• Latest News

  ബോണ്‍ എഗെയ്ന്‍ ഓണ്‍ ദ മൗണ്‍ടെയ്ന്‍

  അരുണിമ സിൻഹ എഴുതിയ പുസ്തകം- ബോണ്‍ എഗെയ്ന്‍ ഓണ്‍ ദ മൗണ്‍ടെയ്ന്‍
  ഒറ്റക്കാലുമായി എവറസ്റ്റ്‌ കീഴടക്കിയ ഇന്ത്യന്‍ വനിതയെന്ന ബഹുമതി സ്വന്തമാക്കിയ അരുണിമ സിന്‍ഹയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് ‘ബോണ്‍ എഗെയ്ന്‍ ഓണ്‍ ദ മൗണ്‍ടെയ്ന്‍’. മാധ്യമപ്രവര്‍ത്തകന്‍ മനീഷ് ചന്ദ്ര പാണ്ഡെയുമായി ചേര്‍ന്നാണ് അരുണിമ ഈ പുസ്തകം പൂര്‍ത്തീകരിച്ചത്. പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസാധകര്‍. റെയില്‍വേ ട്രാക്കില്‍ ചോര വാര്‍ന്ന് കിടന്ന നിസ്സഹായയായ പെണ്‍കുട്ടിയില്‍ നിന്ന് ലോകമറിയുന്ന കരുത്തുറ്റ വനിതയെന്ന ബഹുമതിയിലേക്ക് നടന്നു കയറിയ അരുണിമ സിന്‍ഹയുടെ ജീവിതകഥ പറയുന്ന പുസ്തകമാണ് ‘ബോണ്‍ എഗെയ്ന്‍ ഓണ്‍ ദ മൗണ്‍ടെയ്ന്‍’. മാധ്യമപ്രവര്‍ത്തകന്‍ മനീഷ് ചന്ദ്ര പാണ്ഡെയുമായി ചേര്‍ന്നാണ് അരുണിമ ഈ പുസ്തകം പൂര്‍ത്തീകരിച്ചത്. പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസാധകര്‍. മനക്കരുത്ത് കൊണ്ട് ജീവിതം തിരിച്ചുപിടിച്ച പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന പുസ്തകം ലോകത്തിന്‍െറ ശ്രദ്ധ നേടിയിരിക്കുന്നു.
  2011ല്‍ ട്രെയിന്‍ യാത്രക്കിടെ പുറത്തേക്ക്‌ തെറിച്ചുവീണ്‌ കാല്‍ നഷ്ടപ്പെട്ട ദേശീയ വോളിബോള്‍ താരമാണ്‌ അരുണിമ സിന്‍ഹ.
  അതേക്കുറിച്ചു അരുണിമ പറയുന്നതിങ്ങനെയാണ്.
  2011 ല്‍ ഒരു സര്‍ട്ടിഫിക്കറ്റില്‍ ജനനതിയതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ലക്‌നൗവില്‍ നിന്നും ദല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഏതാണ്ട് ബേര്‍ലിക്ക് അടുത്ത് എത്തിക്കാണും പെട്ടെന്ന് ചില ആളുകള്‍ ട്രെയിനിലേക്ക് ചാടിക്കയറി യാത്രക്കാരെ കൊള്ളയടിക്കാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ അവര്‍ എന്റെ സ്വര്‍ണ മാലയും പിടിച്ചു പറിച്ചു, അവരില്‍ നിന്നും അത് പിടിച്ചുവാങ്ങാന്‍ ഞാനും ശ്രമിച്ചു ആ ഉന്തിനും തള്ളിനും ഇടയില്‍ അവര്‍ എന്നെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളിയിട്ടു. ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ആ സമയത്ത് അടുത്ത ട്രാക്കില്‍ കൂടി മറ്റൊരു ട്രെയിന്‍ കടന്നു വരുന്നുണ്ടായിരുന്നു, ഞാന്‍ ആകെ ഭയന്നു. എഞ്ചിന്റെ ഹെഡ്‌ലൈറ്റ് ഞാന്‍ കാണുന്നുണ്ടായിരുന്നു. ട്രെയിന്‍ എന്റെ തൊട്ടടുത്തുകൂടി പാഞ്ഞുപോയി, അതിന് ശേഷം ഞാന്‍ എന്റെ ശരീരം തൊട്ടുനോക്കി, എന്തോ ഒന്ന് നഷ്ടപ്പെട്ടു പോയതുപോലെ ഒരു തോന്നല്‍.”
  നാല്‌ മാസമാണ്‌ അന്ന്‌ ആശുപത്രിയില്‍ കഴിയേണ്ടി വന്നത്‌. പരാധീനതകള്‍ നിറഞ്ഞ ബറേലി ജില്ലാ ആശുപത്രിയിലാണ് അരുണിമയെ പ്രവേശിപ്പിച്ചത്. ആശുപത്രി സ്റ്റാഫ് അവളെ കണ്ടു പകച്ചു. നല്‍കാന്‍ രക്തമില്ല, അനസ്തേഷ്യ നല്‍കാന്‍ സംവിധാനമില്ല. അടിയന്തര ഓപറേഷന്‍ ആവശ്യമായിരുന്നു. അനസ്തേഷ്യയില്ലാതെ ഇടതുകാല്‍ മുട്ടിനു താഴെയായി പച്ചക്കു മുറിച്ചു കളയാന്‍ അവള്‍ ആവശ്യപ്പെട്ടു. വേദന തിന്നു കഴിഞ്ഞ തലേരാത്രിയുടെ അനുഭവമായിരുന്നു അങ്ങനെ പറയാന്‍ അവളെ പ്രേരിപ്പിച്ചത്. ഈ മനക്കരുത്ത് കണ്ട് ആശുപത്രി സ്റ്റാഫ് അവള്‍ക്ക് രക്തം ദാനം ചെയ്തു. ഡോക്ടര്‍മാര്‍ അവളുടെ കാല്‍ മുറിച്ചെടുത്തു… നാടകീയവും അവിശ്വസനീയവുമായ രംഗങ്ങള്‍ അരുണിമ വിവരിക്കുമ്പോള്‍ ശ്വാസമടക്കി പിടിച്ചുള്ള വായനയാവുന്നു അത്.
  ഒറ്റക്ക്‌ ഒന്നും ചെയ്യാന്‍ കഴിയാതെ ആശുപത്രികിടക്കയില്‍ കിടക്കവേയാണ്‌ അരുണിമ കൊടുമുടി പോലെ ഉറച്ച ഒരു തീരുമാനമെടുത്തത്‌. ആശുപത്രി വിട്ടാല്‍ എവറസ്റ്റ്‌ കീഴടക്കാനുള്ള ശ്രമം തുടങ്ങും. കേട്ടവര്‍ക്ക്‌ അവിശ്വസനീയമായാണ്‌ ആദ്യം തോന്നിയത്‌. പക്ഷേ അരുണിമക്ക്‌ അതൊരു ദൃഢ നിശ്ചയമായിരുന്നു.
  ഝാര്‍ഖണ്ഡില്‍ നിന്നുളള പര്‍വ്വതാരോഹകയായ സൂസന്‍ മേത്തയ്ക്കൊപ്പമാണ്‌ അരുണിമ ഏപ്രില്‍ ഒന്നുമുതല്‍ കൃത്രിമക്കാലുമായി എവറസ്റ്റ്‌ കീഴടക്കാനിറങ്ങിത്തിരിച്ചത്‌. ടാറ്റ സ്റ്റീല്‍ അഡ്വവഞ്ചര്‍ ഫൗണ്ടേഷനില്‍ നിന്ന്‌ ഒന്നര വര്‍ഷത്തെ പരിശീലനം നേടിയിരുന്നു. പര്‍വതാരോഹണത്തിനുള്ള ആഗ്രഹം അരുണിമ പ്രകടിപ്പിച്ചപ്പോള്‍ പരിശീലകര്‍ പോലും ആദ്യം വിശ്വസിക്കാന്‍ തയ്യാറായില്ല.
  എന്നാല്‍ തന്റെ തീരുമാനത്തില്‍ നിന്ന്‌ അണുവിട മാറാന്‍ തയ്യാറല്ലായിരുന്നു അരുണിമ. ദൃഢനിശ്ചയം കൊണ്ട്‌ എവറസ്റ്റിന്റെ നെറുകയിലെത്തിയ അരുണിമ സിന്‍ഹയാണ്‌ എവറസ്റ്റ്‌ കീഴടക്കുന്ന ആദ്യ പൂര്‍ണ്ണ ശാരീരിക ക്ഷമതയില്ലാത്ത ഇന്ത്യന്‍ സ്ത്രീ. 2011ല്‍ ഒറ്റക്കാലുള്ള 61 കാരിയായ അമേരിക്കന്‍ വനിത റോണ്ട ഗ്രഹാം എവറസ്റ്റ്‌ കീഴടക്കിയിരുന്നു.
  ദുരിതങ്ങള്‍ മുമ്പും വേട്ടയാടിയ ജീവിതമാണ് അരുണിമ സിന്‍ഹയുടേത്. ആദ്യം പട്ടാള ഉദ്യോഗസ്ഥനായ അച്ഛന്‍ ഹരേന്ദ്രകുമാര്‍ സിന്‍ഹയുടെ ദുരൂഹ മരണവും തുടര്‍ന്നു വന്ന കള്ളക്കേസും കുടുംബത്തെ തളര്‍ത്തി. അമ്മയും സഹോദരങ്ങളും ജയിലിലായപ്പോള്‍ വീട്ടില്‍ കുട്ടികളായ അരുണിമയും സഹോദരന്‍ രാഹുലും തനിച്ചായിരുന്നു. പിന്നെ ജ്യേഷ്ഠന്‍ രവിയെ ബിസിനസ് പങ്കാളികള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തിരിച്ചടികള്‍ ഓരോന്നായി വന്നു പതിക്കുമ്പോഴും അമ്മ ഗ്യാന്‍ ബാല സിന്‍ഹ കാണിച്ച മനക്കരുത്ത് നിസ്തുലമായിരുന്നെന്ന് അരുണിമ ഓര്‍ക്കുന്നു. പ്രതിസന്ധികള്‍ക്കിടയിലും അരുണിമ കഠിനാധ്വാനം തുടര്‍ന്നു. സ്കൂള്‍ തലത്തില്‍ ഫുട്ബാള്‍ താരമായും പിന്നീട് വോളിബാളില്‍ ദേശീയതാരമായും അവള്‍ തിളങ്ങി. ഹോക്കിയിലും ഒരു കൈ നോക്കി. വിവിധ കായിക ഇനങ്ങളിലെ മികവു കണ്ട് നാട്ടുകാര്‍ അവള്‍ക്കൊരു ചെല്ലപ്പേരും നല്‍കി- ഓള്‍ റൗണ്ടര്‍.
  മാധ്യമങ്ങളുടെ ഇടപെടല്‍ കാര്യങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നെന്ന അനുഭവമാണ് തുടര്‍ചികില്‍സയെ കുറിച്ച് പറയുമ്പോള്‍ അരുണിമ എഴുതുന്നത്. ഹിന്ദി പത്രം ഹിന്ദുസ്ഥാനിലൂടെയാണ് അവളുടെ ദുരന്തം പുറംലോകമറിഞ്ഞത്. പിന്നെ, ദേശീയ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ആശുപത്രിക്കു മുന്നില്‍ ഒബി വാനുകള്‍ തമ്പടിച്ചു. അരുണിമയുടെ ദുരന്തം ദേശീയ ശ്രദ്ധനേടി. പിന്നെ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു. അഖിലേഷ് യാദവ് മുന്‍കൈയെടുത്ത് ലക്നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലേക്ക് തുടര്‍ചികില്‍സക്ക് മാറ്റി. അന്നത്തെ കേന്ദ്ര കായിക മന്ത്രി അജയ് മാക്കന്‍ വിഗദ്ധ ചികില്‍സക്കായി ദല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിലേക്ക് കൊണ്ടുപോയി. ആശുപത്രി വാസത്തിനിടെ നിരവധി ആരോപണങ്ങളും അവള്‍ നേരിട്ടു. അരുണിമ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു, ടിക്കറ്റില്ലാതെയായിരുന്നു യാത്ര തുടങ്ങി നിരവധി ആരോപണങ്ങള്‍ ഒരുഭാഗത്ത്. തന്‍െറ ഭാവിയെ കുറിച്ച കുടുംബത്തിന്‍െറ ആശങ്കയും വികലാംഗയായി എങ്ങനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന ചോദ്യങ്ങള്‍ മറുഭാഗത്തും. ഇതിനെല്ലാമുള്ള മറുപടി ആയാണ് അരുണിമ എവറസ്റ്റ് ദൗത്യം ഏറ്റെടുത്തത്.
  ഇടതുകാലില്‍ പൊയ്ക്കാലും വലതു കാലില്‍ കമ്പിയുമായാണ് അരുണിമ എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുന്നത്. ഈ അവസ്ഥയില്‍ എവറസ്റ്റ് ദൗത്യം ആരും വിശ്വസിക്കുമായിരുന്നില്ല. എന്നാല്‍, സഹോദരനും സഹോദരി ഭര്‍ത്താവും മാത്രമാണ് അനുകൂലിച്ചത്. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരി ബചേന്ദ്രപാലിനെ കാണാനാണ് അരുണിമ എയിംസിലെ ചികില്‍സക്കു ശേഷം പോയത്. ജാംഷഡ്പൂരിലെ ആദ്യ കാഴ്ചയില്‍ തന്നെ അവര്‍ പരിശീലനം നല്‍കാന്‍ സമ്മതിച്ചു. ‘അരുണിമാ, നീ മനസാ എവറസ്റ്റ് കീഴടക്കി കഴിഞ്ഞു. ഇനി ലോകത്തിനു മുന്നില്‍ അതു തെളിയിച്ചു കാണിക്കണമെന്നേയുള്ളൂ’ അവരുടെ വാക്കുകള്‍ നല്‍കിയ ഊര്‍ജം വാക്കുകള്‍ക്കതീതമായിരുന്നു.
  അരുണിമ പറയുന്നു.
  ”2012 ജനുവരിയിലാണ് ഞാന്‍ പര്‍വതാരോഹണത്തിനായുള്ള ശ്രമം തുടങ്ങുന്നത്. കൊടുമുടിയിലെ കാലാവസ്ഥയുമായി എന്റെ ശരീരത്തെ പൊരുത്തപ്പെടുത്തുകയെന്നതായിരുന്നു ആദ്യത്തെ ലക്ഷ്യം. പിന്നീട് നീണ്ട കാല്‍ നട യാത്ര ആരംഭിച്ചു. ഒരു നാള്‍ എവറസ്റ്റ് കീഴടക്കണം എന്ന ഒരു ലക്ഷ്യം മാത്രമാണ് മുന്നിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ എന്റെ കൃത്രിമ കാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ ഇരുന്നു. ചില സമയ്ത്ത് സ്റ്റിച്ച് പൊട്ടി രക്തം ഒഴുകി. എന്റെ പരിശീലകര്‍ എന്നെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഞാന്‍ തയ്യാറായില്ല. മരിച്ചാലും എന്റെ ശ്രമത്തില്‍ നിന്നും പിന്തിരിയില്ലെന്ന ഉറച്ച തീരുമാനം എടുത്തിരുന്നുഎന്റെ മുന്നില്‍ എവറസ്റ്റ് എന്ന ഒറ്റ ലക്ഷ്യം മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളു.”
  എവറസ്റ്റ് കൊടുമുടിയില്‍ കാലു കുത്തുന്നതുവരെയുള്ള ഘട്ടങ്ങള്‍ വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ദൗത്യത്തിനിടെ മഞ്ഞില്‍ ജീവന്‍ ഹോമിക്കപ്പെട്ടവര്‍, മൃതദേഹങ്ങള്‍ വകഞ്ഞുമാറ്റി മുന്നേറേണ്ടിവന്നതിലെ നടുക്കുന്ന ഓര്‍മകള്‍, പലപ്പോഴും അനുസരണക്കേടു കാണിച്ച പൊയ്ക്കാലുമായി എവറസ്റ്റിനോട് പൊരുതിയ സാഹസികത… നിശ്ചയദാര്‍ഡ്യവും ദൈവ സഹായത്തിലുള്ള ഒളിമങ്ങാത്ത പ്രതീക്ഷയുമായിരുന്നു പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ഇന്ധനം. 2013 മെയ് 21 പകല്‍ 10.55നാണ് അരുണിമ സിന്‍ഹ എവറസ്റ്റിന്‍െറ ഉച്ചിയില്‍ കാലു കുത്തിയത്. രോഗങ്ങള്‍ കൊണ്ടും അപകടത്തില്‍പെട്ടും ജീവിതയാത്രയില്‍ പതറിപ്പോകുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്ന പുസ്തകമാണിത്. മനക്കരുത്ത് കൊണ്ട് നേടാന്‍ കഴിയാത്ത ഒന്നുമില്ളെന്നാണ് തന്‍െറ കഥയിലൂടെ അരുണിമ സിന്‍ഹ പറഞ്ഞുവെക്കുന്നത്. ‘നിങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല, നിങ്ങള്‍ സ്വയം തോറ്റുകൊടുക്കുന്നതു വരെ’ എന്ന് പുസ്തകത്തിലൊരിടത്ത് അവള്‍ പറയുന്നുണ്ട്. സംഭവബഹുലമായ ജീവിതകഥ പറയുന്ന ഈ പുസ്തകം എഴുതി നിര്‍ത്തുന്നത് പരീക്ഷണ വഴികളില്‍ താങ്ങായി നിന്നവരെ നന്ദി പൂര്‍വം സ്മരിച്ചു കൊണ്ടാണ്. അവരില്‍ റെയില്‍വേ ട്രാക്കില്‍ ആദ്യം കണ്ട പിന്‍റു കശ്യാപ് മുതല്‍ കാന്‍സറിനോട് പൊരുതി ജയിച്ച ക്രിക്കറ്റ് താരം യുവരാജ് സിങ് വരെയുണ്ട്.
  • Blogger Comments
  • Facebook Comments
  Item Reviewed: ബോണ്‍ എഗെയ്ന്‍ ഓണ്‍ ദ മൗണ്‍ടെയ്ന്‍ Rating: 5 Reviewed By: Unknown
  Scroll to Top