• Latest News

  ഒരു സങ്കീർത്തനം പോലെ

  ഒരു സങ്കീർത്തനം പോലെ-  പെരുമ്പടവം ശ്രീധരൻ
  ദസ്തയെവ്സ്കി എന്ന വിഖ്യാത എഴുത്തുകാരന്റെ പീഡിതഹൃദയാനുഭവങ്ങൾ പുനഃസൃഷ്ടിച്ച്‌ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ലാവണ്യാനുഭവം മലയാളിക്ക്‌ സമ്മാനിച്ച കൃതിയാണ്‌ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനം പോലെ’. 1992 ല്‍ പ്രസിദ്ധീകരിച്ച ‘ഒരു സങ്കീര്‍ത്തനം പോലെ’ എന്ന നോവലിന്‌ ഇരുപത്തിയഞ്ച് വയസ്സാകുമ്പോള്‍ 82 പതിപ്പുകളുമായി മലയാളത്തിന്റെ നെറുകയില്‍ തിളങ്ങി നില്‍ക്കുകയാണ്
  1992 ല്‍ ദീപിക വാര്‍ഷികപ്പതിപ്പിലാണ്‌ ഒരു സങ്കീര്‍ത്തനം പോലെ പ്രസിദ്ധീകരിക്കുന്നത്‌. 1992 ജൂലായ്‌ മാസത്തില്‍. അപ്പോള്‍ തന്നെ വായനക്കാരെ ഏറെ ആകര്‍ഷിക്കാന്‍ അതിനു കഴിഞ്ഞു. ഏറെ വൈകാതെ പുസ്തകമാകുകയും ചെയ്തു. പിന്നീടിങ്ങോട്ട്‌ ‘ഒരു സങ്കീര്‍ത്തനം പോലെ’യുടെ പടയോട്ടമായിരുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ കരസ്ഥമാക്കാന്‍ വായനക്കാര്‍ പരക്കം പാഞ്ഞു. ആദ്യ പതിപ്പ്‌ വളരെ വേഗത്തിലാണ്‌ വിറ്റുപോയത്‌. പിന്നീട്‌ തുടര്‍ച്ചയായി പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരുന്നു.
  പെട്ടന്ന്‌ വെളിപാടുപോലെ എന്തോ എന്റെ മനസ്സില്‍ സംഭവിച്ചു. ഒരു അന്തര്‍ദര്‍ശനം എന്നു പറഞ്ഞാല്‍ അതു പൂര്‍ണ്ണമാകുമോ.? ഇല്ല. ആ നിമിഷം എന്റെ മനസ്‌ ദിവ്യമായൊരു പ്രചോദനം കൊണ്ടുണര്‍ന്നു. അസ്പഷ്ടതകളും ആശങ്കകളും ആകുലതകളുമൊക്കെ ആ നിമിഷം എന്നില്‍ നിന്ന്‌ നീങ്ങിപ്പോയി….ഞാന്‍ വിശ്വസിക്കുന്നത്‌ ഇങ്ങനെയാണ്‌. ഞാന്‍ ജനിച്ചത്‌ അന്നാണ്‌. എന്റെ ഇരുപത്തിനാലാമത്തെ വയസ്സില്‍. നേവാ നദിക്കരയില്‍ മഞ്ഞു പൊഴിഞ്ഞൊരു രാത്രിയില്‍ ആ ദര്‍ശന ദീപ്തിയിലാണ്‌ ‘പാവപ്പെട്ടവന്‍’ എന്ന തന്റെ നോവല്‍ ജന്മമെടുത്തതെന്ന്‌ ദസ്തയേവ്സികി അന്നയോടു പറയുന്നു.
  (ഒരു സങ്കീര്‍ത്തനം പോലെ)
  മഴയുള്ളൊരു രാത്രിയില്‍ വെളിപാടുപോലെയാണ്‌ പെരുമ്പടവം ശ്രീധരനില്‍ നിന്ന്‌ സങ്കീര്‍ത്തനം പിറന്നത്‌. ദസ്തയേവ്സ്കിയുടെ ഭാര്യ അന്നയുടെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചതിന്റെ ഓര്‍മ്മകളാണ്‌ മനസ്സിലേക്ക്‌ കുടിയേറിയത്‌. അന്നയും ദസ്തയേവ്സ്കിയും കണ്ടു മുട്ടിയതുമുതലുള്ള മൂന്നാഴ്ചക്കാലം മനസ്സില്‍ സങ്കല്‍പിച്ച്‌ എഴുത്താരംഭിച്ചു. എഴുത്തുകാലത്തെ മനസ്സിന്റെ സഞ്ചാരങ്ങളെക്കുറിച്ച്‌ പെരുമ്പടവം പറയുന്നതിങ്ങനെ…
  “ആദ്യമൊന്നും ആഗ്രഹിച്ച ഒഴുക്കു കിട്ടിയില്ല എഴുത്തിന്‌. തൃപ്തി വരാഞ്ഞിട്ട്‌ ആദ്യത്തെ ഒന്നു രണ്ടധ്യായങ്ങള്‍ ഞാന്‍ കീറിക്കളഞ്ഞു. അതു ഞാന്‍ തുടങ്ങിയത്‌ ഫെദോസ്യയില്‍ നിന്നായിരുന്നു. നാലഞ്ചു ദിവസം നീണ്ട ഒരിടവേളയ്ക്കു ശേഷം ഒരു രാത്രി വിശുദ്ധന്റെ സന്നിധിയിലെന്ന പോലെ ദസ്തയേവ്സ്കിയുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ഞാന്‍ മുട്ടുകുത്തി. എന്നെ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയോടെ. അപ്പോള്‍ മനസ്സിനെ ഒരുണര്‍വ്‌ അനുഗ്രഹിക്കുന്നതു പോലെ തോന്നി.
  താലേരാത്രിയില്‍ മങ്ങിയ നിലാവില്‍ വിജനമായ വഴിയില്‍ ദസ്തയേവ്സ്കി തനിയെ നടക്കുന്ന സന്ദര്‍ഭത്തിലെത്തിയപ്പോള്‍ ആ ഉണര്‍വ്വ്‌ എനിക്ക്‌ തീവ്രവായി അനുഭവപ്പെട്ടു…….ഹൃദയത്തിനു മേല്‍ ദൈവത്തിന്റെ കയ്യൊപ്പുള്ള ആളെന്ന്‌ ദസ്തയേവ്സ്കിയെ സങ്കല്‍പിക്കാന്‍ കഴിഞ്ഞ നിമിഷത്തില്‍ ഏതോ ഒരു പ്രകാശംകൊണ്ട്‌ എന്റെ അകം നിറയുന്നതുപോലെ എനിക്കു തോന്നി. അപ്പോള്‍ അര്‍ദ്ധരാത്രിയായിരുന്നു. ഉറക്കത്തില്‍ നിന്ന്‌ ഞെട്ടിയുണര്‍ന്ന്‌ ഇരുട്ടില്‍ എഴുന്നേറ്റ്‌ ചെന്ന്‌ ഒരു കടലാസില്‍ അതുകുറിച്ചു വച്ചപ്പോള്‍ എനിക്കു തോന്നിയ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. ആ നിമിഷങ്ങളില്‍ എന്റെ ഹൃദയത്തിനു മേല്‍ ഒരു നക്ഷത്രം ഉദിച്ചു നിന്നിരുന്നു…..”
  പെരുമ്പടവത്തിന്‌ പിന്നീടുള്ള ദിവസങ്ങളില്‍ ഒരു പ്രാര്‍ത്ഥന പോലെയായിരുന്നു എഴുത്ത്‌. അതേ സമയം അദ്ദേഹത്തിന്‌ സ്വയം ബലികൊടുക്കുന്നതായും തോന്നിയിരുന്നു. അത്രയ്ക്ക്‌ ഉത്കടമായ അനുഭവമായിരുന്നു എഴുത്ത്‌.
  ഇപ്പോഴിതാ ദസ്തയേവ്സ്കി ജനിച്ച നാട്ടിൽ പോയി, അദ്ദേഹത്തിന്റെ സ്മരണ നിലനിൽക്കുന്ന ശവകുടീരത്തിൽ ചെന്ന് പൂക്കളർപ്പിച്ചു കൊണ്ട് പെരുമ്പടവം ശ്രീധരൻ തന്റെ റഷ്യൻ യാത്രാനുഭവം വിവരിക്കുകയാണ്. ഒപ്പം, കാൽനൂറ്റാണ്ട് മുമ്പ് ഒരു സങ്കീർത്തനം പോലെ എഴുതിയ ആ അപൂർവ്വ നിമിഷങ്ങളെയും ഓർത്തെടുക്കുന്നു.
  • Blogger Comments
  • Facebook Comments
  Item Reviewed: ഒരു സങ്കീർത്തനം പോലെ Rating: 5 Reviewed By: Unknown
  Scroll to Top