്ര പരത്തിയിട്ടും ചപ്പാത്തിയെ വൃത്തഭദ്രമാക്കാനുള്ള ദമയന്തിയുടെ ശ്രമം ഒരിക്കലും ഫലം കണ്ടിരുന്നില്ല. അതിനാല്‍ കല്യാണം കഴിഞ്ഞ് പതിനെട്ടു വര്‍ഷമായിട്ടും ഓസ്‌ട്രേലിയയും ശ്രീലങ്കയും സുമാട്ര – ജാവാ ദ്വീപുകളും ചവച്ചരയ്ക്കാനായിരുന്നു ശരണിന് യോഗം.
  ‘വൃത്തത്തിലായാലും ചതുരത്തിലായാലും മുറിച്ച് വൃത്തികേടാക്കിയല്ലേ ചപ്പാത്തി കഴിക്കുന്നത്. പിന്നെന്താ?’
  ദമയന്തിയുടെ ഈ ചോദ്യത്തില്‍ താത്വികമായ ഒരു കുബുദ്ധി ഒളിപ്പിച്ചു വെച്ചിട്ടുള്ളതിനാല്‍ ചപ്പാത്തിയെ ഏതു രൂപത്തിലും സ്വീകരിക്കാനുള്ള മാനസികാവസ്ഥ ശരണ്‍ കലാക്രമേണ ആര്‍ജ്ജിജച്ചു. പതിനേഴു വര്‍ഷവും ആറുമാസവും ഇരുപത്തിരണ്ട് ദിവസവും ഒന്നിച്ചു കഴിഞ്ഞ ശേഷം വൃത്തഭംഗം വന്ന ചപ്പാത്തി കഴിക്കുന്ന അത്താഴ നേരത്ത് തന്നെ രണ്ടുമുറികളിലായി ഇനിമേല്‍ അന്തിയുറങ്ങത്തക്ക വിധം അവര്‍ക്കിടയില്‍ ഒരു ദാമ്പത്യസമരം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന പതിവ് തെറ്റി. അതില്‍പ്പിന്നെ മേശയില്‍ ഭക്ഷണം വിളമ്പി വെച്ചാലുടന്‍ മനപ്പൂര്‍വ്വം വന്നെത്തുന്ന ഒരു ശോധന ദമയന്തിയെ ബാത്ത്‌റൂമിലേക്ക് ക്ഷണിച്ചു. ഭര്‍ത്താവ് ഡൈനിങ് ടേബിളിലാണെങ്കില്‍ ഭാര്യ ക്ലോസറ്റില്‍ എന്ന് തീര്‍ച്ചപ്പെടുത്താനാവുന്ന തരം മാതൃകാ ദാമ്പത്യം. ഭാഷയിലെ കുറുകിയ വാക്കുകള്‍, ചിഹ്നസൂചനകള്‍, വ്യാക്ഷേപകങ്ങള്‍, ഇവയുടെ സഹായത്താല്‍ ഒരേ വീട്ടിലെ രണ്ടുമുറിയില്‍ പരസ്പരം ശല്യമാകാതെ അവര്‍ ഭാര്യഭര്‍ത്താക്കന്‍മാരായി തുടര്‍ന്നു പോരുമ്പോഴാണ് ശരണ്‍ ഫേസ്ബുക്കിലെ ചെറുമതിലുകള്‍ ചാടിക്കടന്ന് അനാമികയെന്ന വന്‍മതിലിനു മുന്നില്‍ ചെന്നു പെടുന്നത്.
  നാമമില്ലാത്തവള്‍ എന്നാണ് അനാമികയെന്ന നാമത്തെക്കുറിച്ച് ശരണ്‍ പുലര്‍ത്തിയ ധാരണ. നാമരഹിതയെങ്കിലെന്ത്, അവള്‍ക്ക രൂപത്തിന്റെ ദൃശ്യസമ്പന്നതയുണ്ടെന്ന് പല ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കിയ പരിശോധനകളിലൂടെ ശരണ്‍ പിന്നീട് തിരിച്ചറിയുന്നുണ്ട്. ചാറ്റിച്ചാറ്റി ലാപ്‌ടോപ്പിന്റെ ചതുര സ്‌ക്രീനില്‍ എത്തിച്ച ഒരു പെണ്ണും ശരണിനെ ഇത്ര കഠിനമായി പരീക്ഷിച്ചിട്ടില്ല. പ്രൊഫൈലില്‍ ഖജുരാഹോ ശില്‍പ്പത്തിന്റെ ഫോട്ടോയും ബാക്ക്ഗ്രൗണ്ടില്‍ കര്‍ണ്ണവികാരം പൂത്ത ചൈത്രസമൃദ്ധിയുമായി ഇടക്കിടെ തന്റെ ചുവരില്‍ കമന്റെഴുതി ലൈക്കിട്ട അനാമികയെ കുറച്ചുദൂരം നിരീക്ഷിച്ച ശേഷമായിരുന്നു ശരണ്‍ കൂടുതല്‍ അടുത്തു ചെന്നത്. ഇന്‍ബോക്‌സിലൂടെ പിന്നീടൊഴുകിയ മെസ്സേജുകളില്‍ അനാമികയുടെ മണം കൂടി അനുഭവപ്പെടാന്‍ അധികകാലം വേണ്ടിവന്നില്ല. എങ്കിലും ഒരു ബ്രാലിന്റെ മെയ് വഴക്കം പ്രദര്‍ശിപ്പിച്ച് വഴുതിക്കളിക്കുന്നവള്‍ക്കു നേരെ തെറ്റാലി പായിക്കാനുള്ള പുരുഷവെമ്പല്‍ അയാളെ കൂടുതല്‍ കൂടുതലായി കര്‍ണ്ണവികാരത്തിന്റെ പാശ്ചാത്തലത്തിലേക്ക് പിടിച്ചുവലിച്ചു.
  • Blogger Comments
  • Facebook Comments
  Item Reviewed: പ്രണയോപനിഷത്ത് Rating: 5 Reviewed By: Unknown
  Scroll to Top