• Latest News

  പടച്ചോന്റെ തിരക്കഥകള്‍

  സാഹിത്യജാടകളും ഭവ്യതകളും ഭംഗിവാക്കുകളുമില്ലാതെ ഹൃദ്യമായ ഗദ്യമാണ് ശ്രീനിവാസന്റേത് – സക്കറിയ
  കേരളീയ സമൂഹത്തിന്റെ പരിണാമങ്ങളെ സൂക്ഷ്മമായി, അനന്യമായ നര്‍മ്മത്തിലൂടെ ശ്രീനിവാസന്‍ അടയാളപ്പെടുത്തുന്ന ലേഖനങ്ങള്‍.
  ജീനിയസ്സായ ഒരെഴുത്തുകാരന്റെ തികച്ചും മൗലികമായ കാഴ്ചപ്പാടുകള്‍. ഒപ്പം, ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരനിലേക്കും മനുഷ്യനിലേക്കും ചെന്നെത്തുന്ന സംഭാഷണങ്ങളും.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  അവള്‍ എന്നെ അങ്കിള്‍ എന്നു വിളിച്ചു
  സൂപ്പര്‍താരത്തിന് ഞാന്‍ കഥ പറഞ്ഞുകൊടുക്കുകയായിരുന്നു. സംവിധായകനും ഒപ്പമുണ്ട്. താരത്തിന് കഥ ഇഷ്ടപ്പെട്ടിട്ടു വേണം എനിക്ക് തിരക്കഥ എഴുതിത്തുടങ്ങാന്‍. അതു കഴിഞ്ഞ് വേണം സിനിമ ചിത്രീകരിച്ചു തുടങ്ങാന്‍. കഥ പറഞ്ഞു തീരാന്‍ രണ്ടു മണിക്കൂര്‍ എടുത്തു. വിശദമായ ഒരു കഥാപ്രസംഗമായിരുന്നു അത്. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ താരം എന്റെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് ചോദിച്ചു, ‘ഇതാണോ കുറേക്കാലമായി ആലോചിച്ചുണ്ടാക്കിക്കൊണ്ടുവന്ന കഥ. ഈ സിനിമ ചെയ്യാന്‍ വേറെ ആളെ നോക്കിക്കോ’.
  സംവിധായകനും ഞാനും അന്തം വിട്ടു. സത്യത്തില്‍ പുതുമയുള്ള ഒരു കഥയാണെന്ന് തോന്നിയതുകൊണ്ടാണ് ഈ കഥപറച്ചിലിന് ഇറങ്ങിത്തിരിച്ചത്. ഞാന്‍ ആലോചിച്ചു. ‘എന്തുപറ്റി, എവിടെയാണ് കഥ പിശകിയത്?’ ഒരു എത്തും പിടിയും കിട്ടിയില്ല.
  എന്താണീ കഥയുടെ തകരാറെന്ന് താരത്തോട് തന്നെ ചോദിച്ചു. ‘അതൊന്നും പറയാന്‍ തത്ക്കാലം സൗകര്യമില്ല. ഞാന്‍ അഭിനയിക്കണമെങ്കില്‍ വേറെ കഥയുണ്ടാക്കിക്കൊണ്ടുവാ’ അതായിരുന്നു താരത്തിന്റെ പ്രതികരണം. തിരിച്ചും മറിച്ചും ചോദിച്ചിട്ടും കഥയുടെ തകരാറ് മാത്രം താരം പറഞ്ഞില്ല.
  രാത്രി ഏറെ വൈകി അയാളുടെ റൂമിലേക്ക് ഞാന്‍ ചെന്നു. ഞാനും അയാളും മാത്രമേ ഉള്ളൂ മുറിയില്‍. ഞാന്‍ വീണ്ടും ചോദിച്ചു, ‘എന്താണ് കഥയ്ക്ക് പ്രശ്‌നം?’
  ‘അതേ, നിങ്ങള്‍ പറഞ്ഞ കഥ എന്താണെന്നു പോലും എനിക്ക് മനസ്സിലായിട്ടില്ല. മനസ്സിലാക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍ അപ്പോള്‍. നായികയായി അഭിനയിക്കുന്നത് മറ്റവളായിരിക്കുമെന്ന് നിങ്ങള്‍ ആദ്യമേ പറഞ്ഞില്ലേ. അതോടെ ഞാന്‍ മൂഡ്ഔട്ട് ആയി. കഥയില്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ല.’
  ഞാന്‍ പിന്നെയും അമ്പരന്നു.
  നായികയായി ഞങ്ങള്‍ ഉദ്ധേശിച്ചിരുന്നത് അന്നത്തെ ടീനേജ് സെന്‍സേഷനായ ഒരു നടിയെയായിരുന്നു. നന്നായിട്ട് അഭിനയിക്കുന്നുണ്ട്. പ്രേക്ഷകരുടെ മനസ്സിലും ആ പെണ്‍കുട്ടിക്ക് സ്ഥാനമുണ്ട്. പിന്നെന്താണ് താരത്തിന് മാത്രം ആ നടിയെ ദഹിക്കാത്തത്.
  പ്രശ്‌നം മറ്റൊന്നും ആയിരുന്നില്ല. ‘ഒരു ദിവസം ട്രെയിനില്‍ വെച്ച് കണ്ടപ്പോള്‍ മറ്റുള്ളവരുടെ മുന്നില്‍വെച്ച് അവള്‍ എന്നെ ‘അങ്കിള്‍’ എന്ന് വിളിച്ചു.’ പെട്ടെന്ന് എനിക്ക് ചിരി പൊട്ടിയെങ്കിലും അവള്‍ അങ്കിള്‍ എന്ന് വിളിച്ചത് ലോകത്തിലെ ഏറ്റവും വലിയ അപരാധമായിപ്പോയി എന്ന മട്ടില്‍, ‘ആഹാ അങ്ങനെയോ’ എന്നൊരു എക്‌സ്‌ക്ലമേറ്ററി മാര്‍ക്കിട്ടു ഞാന്‍.
  താരത്തിന് മാത്രമല്ല, അങ്ങനെയുള്ള പല സംബോധനകളും പലര്‍ക്കും ഇഷ്ടമല്ല എന്നതാണ് സത്യം. ഒരിക്കല്‍ അമേരിക്കയില്‍ വെച്ച് മുകേഷിന്റെ ഭാര്യ സരിതയെ രണ്ടു മക്കള്‍ ഉള്ളൊരു മുതുക്കി ‘ആന്റീ’ എന്നു വിളിച്ചതും സരിത അവരോട് ‘എന്താ അമ്മച്ചീ’ എന്ന് തിരിച്ചു ചോദിച്ചതും എന്റെ മുന്നില്‍ വെച്ചായിരുന്നു.
  തനിക്ക് പ്രായം വളരെ കുറവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മറ്റുള്ളവരെക്കയറി ‘അങ്കിള്‍’, ‘ആന്റി’ എന്ന് വിളിക്കുന്നവര്‍ ഇപ്പോള്‍ ധാരാളമുണ്ട്. നമ്മുടെ സിനിമയിലും നാട്ടില്‍ക്കാണാത്ത ചില സംബോധനകളാണ് മുമ്പ് നടത്തിയിരുന്നത്. ഭര്‍ത്താവിനെയും കാമുകനെയും കയറി ‘അങ്ങ്’ എന്ന് വിളിക്കും. അത് കേള്‍ക്കുമ്പോള്‍ നമുക്ക് ‘എങ്ങ്’ എന്ന് ചോദിക്കാന്‍ തോന്നു. മിത്തോളജിക്കല്‍ കഥയാണെങ്കില്‍ ‘പ്രഭോ’ എന്നായിരിക്കും.
  പരിവര്‍ത്തനങ്ങളിലൂടെ കടന്നു പോയപ്പോള്‍ ഭര്‍ത്താവിനെ കെട്ടിയോന്‍, അതിയാന്‍, അപ്പഴേ, ഇപ്പഴേ, കുട്ടികളുടെ അച്ഛന്‍, കാലമാടന്‍ തുടങ്ങിയ പല പേരുകളില്‍ വിളിക്കാന്‍ തുടങ്ങി. കാമുകന്‍മാരാണെങ്കില്‍ എടാ, പോടാ എന്നൊക്കെ വിളിക്കുന്നത് സിനിമയിലും ജീവിതത്തിലും സര്‍വ്വസാധാരണമായി. ചില ആളുകള്‍ എന്നെ ‘മാഷേ’ എന്നും ‘ശ്രീനിവാസന്‍ മാഷേ’ എന്നും വിളിക്കാറുണ്ട്.
  ഞങ്ങളുടെ നാട്ടില്‍ സ്‌കൂള്‍ അധ്യാപകരെ മാത്രമേ മാഷേ എന്ന് വിളിക്കാറുള്ളൂ. അതുകൊണ്ട് മാഷ് അല്ലാത്ത എന്നെ മാഷേ എന്ന് വിളിക്കുന്നത് കേള്‍ക്കുമ്പോള്‍ പുളി കടിച്ചപോലെയാണ് എനിക്ക് തോന്നുക. തിലകന്‍ ചേട്ടന്‍ എല്ലാവരെയും ‘ആശാനേ’ എന്നാണ് വിളിക്കാറ്. എന്തിന്റെ ആശാന്‍ എന്ന് അദ്ദേഹം വിശദീകരിക്കാത്തത് കൊണ്ട് എന്തിന്റെയെങ്കിലും ആശാനായിട്ട് നമുക്ക് സ്വയം തീരുമാനിക്കാം എന്നൊരു സൗകര്യമുണ്ട്.
  അന്ന് എന്റെ നാട്ടിലെ ഒരു രീതി അനുസരിച്ച് അച്ഛന്‍ അമ്മയെ വിളിച്ചിരുന്നത് ‘എടോ’ എന്നായിരുന്നു. ആ പരിചയം വെച്ച് വിവാഹം കഴിഞ്ഞപ്പോള്‍ ഞാനും എന്റെ ഭാര്യയെ ‘എടോ’ എന്ന് വിളിച്ചു. സൗകര്യത്തിന് കിട്ടിയപ്പോ ഭാര്യ പൊട്ടിത്തെറിച്ചു. എനിക്ക് എന്റെ അച്ഛനും അമ്മയും ഇട്ട നല്ലൊരു പേരില്ലേ, അതു വിളിച്ചാല്‍ മതി. അന്നു തൊട്ടിന്നുവരെ ഭാര്യയുടെ പേര് മാത്രമേ ഞാന്‍ വിളിച്ചിട്ടുള്ളൂ.
  എന്റെ നാട്ടില്‍ നിങ്ങള്‍ എന്ന പ്രയോഗം ബഹുമാനസൂചകമാണ്. ‘അച്ഛാ, നിങ്ങള്‍ പോയിട്ട് എപ്പോ തിരിച്ചു വരും’ എന്ന് ഞങ്ങള്‍ ചോദിക്കും. പക്ഷെ, മറ്റു പല നാട്ടിലും നിങ്ങള്‍ എന്ന വാക്ക് സുഹൃത്തുക്കളെയും തുല്യരായവരെയും സംബോധന ചെയ്യാനുള്ളതാണ്. ‘അച്ഛാ, അച്ഛന്‍ പോയിട്ട് എപ്പോ തിരിച്ചുവരും’ എന്നേ അവര്‍ ചോദിക്കൂ.
  • Blogger Comments
  • Facebook Comments
  Item Reviewed: പടച്ചോന്റെ തിരക്കഥകള്‍ Rating: 5 Reviewed By: Unknown
  Scroll to Top