• Latest News

  ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ

  ലോകത്തേറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരം, തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെക്കുറിച്ചും നൂറാമത്തെ സെഞ്ച്വറി നേട്ടത്തെക്കുറിച്ചും വികാരഭരിതമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം ഇതാദ്യമായി തുറന്നു പറയുന്നു.
  മറ്റൊരു കളിക്കാരനിലും ജനങ്ങള്‍ ഇത്രമാത്രം പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടില്ല. മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരുക്കുകളുടെയും തിരിച്ചടികളുടെയും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. വേദനകളില്‍ ഒരുമിച്ചു തേങ്ങി, നേട്ടങ്ങളില്‍ ഒരുമിച്ച് ആറാടി. ഒടുവില്‍, ഏറ്റവുമധികം റണ്ണുകളുടെയും സെഞ്ച്വറികളുടെയും റെക്കോര്‍ഡുകള്‍ സ്വന്തമാക്കി സച്ചിന്‍ വിടവാങ്ങിയപ്പോള്‍ രാജ്യമൊന്നടങ്കം തേങ്ങി. കളിക്കളത്തിനകത്തെയും പുറത്തെയും മാന്യമായ പെരുമാറ്റം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ സച്ചിനെ രാജ്യത്തിലെ പരമോന്നത ബഹുമതിയായ ‘ഭാരതരത്‌നം’ നല്‍കി രാഷ്ട്രം ആദരിച്ചു.
  തന്റെ ജീവിതത്തിലെയും കരിയറിലെയും നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് സച്ചിന്‍ തുറന്നെഴുതുന്ന ഈ പുസ്തകം ക്രിക്കറ്റ് പ്രേമികള്‍ക്കും വായനാകുതുകികള്‍ക്കും ഒരേപോലെ ആസ്വദിക്കുവാന്‍ കഴിയും. ജീവിതത്തില്‍ നാമോരോരുത്തരും പിന്തുടരേണ്ട അര്‍പ്പണബോധത്തിന്റെയും സത്യസന്ധതയുടെയും രാജ്യസ്‌നേഹത്തിന്റെയും നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ഈ കൃതിയെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
  പുസ്തകത്തിലെ ഒരു അദ്ധ്യായം
  ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു പ്രദര്‍ശനമത്സരത്തിനു പോലും ഗൗരവമാര്‍ന്ന ക്രിക്കറ്റ് മത്സരത്തിന്റെ സ്വഭാവം കൈവരുമെന്ന കാര്യം ഒരുവിധം എല്ലാവര്‍ക്കും തന്നെ അറിയാം. പെഷവാറില്‍ പാക്കിസ്ഥാന്‍ 157 റണ്ണുകളെടുത്തു. മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ട ശേഷം ഞാന്‍ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ റണ്‍ ശരാശരി ഓവറില്‍ 11 റണ്ണുകള്‍ എന്ന നിലയിലായിരുന്നു. എന്നോടടൊപ്പം ബാറ്റിങ്ങിന് മറ്റേ അറ്റത്തുണ്ടായിരുന്ന ശ്രീകാന്ത് വരുന്ന മത്സരങ്ങളിലേക്കുള്ള പരിശീലനമാക്കണം ഈ മത്സരമെന്ന് അഭിപ്രായപ്പെട്ടു. ഷോട്ടുകള്‍ കൃത്യമായി കളിച്ചാല്‍ മത്സരം കൈയ്യിലൊതുക്കാനുള്ള സാധ്യതയില്‍ ഞങ്ങളെത്തുമെന്നു വിശ്വസിച്ച ഞാന്‍, പാക്കിസ്ഥാന്‍ ബൗളിങ്ങിനെ കടന്നാക്രമിക്കാനാണ് തീരുമാനിച്ചത്. ഞാനത് അദ്ദേഹത്തോട് പറയുകയും അതുകേട്ട് അതിശയിച്ച ശ്രീകാന്ത്, എനിക്ക് ഹിതകരമായ രീതിയില്‍ കളിച്ചുകൊള്ളാന്‍ അനുവദിക്കുകയും ചെയ്തു.
  പ്രഗത്ഭനായി ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന പാക്കിസ്ഥാന്‍ ലെഗ്‌സ്പിന്നര്‍ മുഷ്താഖ് അഹമ്മദാണ് ബൗള്‍ ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തിനോടെതിരിട്ട ഞാന്‍ ലോങ് ഓണിലേക്ക് രണ്ട് സിക്‌സറുകള്‍ അടിച്ചു. അതില്‍ രണ്ടാമത്തേത് വളരെ ദൂരേക്ക് പോവുകയും ഡ്രസിങ് റൂമിന്റെ ജനാലയുടെ ചില്ല് പൊട്ടിക്കുകയും ചെയ്തു. അത്രയും വലിയ ഷോട്ടുകള്‍ ഞാന്‍ അടിക്കുമെന്ന് പാക്കിസ്ഥാനികള്‍ പ്രതീക്ഷിച്ചിരുന്നില്ല. അപ്പോള്‍, അനുഭവസമ്പന്നനായ അബ്ദുല്‍ ഖാദിര്‍ എന്റെ സമീപത്തെത്തി പറഞ്ഞു. ബച്ചേ കോ ക്യോം മാര്‍ രഹേ ഹോ; ദം ഹേ തോ മുഝേ മാര്‍ കെ ദിഖാവോ (നവാഗതനായ ഒരുവനെ സിക്‌സറുകള്‍ അടിക്കുന്നതില്‍ ഒരു കാര്യവുമില്ല. പറ്റുമെങ്കില്‍ എന്നെ അടിക്കൂ). അങ്ങ് മഹാനായ ഒരു ബൗളറാണെന്ന് എനിക്കറിയാമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സിക്‌സറടിക്കാന്‍ അദ്ദേഹം എന്നെ സമ്മതിക്കില്ലായെന്ന് എനിക്കുറപ്പായിരുന്നു.
  രണ്ടോവറുകള്‍ മാത്രം ശേഷിക്കേ, ഞങ്ങള്‍ക്കു ജയിക്കാന്‍ 40 റണ്ണുകള്‍ വേണമായിരുന്നു. അവസാനത്തിനു തൊട്ടു മുമ്പത്തെ ഓവര്‍ എറിയാന്‍ വന്നത് അബ്ദുല്‍ ഖാദറായിരുന്നു. ആക്രമിക്കുകയല്ലാതെ മറ്റൊരു വഴിയും ഞങ്ങള്‍ക്ക് മുമ്പിലില്ല. എന്റെ പരിധിയില്‍ പന്തുകള്‍ എത്തിയാല്‍ ഞാനെന്റെ ഷോട്ടുകള്‍ കളിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിയിരുന്നു. എന്റെ പ്രതീക്ഷ പോലെ എന്റെ പ്രഹരപരിധിക്കുള്ളില്‍ പന്തുകള്‍ വരികയും ഞാനാ ഓവറില്‍ 28 റണ്ണുകള്‍ വാരിക്കൂട്ടുകയും ചെയ്തു. ആദ്യപന്ത് ലോങ് ഓണിലേക്കുയര്‍ത്തി സിക്‌സര്‍ നേടി. അടുത്ത രണ്ടു പന്തുകളില്‍ നിന്നായി നാലു റണ്ണുകള്‍. നാലാം പന്തില്‍ ഓവറിലെ രണ്ടാമത്തെ സിക്‌സര്‍. ബൗളറുടെ തലക്കു മീതെ പറന്നു പൊങ്ങിയ ആ സിക്‌സറിനു ശേഷം ഞാന്‍ സ്‌ട്രൈറ്റ് ഷോട്ടുകള്‍ കളിക്കുന്നുവെന്ന് മനസ്സിലാക്കിയ ഖാദിര്‍ എന്നെ സ്റ്റമ്പ് ചെയ്യിപ്പിക്കാനുള്ള ശ്രമത്തില്‍ ഓഫ് സ്റ്റമ്പിന് വളരെ പുറത്തായി അഞ്ചാമത്തെ പന്തെറിഞ്ഞു. ആ നീക്കം മനസ്സിലാക്കിയ ഞാന്‍ പന്ത് ലോങ് ഓഫിലേക്കുയര്‍ത്തി ഓവറിലെ മൂന്നാം സിക്‌സറടിച്ചു. അഞ്ചാം പന്തു പോലെ തന്നെ എറിഞ്ഞ അവസാന പന്തിനെ ഞാന്‍ ക്രീസു വിട്ടിറങ്ങി ലോങ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച് നാലാം സിക്‌സറും നേടി.
  ഒരോവര്‍ മുമ്പ് വരെ പാക്കിസ്ഥാന്റെ വിജയം ഉറപ്പിച്ചിരുന്ന പുരുഷാരം അപ്രതീക്ഷിതമായുണ്ടായ ‘സംഭവ’ങ്ങള്‍ കണ്ട് ഉറക്കെ ആക്രോശിക്കുവാന്‍ തുടങ്ങി. മൈതാനത്തിലെ ഊര്‍ജ്ജനിലയില്‍ പെട്ടെന്നുയര്‍ച്ച കാണപ്പെട്ടു. അതീവ ഗൗരവമായി മത്സരം നടക്കുന്നു. ഏതു ടീം ജയിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. വസിം അക്രം എറിയുന്ന അവസാന ഓവറില്‍ ഞങ്ങള്‍ക്ക് വേണ്ടത് 14 റണ്ണുകള്‍. ഒടുവില്‍ ഞങ്ങള്‍ മൂന്നു റണ്ണുകള്‍ക്ക് പരാജയപ്പെട്ടു. മത്സരം കഴിഞ്ഞയുടനെ യഥാര്‍ത്ഥ കായികതാരത്തിനു വേണ്ട അന്തസ്സുകാണിച്ച് അബ്ദുല്‍ ഖാദിര്‍ എന്റെയടുത്തെത്തി പറഞ്ഞു, ‘ബഹുത്ത് അച്ഛാ ബാറ്റിങ്’ (വളരെ നല്ല ബാറ്റിങ്).
  • Blogger Comments
  • Facebook Comments
  Item Reviewed: ഇതിഹാസമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മകഥ Rating: 5 Reviewed By: Unknown
  Scroll to Top