• Latest News

  കടലെടുക്കുന്ന പുഴ

  പറഞ്ഞു കേൾക്കുന്നവയിൽ നിന്നും,
  ഒട്ടും പതിരില്ലാതെ
  നട്ടു നനച്ചു വെച്ചിരിക്കുന്നു ചോദ്യം, ഞാൻ
  വിത്തു പോലൊന്നു നാളേക്ക്.
  നീന്താൻ കഴിയാത്ത
  പുഴയെ കടലെടുക്കുന്നതെങ്ങിനെ.
  വിക്കിയും മുറിഞ്ഞും ഒഴുകുന്ന ഉത്തരങ്ങൾ
  അഴിമുഖത്തിന്റെ ചെവിയിലെത്താതെവിടയോ
  മാഞ്ഞു പോകുമ്പോൾ,
  ഏതു കടൽ അറിയുമാ വരവ്,
  തന്നിലേക്കെന്നപോലെ.
  വറ്റി വരണ്ട വിശ്വാസമല്ലേ,
  മുളച്ചു വന്ന ഓളങ്ങളെല്ലാം എരിഞ്ഞുണങ്ങിയ
  ഒരു തടിനി,
  ആഴിയിൽ ചിരിച്ചു ചെല്ലുമെന്നു
  കരുതുന്നത്.
  മനുഷ്യമണമില്ലാത്ത മലയുടെ മടിയിൽ നിന്ന്
  വെരുണങ്ങാത്ത,
  ഒരു മരത്തിന്റെ കീഴിൽ നിന്ന്
  തണുപ്പിന്റെ വെളുത്ത പാടകൾ ഉരുകിയുടഞ്
  ദൈവത്തിന്റെ ശിരസ്സിൽ ഒളിച്ചിരുന്ന്.
  ഉൾഭവങ്ങളുടെ മുഖങ്ങൾക്കൊന്നും
  പേരും പെരുമയും കുറവല്ല.
  എന്നാലും,
  ആ തിമർപ്പിന്റെ ഓർമ ദിവസങ്ങളിൽ
  ചിലരെങ്കിലും,
  കാലം നോക്കി കര കവിയുന്നു.
  “ഇത്തറവാടിത്ത ഘോഷണത്തെ പോലെ”
  ഇടശ്ശേരി, കിഴുക്കിയത്
  മലയാളികളുടെ മണ്ടയ്ക്കു മാത്രമല്ല
  നാട്ടിലെ ,
  പുഴകളുടെ പിടലിക്കു കൂടിയാണ്
  എന്നു തോന്നി പോകും.
  കറുത്ത ചെട്ടിച്ചികൾ വേണം കടവ് നിറയാൻ.
  മുറിയാതെ പെരുകുന്ന
  പേമാരിയിൽ, പുര നിറഞ്ഞൊഴുകുന്നതാണ്
  ശീലം.
  മീനത്തിൽ മേലാട ഉണങ്ങിയാൽ കാണാം
  ഉന്തിയ വയറിലെ മണൽ വരമ്പുകൾ.
  ഉടഞ്ഞ നെഞ്ചിൽ കുഴിച്ചു വെച്ചിട്ടുണ്ട്
  വാരിയല്ലിനിടയിൽ ചുഴികൾ,
  ശ്വാസം മരിക്കുവാൻ.
  വർഷത്തിനും, വെയിലിനും ഇടയിൽ
  ഒരു കളിവട്ടം.
  അപ്പോഴാണ്, കരയിൽ തോണിക്കയ്യിൽ
  ആളനക്കവും വളകിലുക്കവും.
  മുങ്ങിയും പൊങ്ങിയും പ്രായങ്ങൾ
  ജല ക്രീഡാ കാലം.
  മലയിലെ മഴക്കൊരു മരം
  ഓരം പിടിച്ചൊരു തേങ്ങാകുല
  കരയിലെ കാവിൽ ആറാട്ട് വിളക്ക്
  സ്നാനത്തിനു ഒരു സരയൂ,
  യാത്രയ്ക്കും.
  ആഴ്ച കുർബാനക്ക് അക്കരെയ്ക്കു
  ഒരു തുഴച്ചിൽ.
  ഒഴുകുമോളങ്ങളെ നോക്കി നിസ്കരിക്കും
  നിലാവ്.
  പഴുത്ത മണൽ പുഴയാകുന്നത് ഇങ്ങനെയാണ്
  എവിടെയും.
  പങ്കു വെക്കൽ,
  ഒരു മഴ തീരും മുൻപേ, വെയിൽ മടങ്ങും മുൻപേ.
  ഉല്പത്തി മൂല മുതൽ എല്ലാ തടങ്ങളും.
  ജലം, മണ്ണ്, വായു
  മനുഷ്യൻ ദൈവത്തിനിട്ട പേരുകൾ വരെ.
  നിറയാൻ ചില ഖജനാവുകൾ.
  ശൂന്യമായി,
  ജ്ഞാനത്തിന്റെ അടിതട്ടുകൾ ,നീരടുക്കുകൾ.
  എളുപ്പമാണ്,
  പകർത്തി മാറ്റാൻ ചരിത്രം പോലെ
  ഒഴുക്കുകൾ.
  അടച്ചോ ഉണക്കിയോ അടക്കം ചെയ്യപ്പെടുന്നു
  ഉറവകൾ.
  അകാല മരണത്തിനു
  അരനാഴിക പോലും വേണ്ട യാത്ര.
  കിതച്ച നദിയുടെ ചുമലിൽ
  സമർപ്പയാമി.
  വൃത്തിയുടെ വിഴുപ്പുകൾ, ശാന്തിയുടെ ശവങ്ങൾ
  നീന്തുന്നവന്റെ മുതുകിൽ,
  സൗകര്യപൂർവം എറിഞ്ഞു വെച്ചു,
  ഒഴുക്കുവാൻ ശിഷ്ടങ്ങൾ,
  അവനവന്റെ, അപരന്റെ.
  വീണും ഇഴഞ്ഞും
  തീർ ന്നതാണ് വഴി നിങ്ങാനാവാതെ
  പകുതിയിൽ.
  കടൽ, കാത്തിരിക്കുന്നതാണ്
  വെറുതെ.
  രൂപമില്ലാത്ത അതിഥിയെ ,
  ആരു വരാൻ.
  • Blogger Comments
  • Facebook Comments
  Item Reviewed: കടലെടുക്കുന്ന പുഴ Rating: 5 Reviewed By: Unknown
  Scroll to Top