• Latest News

  മധുപാലിന്റെ കഥകള്‍

  പുസ്തക പരിചയം- മധുപാലിന്റെ കഥകൾ 
  വിശ്വാസപ്രമാണങ്ങളിലൊന്നും അഭയം കാണ്ടെത്താനാവാത്ത മനുഷ്യരുടെ ഏകാന്തതയും വിലാപങ്ങളും നിറഞ്ഞ് നില്ക്കുന്ന മധുപാലിന്റെ കഥകള്‍. പുതിയ കാലത്തിന്റെ സങ്കീര്‍ണ്ണതകള്‍.
  അവതാരികയില്‍ മിനി പ്രസാദ് എഴുതുന്നു..
  വിശ്വസിക്കാനും ചാരിനില്‍ക്കാനും ആലംബങ്ങളില്ലാതെയായ ഒരു തലമുറയുടെ ഭാഗമാണ് നാം. മതവും രാഷ്ട്രീയവുമൊക്കെ കോര്‍പ്പറേറ്റ് ഭീമന്‍മാരെപ്പോലെ വളര്‍ന്നു പടരുന്ന ഇക്കാലത്ത് അവയുടെ ആഘോഷങ്ങളില്‍ പങ്കുചേരാനാവാതെ നില്‍ക്കുന്നവര്‍ സത്യത്തില്‍ വെറും വിഡ്ഢികളാണ്. ആഘോഷങ്ങളുടെ നിറപ്പകിട്ടുകളില്‍ ഒത്തുചേരാനാവാതെ നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിനപ്പുറമുള്ള ശൂന്യതയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. പക്ഷെ, ഭൂരിപക്ഷ സമൂഹത്തിന് അതറിയില്ല. ഇത്തരം ഒരു പൊങ്ങുതടിയൊഴുക്കില്‍ ഒരെഴുത്തുകാരന്‍ സ്വീകരിക്കുന്ന നിലപാടെന്താവാം? (എഴുത്തുകാരന്‍ ഋഷിയും പ്രജാപതിയും എന്നൊക്കെയുള്ള പഴയകാല സങ്കല്‍പ്പങ്ങളിലൂന്നി നിന്നല്ല ഈ ചോദ്യം തൊടുക്കുന്നത്.) അത്തരം വിഷമസന്ധികളിലെത്തുമ്പോള്‍ അയാള്‍ക്ക് സ്വന്തം കാഴ്ചകളും കാഴ്ചപ്പാടും അശാന്തി നിറഞ്ഞ വെളിപാടുകളും തീര്‍ക്കുന്ന വേദനാജനകമായ അവസ്ഥകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാവാതെ വരുന്നു. അവയോടുള്ള പ്രതികരണങ്ങള്‍ പ്രമേയങ്ങളാവുമ്പോള്‍, ഒരു കഥയോ കവിതയോ വായിക്കുമ്പോള്‍ പണ്ടു ലഭിച്ചിരുന്ന സുഖകരമായ, സന്തോഷകരമായ അവസ്ഥകളൊന്നും നമ്മെ പൊതിയുന്നില്ലെങ്കിലും അവ അനുഭവപ്പെടുത്തുന്ന യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളല്‍ വല്ലാതെ തളര്‍ത്തും. ഈ ചൂടേറ്റുവാങ്ങല്‍ തങ്ങളുടെ വിധിയും ദൗത്യവും എന്ന് തിരിച്ചറിഞ്ഞവരാണ് ഇന്നത്തെ എഴുത്തുകാര്‍. അതുകൊണ്ടു തന്നെ ഈ പ്രമേയങ്ങളില്‍, എഴുത്തില്‍ ഒരു പങ്കുവെക്കലിന്റെ ഭാവമുണ്ട്. വായനക്കാരനോട് തന്റെ വ്യസനാകുലമായ കാഴ്ചകളെപ്പറ്റി എഴുത്തുകാരന്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഈ സമാഹാരത്തിലെ കഥകളിലെല്ലാം നിറയുന്നത് ആലംബങ്ങളറ്റുപോട ഇന്നത്തെ മനുഷ്യരും അവരുടെ ദുരന്തവ്യഥകളുമാണ്.
  പ്രണയനിനികള്‍ക്ക് – ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും, വിശാലമായ തലത്തില്‍ സ്ത്രീകള്‍ക്ക് സ്വച്ഛവും സ്വതന്ത്രവുമായി വിഹരിക്കാന്‍ പറ്റുന്ന ഒരിടം മനസ്സിലെങ്കിലും കല്‍പ്പിച്ചിട്ടാവും മധുപാല്‍ ഇത്തരമൊരു കല്‍പനയിലെത്തിയത്. ഉദ്യാനം അതിന്റെ ദൃശ്യചാരുതയാലും സുഗന്ധത്താലും ആകര്‍ഷണീയമാണ് എന്നിരിക്കെ ഇന്നത്തെ സാമൂഹ്യക്രമത്തില്‍ അത്തരമൊരിടം ഏതാണ്, എവിടെയാണ് എന്നു നാം സന്ദേഹികളാവുന്നു. ഈ കഥകളിലൂടെ കടന്നു പോകുമ്പോഴാകട്ടെ, പ്രണയിനികളാരും ഒട്ടും ഉല്ലാസം നിറഞ്ഞ അവസ്ഥയിലല്ലെന്നു കാണാം.
  പുസ്തകത്തിലെ ഒരു ഭാഗം
  റെഫ്യൂജി : നാടുകടത്തപ്പെട്ടവര്‍
  കോട്ടക്കുന്നിലെ മണ്ണ് ഒരിക്കല്‍ ചോരവീണ് ചുവന്നതാണ്. അന്നുമുതല്‍ ആ മണ്ണിന്റെ നിറം ചുവപ്പു തന്നെയായിത്തീര്‍ന്നു. തെങ്ങുകളും ചുരുക്കം ഈന്തപ്പനകളും കോട്ടക്കുന്നിലെ ചരല്‍മണ്ണില്‍ വേരുകളാഴ്ത്തി നില്‍പ്പുണ്ട്. ദൂരെ കടലില്‍ നിന്നടിക്കുന്ന ഉപ്പുകാറ്റ് എപ്പോഴും കോട്ടക്കുന്നിലെ പറങ്കിമാവിലെ ഇലകളില്‍ ലവണത്തിന്റെ ഈര്‍പ്പം കെട്ടാറുണ്ട്. അപ്പോഴും ഒരു മഴയിലോ അല്ലെങ്കില്‍ കത്തിക്കാളുന്ന വെയിലിലോ കോട്ടക്കുന്നില്‍ പടരുന്ന കാറ്റില്‍ ചോരയുടെ മണം ഉണ്ടാവാറുണ്ട് എന്ന് മാരിയപ്പനു തോന്നിയിട്ടുണ്ട്.
  മാരിയപ്പന്‍ തമിഴ്‌നാട്ടിലെ വിരുത് നഗറില്‍ നിന്നും ജോലിയന്വേഷിച്ചു വന്നതാണ്. പാലക്കാട്ടെ പാടങ്ങളില്‍ മാരിയപ്പനും ഭാര്യ മുത്തുലക്ഷ്മിയും കുറച്ചുനാള്‍ പണിയെടുത്തിരുന്നു. അന്നവര്‍ കല്യാണം കഴിച്ചിട്ടു കുറച്ചു നാളുകളേ ആയിട്ടുണ്ടായിരുന്നുള്ളൂ. കേരളത്തില്‍ പണി കിട്ടുമെന്ന് പറഞ്ഞതു കേട്ട് പുറപ്പെട്ടു വന്നതാണ്. ഇവിടത്തുകാര്‍ ചെയ്യാനറക്കുന്ന ഏതുപണിയും ചെയ്യാമെന്നൊരു വിചാരം പുറപ്പെടുമ്പോഴേ മാരിയപ്പുനുണ്ടായിരുന്നു. ചെറിയ പണിക്കൊക്കെ ഇപ്പോള്‍ പുറം നാട്ടുകാരെയാണ് വിളിക്കുന്നതെന്ന് മാരിയപ്പനോടു പറഞ്ഞത്, തമിഴ്‌നാട്ടില്‍ നിന്നും ആളെക്കൂട്ടുന്ന ഒരു മേശിരിയായിരുന്നു. പാടത്തെ പണി പാലക്കാട്ട് മെച്ചപ്പെട്ട ഒരേര്‍പ്പാട് അല്ലാതായതോടെ മാരിയപ്പന്‍, മുത്തുലക്ഷ്മിയേയും കൂട്ടി തൃശൂര്‍ക്ക് പോന്നു. തൃശ്ശൂരില്‍ റോഡി പണിക്കാരുടെ ഒരു സംഘത്തിന് ഒപ്പം ചുട്ടുപൊള്ളുന്ന വെയിലത്ത് ഉരുകിയ ടാറില്‍ മുത്തുലക്ഷ്മിയും മാരിയപ്പനും വെന്തുനീറി. അക്കാലത്ത് മുത്തുലക്ഷ്മിയുടെ വയറ്റില്‍ മാരിയപ്പന്റെ ബീജം പ്രവര്‍ത്തിച്ചു തുടങ്ങി. അതറിഞ്ഞ നാള്‍ മുതല്‍ മാരിയപ്പനും മുത്തുലക്ഷ്മിയും കിട്ടുന്ന കൂലിക്കണക്കില്‍ ഒരു ജീവിതം ഒരുക്കിയെടുക്കുക തന്നെയായിരുന്നു. പക്ഷെ, കേരളത്തിലെ സാമാന്യ ജോലിക്കൊടുപ്പുകാര്‍ തമിഴന്‍മാരായാല്‍ എങ്ങനെ വേണമെങ്കിലും പണിയെടുത്തോളും, എന്തെങ്കിലും കണക്കൊപ്പിച്ചു കൊടുത്താല്‍ മതി എന്നൊരു നയം സ്വീകരിച്ചിട്ടുള്ളത് മാരിയപ്പനും മുത്തുലക്ഷ്മിയും തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നില്ല.
  സമ്പന്നമായ ഒരന്തരീക്ഷം ചുറ്റിലും നിറഞ്ഞു നില്‍ക്കുമ്പോഴും അവനവനു പറ്റുന്ന രീതിയില്‍ മാത്രം ജീവിക്കാനാണ് മാരിയപ്പനും മുത്തുലക്ഷ്മിയും ശ്രമിച്ചിരുന്നത്. അങ്ങനെ ജീവിക്കാനാണ് മാരിയപ്പനെ ജീവിതം പഠിപ്പിച്ചത്. ശ്രീലങ്കയിലെ തലൈമാന്നാറിലായിരുന്നു മാരിയപ്പന്‍ തന്റെ കൗമാരം വരെ ജീവിച്ചത്. വളരെ ദരിദ്രമായ ചുറ്റുപാട് എന്നു പറയുന്നതിനേക്കാള്‍ പരമ ദരിദ്രമായ നാട് എന്നു പറയുന്നതാവും കൂടുതല്‍ ശരി. പത്താംക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് ശ്രീലങ്കയില്‍ വര്‍ഗ്ഗീയ കലാപം നടന്നത്. അന്ന് ഇന്ത്യ ഭരിച്ചിരുന്നത് ഇന്ദിരാഗാന്ധിയായിരുന്നു. ഇന്ദിരാഗാന്ധി മരിച്ച ദിവസം ശ്രീലങ്ക എങ്ങിനെയാണതിനെ കണ്ടതെന്ന് മാരിയപ്പനറിയില്ല. പക്ഷെ, ആ ദിവസങ്ങളില്‍ മാരിയപ്പനും അയാളുടെ അപ്പനും അമ്മയും അനിയന്‍മാരും ഒരഭയാര്‍ത്ഥി ക്യാമ്പില്‍ ഭക്ഷണത്തിന് വേണ്ടിയുള്ള വരിയില്‍ നില്‍ക്കുകയായിരുന്നു. തന്റെ ഗ്രാമത്തിലായിരുന്നെങ്കില്‍, മാരിയപ്പന്‍ ആ കൊലപാതകത്തെക്കുറി്ച്ച് അറിയുക തന്നെയില്ലായിരുന്നു. കാരണം, പത്രമോ ടെലിവിഷനോ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്ന മനുഷ്യര്‍ അയാള്‍ക്ക് പരിചയമില്ലായിരുന്നു. അല്ലെങ്കില്‍ അങ്ങനെയുള്ളവരേയില്ലായിരുന്നു എന്നു വേണം പറയാന്‍. മീന്‍ പിടിച്ചു ഉപജീവനം കഴിക്കുവാന്‍ ശ്രമിക്കുന്ന ഒരു ജനതയ്ക്ക് എന്തു വാര്‍ത്ത? ലോകത്തില്‍ എന്തെല്ലാമോ നടക്കുന്നു. അത് അവരെ ബാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ് ഒരു ജീവിതം ജീവിക്കുന്നവരില്‍ എന്ത് ഇന്ദിരാഗാന്ധി?
  വിരുതുനഗറിലെ ക്യാമ്പില്‍ നിന്നാണ് മുത്തുലക്ഷ്മി മാരിയപ്പന് കൂട്ടായത്. മുത്തുലക്ഷ്മിയുടെ അപ്പനുമമ്മയും വസൂരി വന്നു മരിച്ചത് വിരുതുനഗറിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചായിരുന്നു. കറുത്ത പൊടിമണ്ണ് വീശുന്ന ഉഷ്ണക്കാറ്റില്‍ വരണ്ട മുത്തു ലക്ഷ്മിയെ മാരിയപ്പന്‍ സ്‌നേഹത്തോടെ അടുത്തു ചേര്‍ത്തിയതിന്റെ മൂന്നാം നാള്‍ ഒരു മഴ പെയ്തു. അന്ന് ക്യാമ്പിലെ ആളൊഴിഞ്ഞ ഓരത്ത് തലപോയ കരിമ്പനയുടെ ചോട്ടില്‍ മാരിയപ്പന്റെ കറുത്ത നെഞ്ഞില്‍ തല ചായ്ച്ച് മഴ നനഞ്ഞ് മുത്തുലക്ഷി ഒരുപാട് കരഞ്ഞു. കണ്ണീരും മഴവെള്ളവും മുത്തുലക്ഷ്മിയുടെ മനസ്സ് തണുപ്പിച്ചില്ല. പക്ഷെ, മാരിയപ്പന്റെ തലോടല്‍ എല്ലാത്തിലും മീതെ വീണ് സാന്ത്വനത്തിന്റെ ശീതക്കാറ്റായി. ആ കാറ്റില്‍ മുത്തുലക്ഷ്മി വിറകൊണ്ടു. മഴവെള്ളം വീണ് തളംകെട്ടിയ പാടത്ത് ചെളി നിറഞ്ഞു. പശപോലെ ചെളിയും വെള്ളവും കിടക്കുന്ന മണ്ണിന്റെ ഉള്ളറകളില്‍ നിന്നും സഹിക്കാനാവാത്ത ചൂടിന് ശമനമേകുവാനായി ഇഴജന്തുക്കളും പ്രാണികളും പൊന്തി വന്നു. സ്വാസ്ഥ്യം നേടിയ അവയുടെ കരച്ചിലിനൊടുവില്‍ മുത്തുലക്ഷ്മിയുടെ കണ്ണുകളും ജീവിതത്തിന്റെ സുപ്രഭാതത്തിലേക്കുദിച്ചു. അന്നേരം മാരിയപ്പന്റെ ചുവന്ന ഉള്ളംകൈയ്യില്‍ ഒരു മഞ്ഞ ചരടുമുണ്ടായിരുന്നു.
  • Blogger Comments
  • Facebook Comments
  Item Reviewed: മധുപാലിന്റെ കഥകള്‍ Rating: 5 Reviewed By: Unknown
  Scroll to Top