• Latest News

    ദൃഷ്ടിച്ചാവേര്‍

    പുസ്തക പരിചയം
    പ്രമോദ് രാമന്റെ കഥാസമാഹാരം 
    ദൃഷ്ടിച്ചാവേർ
    തന്തത്താഴ്, പ്രതിശീർഷഭോഗം, കാരിസ്മാറ്റിക് ശവം, അപസ്മാരകം, ദൃഷ്ടിച്ചാവേർ, ബീജഗണിതം, മരിപ്പുകൾ, തിക്കുറിശ്ശി ഒരു കൊറിയൻ പദമാണ് എന്നിങ്ങനെ വ്യത്യസ്‍തങ്ങളായ എട്ടു കഥകൾ
    പ്രമോദ്‌ രാമന്റെ കഥകള്‍ വായനയെ ലഘുവല്ലാത്ത, ലളിതമല്ലാത്ത പ്രവൃത്തിയാക്കി മാറ്റാന്‍ പ്രേരിപ്പിക്കുന്നവയാണ്‌. പ്രത്യക്ഷത്തില്‍ കാണുന്നതൊന്നുമല്ല നമ്മുടെ ജീവിതം എന്നു പറയേണ്ടതുണ്ട്‌, ഈ കഥാകാരന്‌. സങ്കീര്‍ണ്ണമായ ലോകത്തെ ലളിത,കോമളപദങ്ങളിലെഴുതുക അസാദ്ധ്യമത്രെ. മറയ്ക്കുകയോ ഒളിച്ചുവയ്ക്കപ്പെടുകയോ ഇതരരീതികളില്‍ പരോക്ഷീകരിക്കപ്പെടുകയോ ചെയ്യുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ, മലയാളകഥാലോകത്തിന്‌ അധികമൊന്നും പരിചയമില്ലാത്ത സവിശേഷമായ കഥാനിര്‍മ്മാണചാതുരി കൊണ്ട്‌ വെളിപ്പെടുത്തുന്നു, ഇയാള്‍. ഈ രചനയുടെ വഴികള്‍ ദുര്‍ഘടം പിടിച്ചതെന്നു കുറ്റപ്പെടുത്തുന്നവരുണ്ടാകാം. സങ്കീര്‍ണ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ലളിതമായ ഘടനകള്‍ക്കു വഴങ്ങുന്നതല്ലല്ലോ. എന്നാല്‍, വിശ്വാസങ്ങളുടേയും വികാരങ്ങളുടേയും ഏതേതു ലോകങ്ങളിലാണ്‌ ജീവിക്കുന്നതെന്ന് സ്വയം തിരിച്ചറിയാത്ത നമ്മളോട്‌ ‘ഇതാണ്‌ നിങ്ങളുടെ ഉള്ള്‌’ എന്നു പറയുന്നു, ഈ കഥകള്‍.
    അപസ്മാരകം എന്ന കഥ കേരളത്തിലെ മധ്യവര്‍ഗകുടുംബജീവിതത്തിലെ അവസ്ഥാവിശേഷങ്ങളിലേക്ക്‌ കണ്ണെത്തിക്കുന്നു. റാമും ചിന്തയും മിഷയും അടങ്ങുന്ന അണുകുടുംബമാണ്‌ കഥയിലേത്‌. ഐ.ജി. റാമിന്റേയും അയാളുടെ ഗൃഹനാഥയായ ഭാര്യ ചിന്തയുടേയും കുടുംബം. പുറമേയ്ക്കു കാണുന്നതല്ല അകത്തുള്ളത്‌. പുറമേയ്ക്കു സ്വസ്ഥം, സംതൃപ്തം. എന്നാല്‍, അസംതൃപ്തികളും അസ്വസ്ഥതകളും ചൂഴ് ന്നു നില്‍ക്കുന്ന വിഭജിതമായ ലോകങ്ങള്‍, ഉള്ളില്‍. ചവിട്ടുപടികളില്‍ ചിതറി കിടക്കുന്ന വറ്റുകളില്‍ ചവിട്ടുമ്പോള്‍ കുഞ്ഞുകിളിമുട്ടകള്‍ ഉടയ്ക്കുന്നതിന്റെ സുഖമനുഭവിക്കുന്നവന്‍ റാം. പടികളില്‍ തൂവികിടക്കുന്ന വറ്റുകളെ ചവിട്ടാതെ പോകുന്ന ചിന്തയോട്‌ റാമിന്‌ എതിര്‍പ്പുണ്ട്‌. ബന്ധങ്ങളിലെ വിടവുകള്‍ ഇവരെ സ്വയം പിളര്‍ത്തുന്നു. റാം റാം മാത്രമല്ല, ചിന്ത ചിന്ത മാത്രമല്ല. ചിന്ത വില്‍ഫ്രഡ്‌ ഷെഫാനെന്ന എഴുത്തുകാരനായി മാറുന്നു. ഈ എഴുത്തുകാരന്റെ നോവലിലെ കഥാപാത്രങ്ങളായി റാമും ചിന്തയും അവതരിക്കുന്നു. റാം ജെറാര്‍ഡ്‌ നോറി എന്ന ആരാച്ചാരാണ്‌, ചിന്ത അഗതയും. ചിന്തയില്‍ ചിന്തിച്ചു തുടങ്ങുന്ന പെണ്ണിനെ കുറിച്ചുള്ള സൂചനകളുണ്ട്‌, അഗതയില്‍ അന്വേഷണബുദ്ധിയുള്ളവളും. അഗത നോറിയുടെ ആദ്യത്തേയും അവസാനത്തേയും പെണ്ണിര. അച്ഛന്‍ ബ്രയാന്‍ അമ്മ നിമോണയെ മുറ്റത്തു നിന്നും വീടിന്നകത്തേക്കു വലിച്ചു കൊണ്ടുപോയി ബലാല്‍ക്കാരം ചെയ്യുമ്പോള്‍ പാറാവുകാരനായി നിന്നു വളര്‍ന്നവന്‌ അഗതയെ കെട്ടണമായിരുന്നു, ബലാത്സംഗം ചെയ്യാന്‍. ആനയെ പിഴിഞ്ഞു നീരെടുക്കുന്ന നോറി യഥാര്‍ത്ഥത്തില്‍ വാഴപ്പിണ്ടിക്കു ജീവന്‍ വച്ചവനായിരുന്നു, റാമും അങ്ങനെ തന്നെ. അവന്‌ മദ്യപാനവും ഭോഗവും വെള്ളിയാഴ്ച തോറും. ഐ.ജി.യുടെ കൃത്യത. ഫ്ളാറ്റിലെ മുറിയിലേക്ക്‌ വണ്ടുകളെ അഴിച്ചു വിട്ട്, ബലാല്‍സംഗം ചെയ്യപ്പെടാനുള്ള പശ്ചാത്തലമൊരുക്കി, ചിന്തയെ ഒറ്റയ്ക്കാക്കി റാം ഓഫീസിലേക്കു പോകും. എങ്കിലും, പൊട്ടറ്റോ ചിപ്സ്‌ വില്‍ക്കുന്നവന്റെ വേഷത്തില്‍ റാം കോളിങ്ങ്‌ ബെല്ലമര്‍ത്തും. ചിപ്സ്‌ വില്‍പനക്കാരന്‌ ചിന്തയെ ബലാത്സംഗം ചെയ്യണം, ബലാത്സംഗം ചെയ്യുന്നതായി അവന്‌ അഭിനയിക്കണം. കാളക്കൂറ്റനെ പോലെ ചിന്തയുടെ നേര്‍ക്ക്‌ അടുത്തുവരുന്നവന്‍ മുക്രയിട്ട് മുക്രയിട്ട് അപസ്മാരം ബാധിച്ച്‌ വായില്‍ നിന്നും നുര ഒഴുക്കുന്നു. മണിയൊച്ച കേള്‍ക്കുന്നവള്‍ ചിപ്സ്‌ വില്‍പനക്കാരന്റെ അപസ്മാരത്തില്‍ നിന്നും ഉണരുന്നത്‌ അപസ്മാരബാധയാല്‍ മോഹാലസ്യപ്പെട്ട് വീല്‍ ചെയറില്‍ മുറിയിലേക്കു വരുന്ന റാമിലേക്കാണ്‌. വില്‍ഫ്രഡ്‌ ഷെഫാന്റെ അവസാനനോവലില്‍ നോറിയെ തൂക്കിലേറ്റുന്നു. അയാളെ തൂക്കിലേറ്റിയ ആരാച്ചാര്‍ അഗതയായിരുന്നു. പിന്നെ, വില്‍ഫ്രഡ്‌ ഷെഫാന്‍ എഴുതിയതേയില്ല. ‘അഗതയെ വിശേഷിപ്പിക്കാന്‍ ആരാച്ചാരുടെ സ്ത്രീലിംഗപദം കിട്ടാതെയായപ്പോള്‍ താഴെയിട്ട പേന ഷെഫാന്‍ തിരിച്ചെടുത്തില്ല.’ ഈ വാക്യത്തോടെയാണ്‌ പ്രമോദ്‌ രാമന്റെ കഥ അവസാനിക്കുന്നത്‌.
    വിശുദ്ധമെന്നും സംതൃപ്തമെന്നുമുള്ള പ്രതീതികള്‍ നിലനിര്‍ത്തുന്ന നമ്മുടെ മധ്യവര്‍ഗകുടുംബങ്ങളുടെ ഉള്ളിലേക്കു നോക്കുന്നു, ഈ കഥ. അവിടെ ലൈംഗിക അസംതൃപ്തികളുടെ, ലൈംഗിക അരാജകത്വത്തിന്റെ, ലൈംഗിക പീഡനങ്ങളുടെ… മറച്ചുവെയ്ക്കപ്പെട്ട ഭീകരയാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുന്നു. പരിശുദ്ധിയുടെ വിളനിലമെന്നു കൊണ്ടാടപ്പെടുന്ന മധ്യവര്‍ഗകുടുംബവ്യവസ്ഥ പേറുന്ന പാപഭാരങ്ങളെ വിവൃതമാക്കുന്നു. അച്ഛന്‍ അമ്മയെ ബലാത്സംഗം ചെയ്തതില്‍ പിറന്നവനും അച്ഛന്റെ ബലാത്സംഗങ്ങളുടെ പാറാവുകാരനുമായ നോറി അഗതയെ പിടിക്കാനായുന്നത്‌, അച്ഛന്‍ ബ്രയാനെ മൂന്നു വട്ടം മനസ്സിലുരുവിട്ടു കൊണ്ടാണ്‌. അവന്‍ വളര്‍ന്നു വന്ന ലൈംഗികതയുടെ സംസ്ക്കാരം കീഴടക്കലിന്റേതായിരുന്നു. ആ പാഠങ്ങളില്‍ വളര്‍ന്ന്, കൊടിയ ആക്രമണത്തിന്റേയും മര്‍ദ്ദനത്തിന്റേയും മനസ്സുമായി ചെല്ലുന്നവന്റെ ലൈംഗികശേഷിയോ? കൊല്ലന്‍ പഴുപ്പിച്ചെടുത്ത വാര്‍പ്പുലിംഗങ്ങള്‍ പെട്ടെന്നു വാടി വീഴുന്നുവെന്ന് കഥയില്‍ എഴുതപ്പെടുന്നുണ്ട്‌. അഗത പറയുതാകട്ടെ, തന്റെ ഉടല്‍ യുദ്ധം ചെയ്യപ്പെട്ട ഭൂമികയാണെന്നാണ്‌. തന്നെ വെട്ടിപ്പൊളിച്ചും ദണ്ഡനം ചെയ്തും ഭീതിപ്പെടുത്തിയും ഭോഗിക്കുന്നവനെ മാത്രമേ അവള്‍ക്കറിയൂ, അവനെ മാത്രമേ ഇനിയും പ്രതീക്ഷിക്കാനുള്ളൂ. ‘എന്നെ ശിക്ഷിക്കാനാണെങ്കില്‍, നിനക്കെന്നെ കെട്ടാം’ എന്നു പറയുന്നവള്‍ വിവാഹജീവിതം കൊടിയ ശിക്ഷയായി അനുഭവിക്കുന്ന സ്ത്രീലോകത്തെ തിരിച്ചറിയുന്നു. നമ്മുടെ ലൈംഗികജീവിതം ക്രൂരതയുടേയും അസംതൃപ്തികളുടേയും പരാജയങ്ങളുടേയും പര്യായമായി മാറിപ്പോകുന്നതിന്റെ കാഴ്ചകളാണിത്‌. ഇത്‌ കൊലയിലേ അവസാനിക്കൂ. ഷെഫാന്റെ നോവലില്‍ നോറിയെ തൂക്കിലേറ്റുന്ന അഗത, ജീവിതത്തില്‍ റാമിനെ തൂക്കിലേറ്റുന്ന അയാളുടെ ഭാര്യ ചിന്ത തന്നെയാണ്‌. ഈ കഥ വില്‍ഫ്രഡ്‌ ഷെഫാന്‍ എഴുതിയ നോവലുകളുടെ പ്രമേയവിവരണം മാത്രമല്ലാതാകുന്നത്‌ അങ്ങനെയാണ്‌. കഥയില്‍ നിന്നും ഉയരുന്ന സൂക്ഷ്മരാഷ്ട്രീയധ്വനികള്‍ പെരുക്കി കേല്‍പിക്കേണ്ടവയാണ്‌. എന്നാല്‍, ഇത്‌ ഒരു ഉത്തരാധുനികപ്രവണതക്കെതിരായ വിമര്‍ശം കൂടിയാണ്‌. ഉറച്ച രാഷ്ട്രീയപ്രതിരോധങ്ങള്‍ കൊണ്ട്‌ മാറ്റിത്തീര്‍ക്കേണ്ടതിനെ ചിഹ്നങ്ങളുടേയും അര്‍ത്ഥങ്ങളുടേയും പാഠങ്ങളുടേയും പ്രശ്നമാക്കി ചുരുക്കുന്നതിനെതിരായ വിമര്‍ശം.
    പ്രമോദ് രാമന്റെ അപസ്മാരകം എന്ന കഥ നിര്‍വ്വഹിക്കുന്ന അപനിര്‍മ്മാണം പ്രധാനമാണ്. നമ്മുടെ കുടുംബങ്ങളെ കുറിച്ച് നാം പണ്ടേ കുടിയേറ്റിയിരിക്കുന്ന വിശ്വാസങ്ങളേയും നിര്‍മ്മിച്ചുറപ്പിച്ചിരിക്കുന്ന സ്മാരകങ്ങളേയും ഈ അപസ്മാരബാധയുടെ കഥ അപനിര്‍മ്മിക്കുന്നു. എന്‍. എസ്. മാധവന്റെ ഹിഗ്വിറ്റക്കു ശേഷം മലയാളകഥ ഇങ്ങനെ നിറഞ്ഞു പൂക്കുന്നത് ഇപ്പോഴാണ്.
    (മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായനക്കാരുടെ പേജില്‍ പ്രസിദ്ധീകരിച്ച പ്രതികരണം )
    കഥ
    ബീജഗണിതം
    താടിയില്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്ന ഒരാള്‍ വന്നിരുന്നപ്പോള്‍ ഡോക്ടറെ കാണാന്‍ ക്ഷമവിടാതെ കാത്തിരുന്ന ആളുകള്‍ക്കിടയില്‍ പെട്ടെന്ന് അസ്വസ്ഥത പരന്നു. അയാള്‍, ബാക്കി എല്ലാവരുടെയും നിശബ്ദതയെ കളിയാക്കുന്ന മട്ടില്‍ ഉറക്കെ സംസാരിക്കാന്‍ കൂടി തുടങ്ങിയതോടെ ആശുപത്രിയുടെ അച്ചടക്കമുള്ള ഇടനാഴിയുടെ പലഭാഗത്തും നിന്ന നഴ്‌സുമാരടക്കം ശ്രദ്ധിച്ചു. അയാള്‍ ചോദിച്ചത് ഇതാണ്. ‘ശ്വാസകോശരോഗം നോക്കുന്ന ഡോക്ടര്‍ എത്തിയോ?’
    ആ ചോദ്യം ചോദിച്ചുകൊണ്ട് അയാള്‍ വന്നിരുന്നത് എന്റെയടുത്താണ്. അവിടെയൊരു സീറ്റ് ഒഴിഞ്ഞു കിടന്നതിനെ ഞാന്‍ ശപിച്ചു. അയാള്‍ ദൃഢഗാത്രനെങ്കിലും ഇരുന്നപ്പോള്‍ അല്‍പ്പം കൂനുണ്ടാവുകയും താടിയുടെ ദീര്‍ഘദൂരയാത്ര നടത്തുന്ന ഭാഗങ്ങള്‍ അരയില്‍ മുട്ടുകയും ചെയ്തു.
    ‘മാഷും ശ്വാസം ശരിയാക്കാനാണോ?’
    ആദ്യത്തെ ചോദ്യം അവഗണിച്ച എന്നോട് ഒരു സംഭാഷണം തുടങ്ങിയേ അടങ്ങൂ എന്ന വാശിയോടെ അയാള്‍ ചോദിച്ചു.
    ‘അല്ല. ഇടത്തേ മുറിയിലെ ഡോക്ടറെ കാണാനാണ്.’ ഞാന്‍ പറഞ്ഞു.
    ‘അതു നന്നായി. ഇടത്തേ മുറിയില്‍ നിന്ന് തുടങ്ങിയതാ ഞാനും. പുറത്തിറങ്ങി കുറേ ജീവിച്ച ശേഷം നടന്നുവന്ന് ഇപ്പോഴിതാ വലത്തേ മുറിയില്‍ കയറുന്നു.’ അയാളുടെ ശബ്ദം ഇടത്തേ മുറിയില്‍ നിന്നിറങ്ങി ആശുപത്രിക്ക് പുറത്തുപോയി തിരിച്ചുവന്ന് വലത്തേ മുറിയില്‍ കയറിയതായി എനിക്കു തോന്നി.
    ഇടത്തെ മുറി വന്ധ്യതക്ക് ചികിത്സിക്കുന്ന ഡോക്ടറുടേതാണ്. വിവാഹം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായിരിക്കുന്നു. ടെല്‍മ ഒരു കുഞ്ഞുവേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതു മുതല്‍ നോക്കാം നോക്കാമെന്ന് പറഞ്ഞ് ഞാനൊഴിഞ്ഞതാണ്. ഒടുവില്‍ ഇങ്ങനെ പറ്റില്ലെന്ന് കര്‍ശനമായി പറയേണ്ടി വന്നു അവള്‍ക്ക്. അപ്പോള്‍ അഭിമാനം വിടാത്ത പുരുഷനെന്ന നിലയില്‍ ആദ്യം അവളെ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നെയാണ് സ്വയം അതിനൊരുങ്ങിയത്.
    സപേം കൗണ്ട് സ്ഥിരമല്ല.
    നിങ്ങള്‍ക്ക് എണ്ണാന്‍ അറിയാത്തതാകും. നൂറ്, നൂറ്റിയൊന്ന്, നൂറ്റിരണ്ട് അങ്ങനെ കുരുകുലം ഞാന്‍ വേണമെങ്കില്‍ എണ്ണിത്തരാം. വേണ്ടെന്നുവച്ചിട്ടാ എന്നൊക്കെ പറയാന്‍ തോന്നി. ടോയ്‌ലറ്റില്‍ കയറി മുടി സ്വയം പിടിച്ചു വലിച്ച് കണ്ണാടിയില്‍ നോക്കി പല്ലുകടിച്ച് അരിശം തീര്‍ത്ത ആദ്യ റിസല്‍ട്ട് വന്ന ദിവസത്തെ ഞാന്‍ ഓര്‍ത്തു.
    പിന്നെ മരുന്നുസേവ. ഭക്ഷണക്രമീകരണം. ഒടുവില്‍ കഴിഞ്ഞ പരിശോധനയില്‍ കൗണ്ട് കണ്ടെത്തി. ഇന്ന ഐ യു ഐ ചെയ്യുകയാണ്.
    ‘ഇടത്തേ മുറിയിലെ ഡോക്ടര്‍ക്ക് പത്തു നാല്‍പ്പതു കൊല്ലത്തെ സര്‍വ്വീസുണ്ട്’. താടിക്കാരന്‍ ശബ്ദം കുറച്ചാണിപ്പോള്‍ സംസാരിക്കുന്നത്. മറ്റുള്ളവരാകട്ടെ, ഉറക്കെ സംസാരിക്കുന്നുമുണ്ട്. ആരെയും അനാദരിക്കാതെ പേടിക്കാതിരിക്കാന്‍ ഈ കൊച്ചുസമൂഹത്തെ പഠിപ്പിക്കുന്നതില്‍ താടിക്കാരന്‍ വിജയിച്ചിരിക്കുന്നു. വില്‍ യു ടോക് ലൗഡര്‍ പ്ലീസ് എന്നെഴുതിയ ടീഷര്‍ട്ട് ഇട്ട ചെറുപ്പക്കാരന്‍ അവര്‍ക്കിടയില്‍ വന്നിരിക്കുകയും ചെയ്തിരിക്കുന്നു.
    ‘മാഷ്‌ക്കെത്ര വയസ്സായി?’ താടിക്കാരന്‍ ചോദിച്ചു.
    ‘മുപ്പത്തഞ്ച്’. ഞാന്‍ പറഞ്ഞു.
    ‘എനിക്ക് അറുപത്തഞ്ച്. മാഷിന്റെ അതേ പ്രായത്തിലാ ഞാനും ഈ ഡോക്ടറുടെ അടുത്തു വന്നത്. അന്ന ഞാന്‍ സ്വയം ചോദിക്കാതിരുന്ന ഒരു ചോദ്യം ഇപ്പോ മാഷിനോട് ചോദിക്കട്ടെ
    ഞാനയാളുടെ മുഖത്തേക്ക് നോക്കി.
    ‘എന്തിനാ മാഷേ കുഞ്ഞ്?’
    അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാരുന്നത് കൊണ്ട് എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.
    ‘മാഷ് അത് ചിന്തിച്ചിട്ടുണ്ടോ?’ അയാള്‍ വിട്ടില്ല. ‘നല്ലൊരു കുഞ്ഞുണ്ടാവാനാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. പക്ഷെ, അതിനുള്ള യോഗമുണ്ടോ നമുക്ക്?’
    ഞാന്‍ വിഷയം മാറ്റാന്‍ വേണ്ടി തിരിച്ചു ചോദിച്ചു.
    ‘ശ്വാസകോശത്തിന് എന്താ പറ്റിയത്?’
    ‘അവന്‍ കനമുള്ള ബൂട്ട് കൊണ്ട് നെഞ്ചത്ത് ചവിട്ടിയതാ. അവന്റെ ഭാര്യയോട് ഞാന്‍ മോശമായി പെരുമാറിയെന്ന്. അവള്‍ പറഞ്ഞതല്ല. അവനു സംശയമായിരുന്നു. ചവിട്ടിനേക്കാള്‍ ഏറ്റത് അവന്റെ പറച്ചിലാണ്. മകന്റെ ഭാര്യ ഗര്‍ഭം ധരിച്ചത്….’
    അയാളുടെ ശബ്ദം പതിയെ ഉയര്‍ന്ന് എല്ലാവരും കേള്‍ക്കുന്നത്ര ഉച്ചത്തിലായിരുന്നു.
    ‘ഞാനൊട്ടും മടിച്ചില്ല. ആഞ്ഞൊന്നു തിരിച്ചുകൊടുത്തു. അവന്റെ ശ്വാസം പോയി.’
    അവിടെയിരുന്ന എല്ലാവരും അയാളെ കണ്ണുമിഴിച്ചു നോക്കി.
    ‘അവന്റെ ഭാര്യ പോലും സാക്ഷി പറഞ്ഞില്ല. അവളാ സത്യത്തില്‍ എന്റെ മോള്’.
    ഭാഗ്യത്തിന് എന്നെ നഴ്‌സ് വന്നു വിളിച്ചു. അപ്പോഴും അയാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.
    ‘നമ്മുടെയൊക്കെ പുരുഷത്വം പിഴിഞ്ഞാല്‍ കിട്ടുന്ന ഒരുതുള്ളി ചാറില്‍ കോടാനുകോടി സുരാസുരന്‍മാരല്ലേ ഉള്ളത്? ഒന്നിനെ തിരഞ്ഞെടുക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല..
    ഇടത്തെ മുറിയുടെ ഓരം ചേര്‍ന്നുള്ള രണ്ടു വാതിലുകള്‍ പിന്നിട്ട് മറുവശത്ത് മതില്‍ മാത്രമുള്ള ഒരറ്റത്തെ മുറിയില്‍ കൊണ്ടുചെന്നാക്കി ഒരുഴിഞ്ഞ ചെറിയ കുപ്പി നഴ്‌സ് എന്റെ കൈയ്യില്‍ തന്നു. ഒരു കിടക്കയും ഇടുങ്ങിയ ടോയ്‌ലറ്റും ആ മുറിയില്‍ ഉണ്ടായിരുന്നു. കൃത്രിമ ശ്വാസോച്ഛാസം പുറപ്പെടുവിച്ച് ഒരു പങ്കയുടെ കറക്കുശബ്ദം കേള്‍ക്കാം.
    അനേകം പേരുടെ സ്വപ്‌നബാന്ധവങ്ങള്‍ അരക്കുപോലെ ഊറിയുറച്ച കിടക്കയില്‍ ഞാന്‍ ഇരിക്കുന്നതിന് പകരം കിടന്നു. അരക്കെട്ടില്‍ നിന്ന് പൊടിയട്ടെ ഒരു തുള്ളി അഗ്നി. ഈ പട്ടടയെരിയാന്‍.
    • Blogger Comments
    • Facebook Comments
    Item Reviewed: ദൃഷ്ടിച്ചാവേര്‍ Rating: 5 Reviewed By: Unknown
    Scroll to Top